Skip to main content

സഹിഷ്ണുത

സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് സഹിഷ്ണുത. എന്നാല്‍ ആധുനിക കാലഘട്ടം വിയോജിപ്പുകളെ വിരോധങ്ങളായി കാണുകയും പകയിലേക്കും വൈരാഗ്യങ്ങളിലേക്കും  കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന ഒരു കാലാമായി മാറുകയാണ്. മതം, ജാതി, രാഷ്ട്രീയം, വര്‍ണം, വര്‍ഗം, വിശ്വാസം, നാട്, ആഹാരം, വേഷം, ജോലി,  ചിന്ത, ആചാരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുക്കളായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നു. 

അല്ലാഹുവിന്റെ ഏകത്വവും മാനവരാശിയുടെ ഏകത്വവും ദൈവഭക്തന്മാരുടെ ഏക ഭാവവും ഉദ്‌ഘോഷിക്കുന്ന മതമാണ് ഇസ്‌ലാം. ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികള്‍ എന്ന നിലക്ക് മനുഷ്യസമൂഹം ഭിന്നതകളെല്ലാം മാറ്റിവെച്ച് ഒന്നായി കഴിയേണ്ടവരാണ്.

മനുഷ്യ സമൂഹം ഒരു ജാതിയാണ്. വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും വേര്‍തിരിവുകള്‍ മാറ്റിവെച്ച് മനുഷ്യര്‍ എന്ന നിലക്ക് പരസ്പരം ആദരവും സ്‌നേഹവും നിലനിര്‍ത്തി ജീവിക്കേണ്ടവരാണെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'ദൈവത്തിന്റെ നിരവധി സൃഷ്ടികളെക്കാള്‍ അല്ലാഹു മനുഷ്യന് ഔന്നത്യം നല്‍കിയിട്ടുണ്ട് '(17:70). മാതാപിതാക്കളും ബന്ധുക്കളും അമുസ്‌ലിംകളായിരുന്നാലും അവര്‍ മാതാപിതാക്കളും ബന്ധുക്കളും അല്ലാതാകുന്നില്ല. അല്ലാഹു പറയുന്നു. ''നിനക്ക് അറിവില്ലാത്തത് എന്നില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ നീ അവരെ അനുസരിക്കരുത്. എന്നാല്‍ നല്ല നിലക്ക് അവരിരുവരോടും ഭൗതിക കാര്യങ്ങളില്‍ സഹവസിക്കുക'' (31:15).

അസമാഅ്(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ബഹുദൈവ വിശ്വാസിയായിരുന്ന എന്റെ മാതാവ് സഹായം ചോദിച്ചു കൊണ്ട് എന്റെ അടുത്ത് വരികയുണ്ടായി. ഞാന്‍ ഇതിനെക്കുറിച്ച് നബി(സ്വ)യോട് മതവിധി അന്വേഷിച്ചു. അവരുടെ കുടുംബബന്ധം നിലനിര്‍ത്തേണ്ടതുണ്ടോ എന്നായിരുന്നു എനിക്ക് അറിയേണ്ടത്. നബി(സ്വ) പറഞ്ഞു. നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക (ബുഖാരി).

വിമതസ്ഥരുമായി നല്ല മാനുഷിക ബന്ധം നിലനിര്‍ത്താന്‍ ഇസ്്‌ലാം വിശ്വാസികളോടാവശ്യപ്പെടുന്നു. ഒരിക്കല്‍ ഒരു മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ നബി(സ്വ) ആദരപൂര്‍വ്വം എഴുന്നേറ്റു നിന്നു. അനുചരന്മാര്‍ അത്ഭുതത്തോട ചോദിച്ചു. അത് ഒരു ജൂതന്റെ ശവമല്ലേ? പ്രവാചകന്‍(സ്വ) പ്രതിവചിച്ചത് 'അദ്ദേഹവും മനുഷ്യനല്ലേ' എന്നായിരുന്നു (ബുഖാരി-മുസ്്‌ലിം).

