Skip to main content

ഉദാരത

സമ്പത്തിന്റെ സാക്ഷാല്‍ ഉടമ അല്ലാഹുവാണ്. സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവും അവന്‍ തന്നെ. മനുഷ്യന് സമ്പത്തും മറ്റ് അനുഗ്രഹങ്ങളും പരീക്ഷണമായിട്ട് അല്ലാഹു നല്‍കിയതാണ്. ദാതാവ് ഇഛിക്കുംവിധം അവ കൈകാര്യം ചെയ്യാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ലുബ്ധ് കാണിക്കാതെ അതിന് അവകാശപ്പെട്ടവര്‍ക്ക് നല്‍കാനുള്ള വിശാല മനസ്‌കതയാണ് വേണ്ടത്. സമ്പത്ത് ചെലവഴിക്കുന്നതില്‍ പിശുക്കിന്റെയും ധൂര്‍ത്തിന്റെയും മധ്യേയുള്ള മിതസമീപനം വേണമെന്ന് അല്ലാഹു കല്പിക്കുന്നു. നന്മയുടെ വഴിയില്‍ സമ്പത്ത് ചെലവഴിക്കാനുള്ള ഉദാരമനസ്‌കത കാണിക്കുന്നവര്‍ക്ക് അല്ലാഹു കണക്കറ്റ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ''ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ. ഒരു ധാന്യമണി, അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്'' (2:261).

''അടിമകളിലാരും പ്രഭാതം പ്രാപിക്കുന്നില്ല, രണ്ടു മലക്കുകള്‍ ഇറങ്ങിയിട്ടല്ലാതെ. അവരിലൊരാള്‍ പ്രാര്‍ഥിക്കും: അല്ലാഹുവേ, ധനം വ്യയം ചെയ്യുന്നവന് നീ പിന്നെയും നല്‍കേണമേ. അപരന്‍ പ്രാര്‍ഥിക്കും: ധനം ചെലവഴിക്കാതെ പിശുക്കുന്നവന് നീ നാശം വരുത്തേണമേ.'' (ബുഖാരി, മുസ്‌ലിം). ആഇശ(റ) പറയുന്നു. ''അവര്‍ ഒരാടിനെ അറുത്ത് ദാനം ചെയ്തു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ബാക്കി എന്തുണ്ട്? ആഇശ(റ) പറഞ്ഞു: അതിന്റെ ചുമലല്ലാതെ ഒന്നും ബാക്കിയില്ല. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു. ചുമലല്ലാത്തതെല്ലാം ബാക്കിയായിരിക്കുന്നു'' (തിര്‍മിദി).

രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് നാട്ടില്‍ കടുത്ത ക്ഷാമം ബാധിച്ചു. ഭക്ഷ്യവസ്തുക്കള്‍ വിലകൊടുത്താലും കിട്ടാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ് സിറിയയില്‍ നിന്ന് ധാരാളം ചരക്കുകളുമായി ഒരു കച്ചവടസംഘം മദീനയിലെത്തിയത്. അതോടെ വ്യാപാരികളെല്ലാം ഒത്തുകൂടി. അവര്‍ സാധനങ്ങള്‍ക്ക് വില പറഞ്ഞു. മൂന്നിരട്ടി വരെ ലാഭം നല്‍കാന്‍ അവര്‍ സന്നദ്ധരായി. പക്ഷേ, ചരക്കുകളുടെ ഉടമയായ ഉസ്മാനുബ്‌നുഅഫ്ഫാന്‍ അത് വില്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വമ്പിച്ച തുക വാഗ്ദാനം ചെയ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ''എനിക്ക് അതിന്റെ എത്രയോ ഇരട്ടി ലാഭം ലഭിച്ചുകഴിഞ്ഞു. ഇത് അവിടെ ഒരുമിച്ചുകൂടി കച്ചവടക്കാരെയൊക്കെ അത്ഭുതപ്പെടുത്തി. അവര്‍ ചോദിച്ചു. ''ഈ സാധനങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വില നല്‍കാന്‍ തയ്യാറായത് ആരാണ്?''. അല്ലാഹു. അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ തരാമെന്ന് പറഞ്ഞതിന്റെ എത്രയോ ഇരട്ടി ലാഭമാണ് അവന്‍ വാഗ്ദാനം ചെയ്തത്. അതിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? ഉസ്മാനുബ്‌നുഅഫ്ഫാന്‍ തിരിച്ചു ചോദിച്ചു. അതോടെ കച്ചവടക്കാരെല്ലാം പിരിഞ്ഞുപോയി. ഉസ്മാന്‍ ആ ചരക്കെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്തു.

