Skip to main content

കാരുണ്യം

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. പരമകാരുണികനായ അല്ലാഹുവിന്റെ ദയാവായ്പിന്റെയും അങ്ങേയറ്റത്തെ കാരുണ്യത്തിന്റെയും നിദര്‍ശനങ്ങള്‍ പ്രപഞ്ച സൃഷ്ടിയില്‍ വ്യാപിച്ചുകിടക്കുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ മുഖ്യമായത് പരമകാരുണികന്‍, കരുണാനിധി (അര്‍റഹ്മാന്‍, അര്‍റഹീം) എന്നിവയാണ്. കാരുണ്യത്തിന്റെ നിറകുടമായ പ്രവാചകന്‍(സ്വ) പഠിപ്പിച്ചു: 'നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും'. 

കാരുണ്യം എന്നത് മനുഷ്യന്റെ ജന്മസിദ്ധവികാരമാണ്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്നത് കാരുണ്യത്തിലധിഷ്ടിതമായ സഹവാസം കൊണ്ടാണ്. ഒരിക്കല്‍ പ്രവാചകന്‍(സ്വ) തന്റെ പേരമക്കളെ ചുംബിക്കുന്നത് അഖ്‌റഅബ്‌നു ഹാബിസ് കാണാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്ക് പത്തു മക്കളുണ്ട് ഞാന്‍ അതിലൊരാളെയും ചുംബിച്ചിട്ടില്ല''. അപ്പോള്‍ നബി(സ്വ) യുടെ മറുപടി ഇപ്രകാരമായിനുന്നു. ''കരുണ കാണിക്കാത്തവന് കരുണ കിട്ടുകയില്ല (ബുഖാരി). 

മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി നടത്തേണ്ട പ്രാര്‍ഥനയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുതന്നിട്ടുള്ള 'എന്നെ ചെറുപ്രായത്തില്‍ പോറ്റി വളര്‍ത്തിയപോലെ നീ അവരോട് രണ്ട് പേരോടും കരുണ കാണിക്കേണമേ' (17 :22) എന്ന സൂക്തത്തിലും സ്‌നേഹ കാരുണ്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലേക്ക് സൂചനയുണ്ട്. 

രണ്ടാം ഖലീഫ ഉമര്‍ഫാറൂഖ്(റ) ഭരണ യോഗ്യതയും കര്‍മോത്സുകതയുമുള്ള ഒരാളെ കണ്ടെത്തി ഗവര്‍ണറായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. നിയമന ഉത്തരവ് എഴുതുകയും ചെയ്തു. ഇതിനിടെ സംസാരമധ്യേ മനസ്സിലായി, അയാള്‍ തന്റെ മക്കളെപ്പോലും ചുംബിക്കാറില്ലെന്ന്. ഉടനെ നിയമനം റദ്ദാക്കി. ഖലീഫ പറഞ്ഞു; ''സ്വന്തം സന്താനങ്ങളോട് കരുണ കാണിക്കാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ജനങ്ങളോട് ദയാമയനാവാന്‍ കഴിയുക!'' കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍, തന്നെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്ന മാതാക്കളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി റസൂല്‍(സ്വ) നമസ്‌കാരം ലഘൂകരിച്ചിരുന്നു. യുദ്ധ സന്ദര്‍ഭങ്ങളില്‍പോലും സ്ത്രീകളെയും കുട്ടികളെയും അബലരെയും വധിക്കരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു.

മനുഷ്യരോട് മാത്രമല്ല മിണ്ടാപ്രാണികളായ ജീവികളോട് പോലും കരുണയോടെ വര്‍ത്തിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ''വഴിയിലൂടെ സഞ്ചരിക്കുന്ന ദാഹാര്‍ത്തനായ വ്യക്തി ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. ദാഹം ശമിച്ചു. കരക്ക് കയറിയപ്പോള്‍ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു. അയാള്‍ പറഞ്ഞു: എന്നെ വിഷമിപ്പിച്ചപോലുള്ള ദാഹം ഈ നായയെയും ബാധിച്ചിരിക്കുന്നു. അയാള്‍ കിണറ്റിലിറങ്ങി പാദരക്ഷയില്‍ വെള്ളം നിറച്ച് കടിച്ചു പിടിച്ച് കരപറ്റി. വെള്ളം നായയുടെ മുമ്പില്‍ വെച്ച് കൊടുത്തു. നായയുടെ ദാഹമകറ്റി. അല്ലാഹു അയാളെ തൃപ്തിപ്പെട്ടു. അയാള്‍ക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു.'' ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. ''അല്ലാഹുവിന്റെ ദൂതരേ, നാല്‍കാലികളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?'' തിരുമേനി പ്രതികരിച്ചു. ''പച്ചക്കരളുള്ള എല്ലാറ്റിലും പുണ്യമുണ്ട്.'' 

