Skip to main content

ലജ്ജ

തിന്മകളുടെയും തെറ്റുകളുടെയും വാതിലടച്ചുകളയുന്ന ഒരു സദ്‌സ്വഭാവമായിട്ടാണ് ലജ്ജാശീലത്തെ ഇസ്‌ലാം കാണുന്നത്. അത് മനുഷ്യനെ സംസ്‌കാരസമ്പന്നനും മാന്യനുമാക്കുന്നു. ലജ്ജ എന്ന സദ്ഗുണം അവനില്‍നിന്ന് നീക്കപ്പെടുന്നതിലൂടെ അവന്റെ സാംസ്‌കാരികപതനം തുടങ്ങുന്നു. അതുകൊണ്ടാണ് നബി(സ്വ) ഇപ്രകാരം പറഞ്ഞത്. ''പൂര്‍വപ്രവാചക വചനങ്ങളില്‍ നിന്ന് ജനം പഠിച്ചിട്ടുണ്ട്; ലജ്ജയില്ലെങ്കില്‍ തോന്നിയതൊക്കെ ചെയ്യും'' (ബുഖാരി).

ലജ്ജ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. നഗ്നത മറയ്ക്കാനും കുറ്റകൃത്യങ്ങളോട് അകലം പാലിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവനിലുള്ള ലജ്ജാ ബോധമാണ്. നബി(സ്വ) പറഞ്ഞു: ''ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്'' (ബുഖാരി-മുസ്‌ലിം). ''ലജ്ജ നന്മയല്ലാതെയൊന്നും വരുത്തുകയില്ല'' (മുസ്‌ലിം). ''അന്തഃപുരത്തിലിരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലനായിരുന്നു നബി(സ്വ)'' (ബുഖാരി-മുസ്‌ലിം).

ലജ്ജ നന്മയുടെ ഉറവിടവും, വിശ്വാസത്തിന്റെ അനിവാര്യതയുമാണ്. വിശ്വാസവും ലജ്ജയും പരസ്പരബന്ധിതമാണ്. നബി(സ്വ) പറഞ്ഞു: ''ലജ്ജയും വിശ്വാസവും സഹചാരികളാണ്. ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും ഇല്ലാതാകും'' (അൽ ഹാകിം).

ലജ്ജയും മാന്യതയും അഭേദ്യമാംവിധം ബന്ധപ്പെട്ടു നില്‍ക്കുന്നു. മാന്യന്മാരെല്ലാം ലജ്ജയുള്ളവരായിരിക്കും. ലജ്ജ മാന്യതയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: '' അശ്ലീലതയുള്ളത് അതിനാല്‍ തന്നെ വഷളായിത്തീരുന്നു. ലജ്ജാബോധം അക്കാരണത്താല്‍ തന്നെ അലങ്കാമായിത്തീരുന്നു'' (തിര്‍മിദി). തനിച്ചാകുമ്പോള്‍ പോലും പൂര്‍ണനഗ്‌നരാകാന്‍ ലജ്ജാബോധം മാന്യന്മാരെ അനുവദിക്കില്ല. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അരക്കച്ച ധരിക്കാതെ കുളിമുറിയില്‍ പ്രവേശിക്കരുത് എന്ന് നബി(സ്വ) നിര്‍ദേശിച്ചിരിക്കുന്നു.

പുരുഷന്മാരേക്കാള്‍ ലജ്ജാശീലം കൂടുതല്‍ ഉള്ളവരാണ് സ്ത്രീകള്‍. ലജ്ജ സ്‌ത്രൈണതയുടെ മികച്ച അടയാളമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അതിനെ സദ്ഗുണമായി എടുത്ത് കാണിച്ചിട്ടുണ്ട്. സ്വദേശം വെടിഞ്ഞ് മദ്‌യനിലെത്തിയ മൂസാ നബി ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കുക വഴി സഹായിച്ച രണ്ടു സ്ത്രീകളിലൊരുവള്‍ പിതാവിന്റെ നിര്‍ദേശാനുസരണം അദ്ദേഹത്തെ വിളിക്കാന്‍ വന്നത് പരാമര്‍ശിക്കവെ, ലജ്ജാവതിയായിട്ടായിരുന്നു എന്ന് പ്രത്യേകം എടുത്തുകാണിക്കുന്നു.

''അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ, അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു, താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്.'' (28:25).

ആധുനിക ഭൗതിക സംസ്‌കാരം മനുഷ്യനിലെ ലജ്ജാശീലത്തെ നശിപ്പിക്കുമ്പോള്‍ കുറ്റകൃത്യ ങ്ങള്‍ പെരുകുന്നു. സത്യവിശ്വാസവും ലജ്ജ എന്ന സദ്ഗുണവുമാണ് മ്ലേഛ വൃത്തികളില്‍ നിന്നു മനുഷ്യനെ തടഞ്ഞ് സദാചാര ബോധമുള്ളവരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Feedback
  • Friday Apr 26, 2024
  • Shawwal 17 1445