ഉദാരത സമ്പന്നര്‍ക്കുമാത്രം ബാധകമല്ല. അതൊരു മാനസികാവസ്ഥയാണ്. ഓരോരുത്തരും അവരവരുടെ സാധ്യതയ്ക്കനുസരിച്ച് ഉദാരരായിരിക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ്വ) പറഞ്ഞു. ''ഒരു കാരക്കക്കീറുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. (ബുഖാരി, മുസ്‌ലിം).'' നബി(സ്വ) പറഞ്ഞു; ''നീ നിന്റ കൂട്ടുകാരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ദാനമാണ്. കണ്ണില്ലാത്തവര്‍ക്ക് വഴി കാട്ടുന്നതും വഴിതെറ്റിയവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്നതും വഴിയില്‍നിന്ന് മാലിന്യവും മുള്ളും, എല്ലും നീക്കം ചെയ്യുന്നതും ദാനമാണ്. നിന്റെ പാത്രത്തില്‍ നിന്ന് സഹോദരന്റെ പാത്രത്തിലേക്ക് വെള്ളമൊഴിച്ചുകൊടുക്കുന്നതും കാഴ്ചക്കുറവുള്ളയാളെ വഴി നടത്തുന്നതും നിനക്കുള്ള ദാനമാണ്'' (തിര്‍മിദി).

പ്രവാചകശിഷ്യന്മാരില്‍ സാമ്പത്തികശേഷിയുള്ള വ്യക്തിയായിരുന്നു അബൂത്വല്‍ഹ. അദ്ദേഹത്തിന് ബൈറുഹാ എന്ന പേരിലറിയപ്പെടുന്ന ഒരു തോട്ടമുണ്ടായിരുന്നു. ഫലസമൃദ്ധിയിലും ജലലഭ്യതയിലും അതിനെ കവച്ചുവെക്കുന്ന ഒരു തോട്ടവും മദീനയിലുണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം പ്രവാചക സന്നിധിയിലെത്തിയപ്പോള്‍ അവിടുന്ന് ''നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യും വരെ പുണ്യം നേടാനാവില്ല'' എന്ന ഖുര്‍ആന്‍ സൂക്തം (3:92) പാരായണം ചെയ്തു. ഇതുകേട്ട അബൂത്വല്‍ഹ നബിതിരുമേനിയോട് പറഞ്ഞു. ''എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ബൈറുഹാ തോട്ടമാണ്. ഞാന്‍ അത് അല്ലാഹുവിന്റ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നു. അതിന്റെ പുണ്യവും പ്രതിഫലവും അല്ലാഹുവിങ്കല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു ഇഛിക്കുന്ന മാര്‍ഗത്തില്‍ അങ്ങ് അത് വിനിയോഗിച്ചാലും''

താങ്കളുടെ പ്രവൃത്തി വളരെ നന്നായിരിക്കുന്നു. അത് ലാഭകരമായ കച്ചവടം തന്നെ. നബി തിരുമേനി തന്റെ അനുചരനെ അനുമോദനമറിയിച്ചു. അങ്ങനെ മദീനയിലെ ഏറ്റവും വിലപിടിച്ച ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടം പൊതുസ്വത്തായി മാറി. അതിന്റെ ദാതാവ് അബൂത്വല്‍ഹ അനശ്വര സൗഭാഗ്യത്തിന്റെ ഉടമയും.

പരസ്യമായ ദാനത്തേക്കാള്‍ അല്ലാഹുവിനിഷ്ടം രഹസ്യമായി ചെയ്യുന്ന ദാനമാണ്. നബി(സ്വ) പറയുന്നു ''സദ്പ്രവര്‍ത്തനങ്ങളുടെ സദ്ഫലം തിന്മയുടെ വിപത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്നു. രഹസ്യമായ ദാനം അല്ലാഹുവിന്റെ കോപത്തെ കെടുത്തുന്നു. കുടുംബബന്ധം ചേര്‍ക്കുന്നത് ആയുസ് ദീര്‍ഘിപ്പിക്കുന്നു'' (ത്വബറാനി). പ്രവാചകന്‍(സ്വ) പറയുന്നു. ''നിങ്ങളുടെ സമ്പത്തിനെ സകാത്തുകൊണ്ട് ശുദ്ധീകരിക്കുക, രോഗത്തെ ദാനം കൊണ്ട് ചികിത്സിക്കുക, പ്രതിസന്ധികളുടെ അലകളെ പ്രാര്‍ഥനയും കീഴ്‌വണക്കവും വഴി നേരിടുക'' (അബൂദാവൂദ്).

അത്യുദാരനായ അല്ലാഹു വാഗ്ദാനം ചെയ്ത സ്വര്‍ഗത്തില്‍ സവിശേഷമായ കവാടം ഉദാരമതികള്‍ക്ക് ഉണ്ടാവുമെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. വിശ്വാസി തന്റെ ജീവിതത്തിലുടനീളം നിലനിര്‍ത്തേണ്ട സത്ഗുണമാണ് ഉദാരമനസ്‌കത.

Feedback