Skip to main content

സമയനിഷ്ഠ

അല്ലാഹു നല്‍കിയ അതിമഹത്തായ അനുഗ്രഹമാണ് സമയം. നമുക്ക് ഈ ഭൂമിയില്‍ നിവസിക്കാനുള്ള സമയം എപ്പോഴാണ് അവസാനിക്കുക എന്നത് നമുക്ക് തീര്‍ത്തും അജ്ഞാതമാണ്. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഐഹിക ജീവിതത്തില്‍ അവന്‍ നമുക്ക് അനുഗ്രഹിച്ചരുളിയ സമയത്തെ കൃത്യതയോടെ വിനിയോഗിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രവാചകന്‍(സ്വ) പറയുന്നു ''ആയുസ്സ് എന്തിന് വിനിയോഗിച്ചു, യുവത്വം ഏത് കാര്യത്തിനാണ് തുലച്ചത്, ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ വിനിയോഗിച്ചു, അറിവുകൊണ്ട് എന്ത് ചെയ്തു എന്നീ നാലു കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയുടെയും ഇരുകാലുകള്‍ മുന്നോട്ട് നീങ്ങുകയില്ല''.

ആരോഗ്യവും സമയവും യഥാവിധി വിനിയോഗിച്ചാല്‍ അത് ലാഭകരമാവും. എന്നാല്‍ അത് പാഴാക്കിക്കളഞ്ഞാല്‍ ആ നഷ്ടം നികത്തപ്പെടുന്നതല്ല. നബി(സ്വ) പറഞ്ഞു: ''ഏറെ പേരും നഷ്ടപ്പെട്ടവരാകുന്ന രണ്ടു കാര്യങ്ങളുണ്ട്. ആരോഗ്യവും ഒഴിവുസമയവുമാണവ'' (ബുഖാരി-മുസ്‌ലിം). സമയനഷ്ടത്തെ സമ്പത്തിന്റെ നഷ്ടത്തേക്കാള്‍ ഗൗരവമായി കാണാന്‍ വിശ്വാസിക്ക് കഴിയണം. പണം ലാഭിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ സമയം ലാഭിക്കാന്‍ ജാഗ്രത പുലര്‍ത്തണം. 

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ''അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് ഒട്ടും നീട്ടി കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു'' (63:11).

ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സമയനിഷ്ഠ പരിശീലിപ്പിക്കാന്‍ പര്യാപ്തവും സഹായകവുമാണ്. അഞ്ചുനേരത്തെ നമസ്‌കാരം സമയനിര്‍ണിതവും സമയബന്ധിതവുമാണ്. നോമ്പ് നിര്‍ണിതമാസത്തിലാണ്. നിശ്ചിത സമയം മുതല്‍ നിര്‍ണയിക്കപ്പെട്ട സമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നാം വ്രതാനുഷ്ഠാനത്തിലാവുന്നു. സകാത്ത് നല്‍കേണ്ടതും വര്‍ഷത്തിലൊരിക്കലാണ്, ഹജ്ജിന് നിശ്ചിത മാസവും സമയവും ഉണ്ട്. ഇസ്‌ലാമില്‍ എല്ലാ ആരാധനാകര്‍മങ്ങളും സമയനിഷ്ഠ പാലിക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. രാവിലെ നേരത്തെ ഉണര്‍ന്ന് പ്രാര്‍ഥനാനിരതനാവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ''എന്റെ സമുദായത്തെ നീ അവരുടെ പ്രഭാതനാളില്‍ അനുഗ്രഹിക്കേണമേ'' (അബൂദാവൂദ്). പ്രഭാതത്തില്‍ കിടന്നുറങ്ങുകയായിരുന്ന മകള്‍ ഫാത്വിമ(റ) യെ കാലുകൊണ്ട് തട്ടിയുണര്‍ത്തിയ പ്രവാചകന്‍(സ്വ) പറഞ്ഞു ''മോളേ, എഴുന്നേല്‍ക്കൂ, നിന്റെ നാഥന്റെ വിഭവങ്ങള്‍ തേടുക. അശ്രദ്ധരില്‍പ്പെടരുത്. പ്രഭാതോദയം മുതല്‍ സൂര്യോദയംവരെ അല്ലാഹു തന്റെ വിഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിഭജിച്ചു നല്‍കുന്നതാണ്'' (ബൈഹഖി).

Feedback