Skip to main content

മിതവ്യയം

മിതത്വം ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. ആരാധനയില്‍ പോലും മധ്യമനിലപാട് സ്വീകരിക്കാനാണ് റസൂല്‍(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത്. സമ്പത്ത് വിനിയോഗിക്കുന്ന വിഷയത്തിലാണെങ്കില്‍ പിശുക്കും ധൂര്‍ത്തും വര്‍ജ്യമാണ്. രണ്ടിന്റെയും മധ്യേയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന രാജമാര്‍ഗം. അല്ലാഹു പറയുന്നു 'ചെലവഴിക്കുമ്പോള്‍ അവര്‍ പരിധി വിടുകയില്ല. പിശുക്ക് കാണിക്കുകയില്ല. രണ്ടിനുമിടക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍' (25:67) നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദു:ഖിതനുമായിത്തീരും (17:29).

മനുഷ്യശരീരത്തിന്റെ നിലനില്‍പ്പിനും പോഷണത്തിനും ഉതകുന്നവിധം അല്ലാഹു അനുവദിച്ചത് മാത്രം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. അമിതത്വം കാണിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു: 'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷേ പരിധി ലംഘിക്കരുത്. അതിര് ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല' (7:31).

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍ പോലും വുദു എടുക്കുമ്പോള്‍ വെള്ളം ആവശ്യത്തിലധികം ഉപയോഗിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. സഅ്ദ് വുദു എടുത്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി(സ്വ) ചോദിച്ചു 'ഇതെന്ത് ദുര്‍വ്യയമാണ് സഅ്‌ദേ? വുദുവിലും അമിത വ്യയമുണ്ടോ? സഅ്ദ് ആരാഞ്ഞു. ''ഉണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും'' (അഹ്മദ്).

ധൂര്‍ത്ത് സംഭവിച്ചേക്കാവുന്ന എല്ലാറ്റിനേയും നബി(സ്വ) ശക്തമായി വിലക്കി. വീട് നിര്‍മാണം, വസ്ത്രങ്ങള്‍, ആഹാരപാനീയങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം  അമിതവ്യയം കടന്നുവരുന്ന രംഗങ്ങളാണ്. പൊങ്ങച്ചത്തിനും ആര്‍ഭാടത്തിനും വേണ്ടി ധൂര്‍ത്തന്മാരായിത്തീരുന്ന ആളുകളെ പിശാചിന്റെ സഹോദരങ്ങള്‍ എന്നാണ് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്. ആദ്, സമൂദ് സമുദായങ്ങള്‍ക്കെല്ലാമുണ്ടായ ദുരന്തപരിണതി ധൂര്‍ത്തിനെതിരെ സ്വീകരിക്കേണ്ട മിതത്വനിലപാട് പഠിപ്പിക്കുന്നു. ഹിജ്‌റയുടെ മുമ്പ് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ അല്ലാഹു വിരോധിച്ച ഗുരുതരമായ കുറ്റമാണ് ധൂര്‍ത്തും ദുര്‍വ്യയവും. അതിനാല്‍ നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത വ്യവഹാര രംഗങ്ങളില്‍ മിതത്വം ശീലിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അടയാളങ്ങളില്‍പ്പെട്ടതാണ് ഗൗരവവും മിതത്വവും (തുര്‍മുദി).

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445