Skip to main content

നന്ദി ബോധം

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്താവുന്നതല്ല. സൃഷ്ടികള്‍ സൃഷ്ടികള്‍ക്ക് വല്ല ഉപകാരവുംചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പ്രത്യുപകാരം ചെയ്യുകയോ നന്ദിവാക്ക് പറയുകയോ ചെയ്യുന്നത് പ്രാഥമിക മര്യാദയാണല്ലോ.

സ്വന്തം അധ്വാന പരിശ്രമങ്ങളില്ലാതെ ലഭ്യമായ ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും വെള്ളവും വെളിച്ചവും മറ്റ് പ്രകൃതിവിഭവങ്ങളും പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്ന മനുഷ്യന്‍ പലപ്പോഴും അവയുടെ ദാതാവിനെ വിസ്മരിച്ചു പോകുന്നു. ദിവ്യാനുഗ്രഹങ്ങളുടെ നടുവിലാണ് താന്‍ ജനിക്കുകയും ജീവിക്കുകയും ചെയ്തു കൊണ്ടിരുന്നതെന്ന് മനുഷ്യന്‍ ഓര്‍ക്കുമ്പോഴാണ് അനുഗ്രഹദാതാവായ സ്രഷ്ടാവിനോട് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട് എന്ന ചിന്തയുണ്ടാകുന്നത്. 

ഒരു തത്ത്വജ്ഞാനി ഹാറൂന്‍ റശീദിനോട് ചോദിച്ചു: താങ്കള്‍ മരുഭൂമിയിലൂടെ സഞ്ചരിക്കവേ ദാഹിച്ചു വലഞ്ഞു. കണ്ണെത്താവുന്ന ദൂരത്തെവിടെയും വെള്ളമില്ല. മരിക്കാന്‍ പോകുന്ന താങ്കള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടിയാല്‍ എന്തു വില നല്‍കും? എന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും. ഹാറൂന്‍ റശീദ് പറഞ്ഞു. വീണ്ടും അയാള്‍ ചോദിച്ചു. 'താങ്കള്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ കഠിനമായി പ്രയാസപ്പെടുന്നു. അപ്പോള്‍ മൂത്രം പോകാന്‍ സഹായിക്കുന്ന മരുന്ന് തരുന്നയാള്‍ക്ക് എന്ത് കൊടുക്കും? 'എന്റെ സാമ്രാജ്യത്തിന്റെ ബാക്കി മുഴുവനും നല്‍കും' ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കുന്നതിന്റെ വില വിശാലമായ സാമ്രാജ്യത്തോളമാണെങ്കില്‍ ആയുസ്സ് മുഴുവനും അതുത്തന്നെ ചെയ്യുന്നതിന്റെ വില ആര്‍ക്കാണ് കണക്കാക്കാനാവുക!  

''നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ എണ്ണുകയാണെങ്കില്‍ അതിനെ തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(16:18). അല്ലാഹു പറയുന്നു 'അല്ലാഹുവാണ് നിങ്ങള്‍ക്ക് കണ്ണും കാതും ഹൃദയവും ഉണ്ടാക്കിത്തന്നത്. എന്നിട്ടും വളരെ കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ' (23:78).

അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തിന്റെ വിലയറിയണമെങ്കില്‍ ആ അനുഗ്രഹം ലഭിക്കാതെ പോയ ആളുകളെക്കുറിച്ച് ചിന്തിക്കണം. അല്ലാഹു പറയുന്നു 'നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നാം കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. നന്ദികേട് കാണിക്കുന്നു വെങ്കില്‍ എന്റെ ശിക്ഷ അതികഠിനമായിരിക്കും എന്ന് നിങ്ങളുടെ നാഥന്‍ വിളംബരം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ'(14:7).

ഐഹിക ജീവിത്തില്‍ മനുഷ്യരുടെ സൃഷ്ടിപ്പ് വിഭിന്നാവസ്ഥയിലാണ്. സമ്പത്ത് , ആരോഗ്യം, ഭൗതിക വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കും നല്കപ്പെട്ടിട്ടുള്ള അളവും തോതും തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സുഖജീവിതത്തിന്റെ ഉപാധികളായ സമ്പത്തിന്റെയും സന്താനങ്ങളുടെയും ഭൗതിക വിഭവങ്ങളുടെയും കാര്യത്തില്‍ അത് അത്രതന്നെ ലഭിക്കാതെ പോയ ആളുകള്‍ക്ക് നിരാശ തോന്നുക സ്വാഭാവികമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ച അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. അനുഗ്രഹങ്ങളെ വിസ്മരിച്ചവര്‍ നന്ദികേട് കാണിക്കുന്നു. ഇക്കൂട്ടരോട് അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്. 'അവരില്‍(അവിശ്വാസികളില്‍)പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ നേര്‍ക്ക് നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്. അവരെപ്പറ്റി നീ വ്യസനിക്കേണ്ട'(15:88).

അല്ലാഹു പറയുന്നു. 'അവരില്‍(മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക്  നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍(ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും(20:131).

ജീവിത നിലവാരത്തിലും ഭൗതിക വിഭവങ്ങളിലും ഏറ്റ വ്യത്യാസങ്ങള്‍ മനുഷ്യരില്‍ പ്രകടമാവുന്നതിനാല്‍ ഓരോരുത്തര്‍ക്കും ലഭിച്ച അനുഗ്രഹത്തിന്റെ മഹാത്മ്യം അറിയാനും നന്ദിയുള്ളവരായി ജീവിക്കാനും നബി(സ്വ) ഒരു ഉപദേശം നല്‍കുന്നു.

'നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങള്‍ നിങ്ങളെക്കാള്‍ മീതെയുള്ളവരിലേക്ക് നോക്കരുത്, അതാണ് നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ഏറ്റവും നല്ലത്'.

Feedback