സഹോദരങ്ങള്‍ എന്ന നിലക്ക് മനുഷ്യരുടെ പൊതു ആവശ്യങ്ങളില്‍ പരസ്പരം സഹകരിക്കാനും മാനുഷിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ബാധ്യതകള്‍ നിര്‍വ്വഹിക്കാനും ഇസ്്‌ലാം പഠിപ്പിക്കുന്നു. ഇസ്്‌ലാമിന്റെ ബദ്ധ വൈരികളായ ജൂതരോടു പോലും സൗഹൃദം നിലനിര്‍ത്തിയതിന്റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും ഉദാഹരണങ്ങള്‍ നബി(സ്വ)യുടെ ജീവിതത്തിലുണ്ട്. നബി(സ്വ)യെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ജൂത സ്ത്രീയുടെ ശല്യപ്പെടുത്തല്‍ ഒരു ദിവസം ഇല്ലാതായപ്പോള്‍ നബി(സ്വ) വിവരമന്വേഷിച്ചു. അപ്പോള്‍ അവര്‍ രോഗിയാണെന്ന് അറിഞ്ഞു. ഉടന്‍ തിരുദൂതര്‍ വീട്ടില്‍ ചെന്ന് അവരെ സന്ദര്‍ശിച്ചു.

ഇസ്‌ലാം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മതമാണെന്ന് നബി(സ്വ)യുടെ ജീവിതം കൊണ്ട് മാതൃക കാണിച്ചുതന്നു. വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ അന്യമതസ്ഥര്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനും ആരാധന നിര്‍വഹിക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബി(സ്വ)യുമായി സംസാരിക്കാന്‍ മസ്ജിദുന്നബവിയില്‍ വന്നു. അവരുടെ പ്രാര്‍ഥനാ സമയമായപ്പോള്‍ ബയ്തുല്‍ മുഖദ്ദസിന് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് നബി(സ്വ) അനുമതി നല്‍കി (സാദുല്‍ മആദ്. 3:629).

വൈവിധ്യങ്ങളെ വസ്തുതയായി അംഗീകരിച്ച് വൈരുധ്യങ്ങളുടെ കാതലില്‍ വിയോജിച്ചും മാനുഷികമായ സഹവര്‍ത്തിത്വം പുലര്‍ത്താന്‍ കഴിയണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹവര്‍ത്തിത്വത്തിന്റെ മുന്‍ ഉപാധിയാണ് സഹിഷ്ണുത. അമുസ്‌ലിം സമൂഹത്തോടുള്ള സഹിഷ്ണുതയില്‍ അധിഷ്ഠിതമായ സഹവര്‍ത്തനത്തിന്റെ രീതി അല്ലാഹു പഠിപ്പിക്കുന്നു. ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

നബി(സ്വ)യുടെ മക്കാജീവിത കാലഘട്ടത്തില്‍ ഏറെ ദുരിതങ്ങള്‍ അമുസ്‌ലിംകളില്‍ നിന്ന് സഹിക്കേണ്ടി വന്നപ്പോഴും നബി(സ്വ) സഹിഷ്ണുത നിലനിര്‍ത്തിക്കൊണ്ട് അവരോട് സഹവര്‍ത്തിച്ചു. മദീനയിലെത്തിയ ശേഷവും ജൂതന്‍മാരുമായും അമുസ്‌ലിം ഗോത്രത്തലവന്‍മാരുമായും നബി(സ്വ) സഖ്യത്തിലേര്‍പ്പെട്ടു. സഖ്യകക്ഷികളുടെ ആദര്‍ശ ഭിന്നത മദീന എന്ന നാടിനെ അക്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ച് നേരിടാന്‍ മുസ്‌ലിംകള്‍ക്ക് തടസ്സമായിരുന്നില്ല.

 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446