കഷ്ടതയനുഭവിക്കുന്നവരോട് കരുണ കാണിച്ച് അവന്റെ പ്രായസങ്ങളകറ്റിക്കൊടുക്കാന്‍ അല്ലാഹു ശക്തമായി നിര്‍ദേശിക്കുന്നു. മതനിഷേധിയുടെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആനില്‍ വിവരിച്ചത് ഇപ്രകാരമാണ്. ''ദരിദ്രന്മാര്‍ക്ക് ആഹാരം നല്‍കുന്നതിന് അവര്‍ പ്രേരിപ്പിക്കാത്തവരുമായിരുന്നു'' (69:34) (107:3). 

ഒരു പൂച്ച കാരണമായി ഒരു സ്ത്രീ നരകവകാശിയായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍ അവളതിനെ കെട്ടിയിട്ടു. ആഹാരം നല്‍കിയില്ല. ഭൂമിയിലെ പ്രാണികളെ ഭക്ഷിക്കാന്‍ അഴിച്ചുവിട്ടതുമില്ല. കാരുണ്യം തീണ്ടാത്ത ഇത്തരം ക്രൂരത നിറഞ്ഞ പെരുമാറ്റം ജീവികളോട് പോലും കാണിക്കാന്‍ പാടില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചുതന്ന ഒരു കഥയാണിത്. 

രോഗിയോട് കരുണ കാണിക്കേണ്ടതിന്റെ ഭാഗമായിട്ടാണ് നബി(സ്വ) രോഗിയെ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും പഠിപ്പിച്ചത്. കുഷ്ഠരോഗികളുടെ കൂടെ മുഹമ്മദ് നബി ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷിക്കാറുണ്ടായിരുന്നു (തിര്‍മിദി). അനാഥര്‍, അഗതികള്‍, വിധവകള്‍ എന്നിവരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു തന്നതിലൂടെ ഇസ്‌ലാമിന്റെ കാരുണ്യത്തിന്റെ മുഖമാണ് നബി(സ്വ) നമുക്ക് വ്യക്തമാക്കിത്തരുന്നത്. പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്ന് ആവലാതിപ്പെട്ടത് മനസ്സിന്റെ കാരുണ്യത്തെക്കുറിച്ചായിരുന്നു. നബി(സ്വ) അതിന് നിര്‍ദേശിച്ചുകൊടുത്ത മറുമരുന്ന് അനാഥക്കുട്ടികളുടെ ശിരസ്സില്‍ തലോടുക എന്നതായിരുന്നു. കാരണം അത് മനസ്സ് മാര്‍ദവമുള്ളതാക്കാന്‍ ഉപകരിക്കും (ത്വബ്‌റാനി).

വിധവകളായി കഴിയുന്ന സ്ത്രീകളുടെ വിഷമത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയെക്കുറിച്ച് റസൂല്‍(സ്വ) പറഞ്ഞു. ''വിധവകള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയാണ്'' (ബുഖാരി മുസ്‌ലിം).

കടബാധ്യതയടക്കമുള്ള പ്രയാസങ്ങളില്‍പെട്ട് ഞെങ്ങിഞെരുങ്ങി കഴിയുന്നവന്റെ ആശ്വാസത്തിനായി പ്രയത്‌നിക്കുന്നവന്റെ പ്രയാസങ്ങള്‍ ഇഹത്തിലും പരത്തിലും അല്ലാഹു ദുരീകരിച്ചുകൊടുക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. യാചന പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വല്ലവരും ചോദിച്ചുവന്നാല്‍ അവരെ ആട്ടിയകറ്റരുതെന്ന് അല്ലാഹു പഠിപ്പിക്കുന്നു (93:10). തൊഴിലാളിയെക്കൊണ്ട് ഭാരിച്ച തൊഴിലുകള്‍ ചെയ്യിക്കുന്നതും ചെയ്ത ജോലിക്ക് കൂലി നല്‍കാതെ ചൂഷണം ചെയ്യുന്നതുമെല്ലാം അന്ത്യദിനത്തില്‍ ശിക്ഷയര്‍ഹിക്കുന്ന പാപമായി ഇസ്‌ലാം പഠിപ്പിക്കുന്നു. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ അനുശാസനങ്ങളിലും പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ജീവിതരീതികളിലും സഹജീവി സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അടയാളങ്ങള്‍ കാണാന്‍ കഴിയും. പ്രവാചകന്‍(സ്വ)യുടെ ദൗത്യനിര്‍വഹണം പോലും പൂര്‍ണ വിജയം നേടാനായത് അദ്ദേഹത്തിന്റെ കരുണനിറഞ്ഞ, സൗമ്യത പുലര്‍ത്തുന്ന പെരുമാറ്റം കൊണ്ടാണെന്ന് അല്ലാഹു അറിയിക്കുന്നു. ''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക (3:159).

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445