Skip to main content

സദ്‌വൃത്തരുമായുള്ള സഹവാസം

ഏതൊരാളുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ സഹവസിക്കുന്ന കൂട്ടുകാര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്നത് കേവലം ചൊല്ലായി അവഗണിക്കാവുന്നതല്ല.  അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി. ഒരാള്‍ തന്റെ സ്‌നേഹിതന്റെ നിലപാടിലായിരിക്കും അതുകൊണ്ട് നിങ്ങള്‍ ഓരോരുത്തരും ചിന്തിച്ചു കൊണ്ടു സ്‌നേഹിതനെ തിരഞ്ഞെടുക്കുക (അബൂദാവൂദ്, തിര്‍മിദി).


നല്ല ചങ്ങാത്തമാണ് നന്മയിലേക്ക് നയിക്കുന്നത്, ചീത്ത കൂട്ടുകെട്ട് വഴികേടിലേക്ക് എത്തിക്കും. ധാര്‍മിക ബോധമുള്ള സഹോദരനെ ചങ്ങാതിയായി സ്വീകരിച്ചാല്‍ സദാചാര നിഷ്ഠമായ ജീവിതത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. നബി(സ്വ) നല്ല ചങ്ങാതിയെയും ചീത്ത കൂട്ടുകാരനെയും ഉപമിക്കുന്നത് കാണുക. 'ഒരു നല്ല സ്‌നേഹിതന്റെയും ചീത്ത സ്‌നേഹിതന്റെയും ഉപമ കസ്തൂരി വഹിക്കുന്നവന്റെയും ഉലയില്‍ ഊതുന്നവന്റെയും ഉപമയാണ്. കസ്തൂരി വഹിക്കുന്നവന്‍ നിനക്ക് സൗജന്യമായി അത് നല്‍കിയേക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് നല്ല വാസന നിനക്ക് അനുഭവിക്കുകയെങ്കിലും ചെയ്യാം. ഉലയില്‍ ഊതുന്നവനോ ചിലപ്പോള്‍ നിന്റെ വസ്ത്രം കരിക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് ദുര്‍ഗന്ധമാണ് നിനക്കനുഭവപ്പെടുക' (ബുഖാരി 2569-മുസ്‌ലിം 2628).


മുഹമ്മദ് നബി(സ്വ)യുടെ സന്തത സഹചാരിയും വിശ്വസ്ത സുഹൃത്തുമായിരുന്നു അബൂബക്ര്‍ സിദ്ദീഖ്(റ). അതുകൊണ്ട് തന്നെ നബി(സ്വ)യുടെ വാക്കുകള്‍ സംശയലേശമന്യേ അപ്പടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന അബൂബക്കര്‍ സിദ്ദീഖ്(റ) ആദ്യവിശ്വാസികളില്‍ ഒരാളായി ചരിത്രത്തില്‍ അറിയപ്പെട്ടു. നബി(സ്വ)യുടെ വിയോഗാനന്തരം മുസ്‌ലിംകളുടെ നേതൃത്വമെറ്റെടുക്കാനുള്ള യോഗ്യത നബിയുടെ ഉറ്റ സുഹൃത്ത് എന്ന നിലക്ക് അബൂബക്കര്‍ സിദ്ദീഖ്(റ)നായിരുന്നു.


നന്മയിലേക്ക് നമ്മെ നയിക്കുന്നവരും തിന്മയില്‍ നിന്ന് നമ്മെ തടഞ്ഞുനിര്‍ത്തുന്നവരുമായിരിക്കണം നമ്മുടെ കൂട്ടുകാര്‍. സമ്പത്ത്, സൗന്ദര്യം, ഭൗതികമായ  സ്ഥാനമാറ്റങ്ങള്‍, അധികാര പദവികള്‍, കുടുംബ മഹിമ മുതലായവ മാനദണ്ഡമാക്കി സുഹൃത്തുക്കളെ തിരഞ്ഞെടുത്താല്‍ ആ സൗഹൃദം സദാചാര നിഷ്ഠമായ ജീവിതത്തിലേക്ക് നമ്മെ എത്തിച്ചുകൊള്ളണമെന്നില്ല. അല്ലാഹുവിനെയും റസൂലിനേയും സ്‌നേഹിക്കുന്ന, പരലോക നന്മ ആഗ്രഹിക്കുന്ന സദ്‌വൃത്തരായ സുഹൃത്തുക്കളുമായുള്ള സഹവാസം, സ്വര്‍ഗം എന്ന സൗഭാഗ്യം നമുക്ക് നേടിത്തരും. ഇതിനു വിരുദ്ധമായി സൗഹൃദ ബന്ധം ഉണ്ടാക്കിയാല്‍ പരലോകത്ത് നഷ്ടക്കാരില്‍ ഉള്‍പ്പെട്ടു പോകുകയും ചെയ്യും. അല്ലാഹു പറയുന്നു. അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം അവന്‍ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്റെ കഷ്ടമേ, ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എനിക്ക് ബോധനം വന്നു കിട്ടിയതിന് ശേഷം അതില്‍ നിന്ന് അവരെന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു(25:27-29). 


അല്ലാഹുവിന്റെ പേരില്‍ സൗഹൃദബന്ധം നിലനിര്‍ത്താനും സ്‌നേഹത്തിന്റെ ഇഴയടുപ്പം ആദര്‍ശത്തിന്റെ പേരില്‍ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ തണല്‍ അല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസം അല്ലാഹു പ്രത്യേകം നിഴലിട്ടു കൊടുക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്(ബുഖാരി 2-119, മുസ്‌ലിം 1032).
 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446