Skip to main content

സംതൃപ്തി

ഐഹിക ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ഈ ലോകത്ത് നിശ്ചിത സമയപരിധിവരെ ജീവിക്കുന്ന ഓരോരുത്തരെയും സുഖദു:ഖങ്ങള്‍ക്കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. പരീക്ഷണവേദികൂടിയായ ഈ നശ്വര ജീവിതത്തില്‍ സത്യവിശ്വാസി ദു:ഖാവസ്ഥകളില്‍ വ്രണിതഹൃദയനായി നിരാശപ്പെട്ട് കഴിയുന്നില്ല. സന്തോഷവേളകളില്‍ മതിമറന്ന് ആഹ്ലാദചിത്തനായി അഹങ്കാരം കാണിക്കുന്നുമില്ല. നന്മയും തിന്മയും അല്ലാഹുവിന്റെ നിശ്ചയപ്രകാരം സംഭവിക്കുന്നതാണെന്ന ദൃഢവിശ്വാസത്താല്‍, ദു:ഖമുണ്ടാകുമ്പോള്‍ അവനില്‍ ഭരമേല്പിച്ച് ജീവിക്കുന്നു. സന്തോഷം സമ്മാനിച്ച കാര്യങ്ങളുടെ പേരില്‍ സര്‍വശക്തനോട് നന്ദി പ്രകടിപ്പിച്ച് വിനയാന്വിതനായി കഴിയുകയും ചെയ്യുന്നു. ദു:ഖവും നിരാശയും തീണ്ടാത്ത, സന്തോഷവും സമാധാനവും കളിയാടുന്ന മനസ്സിന്റെ ഉടമകളാവാന്‍ സത്യവിശ്വാസികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കാരണം ജീവിതം മുഴുക്കെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതോടൊപ്പം അതില്‍ വിജയം വരിക്കാന്‍ ഉള്ളതുകൊണ്ട് സംതൃപ്തിയടയാന്‍ മനസ്സിനെ പാകപ്പെടുത്തിയവരാണ് അവര്‍. അതുകൊണ്ട് സത്യവിശ്വാസിയില്‍ സദാ പ്രകടമാവുന്ന ഒരു സദ്ഗുണമായിട്ടാണ് സംതൃപ്തിയെ വിശുദ്ധ ഖ്വുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും പ്രവാചക മൊഴികളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.

നബി(സ്വ)യുടെ ജീവിതത്തില്‍ ദാരിദ്ര്യത്തിന്റെ ദുരിത നാളുകള്‍ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും നിറഞ്ഞ മനസംതൃപ്തിയോടു കൂടി ജീവിക്കാന്‍ തിരുദൂതരെയും അനുചരരെയും സഹായിച്ചിരുന്നത് ഭൗതിക വിഭവങ്ങളുടെ ആധിക്യമായിരുന്നില്ല; മനസ്സിന്റെ സംതൃപ്തിയായിരുന്നു. തിരുദൂതര്‍ പറഞ്ഞു. ''ഭൗതിക വിഭവങ്ങളിലെ വര്‍ധനവല്ല ഐശ്വര്യം, പ്രത്യുത മനഃസംതൃപ്തിയാണ് ഐശ്വര്യം'' (ബുഖാരി, മുസ്‌ലിം).

മനുഷ്യര്‍ പൊതുവെ ഇല്ലായ്മകളെക്കുറിച്ച് ആവലാതിപ്പെടുന്നവനാണ്. ഉള്ളതിനെക്കുറിച്ച് ആത്മസംതൃപ്തിയടയാതെ ഇല്ലായ്മകളെക്കുറിച്ച് സദാ ആധികൊള്ളുമ്പോള്‍ ദൈവാനുഗ്രഹത്തെ ഒരിക്കലും തിരിച്ചറിയാനോ അതിന് നന്ദി കാണിക്കാനോ സാധ്യമല്ല. പ്രയാസങ്ങളുടെ നീണ്ട പട്ടിക തന്നെ നിരത്താനുണ്ടായിരുന്ന റസൂല്‍(സ്വ)യുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും അസംതൃപ്തിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. അലട്ടുന്ന ഒട്ടധികം കാര്യങ്ങള്‍ ഉണ്ടായിട്ടും അനുഗ്രഹങ്ങളെ ഓര്‍ക്കുകയും അതില്‍ ആത്മസംതൃപ്തിയടയാന്‍ കഴിയണമെന്ന ശിക്ഷണമാണ് അല്ലാഹു തിരുദൂതര്‍ക്ക് നല്‍കിയത്. ''നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവര്‍ ദരിദ്രനായി കണ്ടെത്തുകയും അവന്‍ ധൈര്യം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്, ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക'' (93:6-11).

ഭൗതിക വിഭവങ്ങളുടെയും മറ്റു ജീവിത സൗകര്യങ്ങളുടെയും കാര്യത്തില്‍ മനുഷ്യര്‍ ഭിന്നാവസ്ഥയിലാണ്. സാമ്പത്തികമായും, ശാരീരകമായും സുസ്ഥിതിലും ദുസ്ഥിതിയിലും ഉള്ളവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ഭൗതിക വിഭവങ്ങളും സുഖസൗകര്യങ്ങളും സമൃദ്ധമായി കിട്ടാനാണ് ഏവരും കൊതിക്കുന്നത്.

ഓരോരുത്തര്‍ക്കും ലഭിച്ച അനുഗ്രഹത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ സംതൃപ്തി മരീചികയായി തുടരും. സംതൃപ്തി കൈവരിക്കാനും അനുഗ്രഹങ്ങളെ അനുസ്മരിച്ച് നന്ദിയുള്ളവരായി ജീവിക്കാനും റസൂല്‍(സ്വ) ഒരു വഴി പറഞ്ഞു തരുന്നു. ''നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. (ജീവിത വിഭവങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും കാര്യത്തില്‍) നിങ്ങള്‍ നിങ്ങളേക്കാള്‍ മീതെയുള്ളവരിലേക്ക് നോക്കരുത്. അതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ഏറ്റവും യോഗ്യമായിട്ടുള്ളത്''. പ്രയാസങ്ങളേറെ ഉണ്ടായിട്ടും പരിഭവപ്പെടാതെ, അഭിമാനപുരസ്സരം മാന്യനായി ജീവിക്കുന്ന സാധുക്കളെ ദാനധര്‍മം നല്‍കുമ്പോള്‍ പ്രാധാന്യപൂര്‍വം പരിഗണിക്കണമെന്ന് പരിശുദ്ധ ഖ്വുര്‍ആന്‍ ഉണര്‍ത്തി. ''ദാനധര്‍മങ്ങള്‍ നല്‍കേണ്ടത് ചിലര്‍ക്കാണ്. അഭിമാനപുരസ്സരം വര്‍ത്തിക്കുന്നതിനാല്‍ അവരുടെ സ്ഥിതി അറിയാത്തവര്‍ അവരെ ഐശ്വര്യവാന്മാരാണെന്ന് തെറ്റിദ്ധരിക്കും. (ക്ലേശത്തിന്റെ പാടുകള്‍) മൂലം അവരെ നിനക്ക് മനസ്സിലാക്കാം. ജനങ്ങളോട് അവര്‍ തീരെ യാചിക്കുകയില്ല'' (2:273).

ഭൂമിയിലുള്ള മുഴുവന്‍ ജീവികള്‍ക്കും അനുയോജ്യമായ ഉപജീവനത്തിന്റെ വഴി അല്ലാഹു ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. അതില്‍ ഏറ്റ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. അല്ലാഹു തനിക്ക് നല്കിയതില്‍ സംതൃപ്തിയടയാന്‍ കഴിയുന്നവനായിരിക്കും വിശ്വാസി. നബി(സ്വ) അരുളി: ''മുസ്‌ലിമായവന്‍ വിജയിച്ചു. ഉപജീവനത്തിന് മാത്രമുള്ളത് അവന്ന് നല്‍കപ്പെട്ടിരിക്കുന്നു. അവന്ന് ലഭിച്ചതു കൊണ്ട് അല്ലാഹു അവനെ സംതൃപ്തനാക്കുകയും ചെയ്തിരിക്കുന്നു'' (മുസ്‌ലിം).

Feedback
  • Wednesday Nov 29, 2023
  • Jumada al-Ula 16 1445