Skip to main content

ഉത്തരവാദിത്വബോധം

സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം സഹായ സഹകരണങ്ങള്‍ ചെയ്തും സഹവര്‍ത്തനത്തിലൂടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തികരിച്ചും മാത്രമേ നില നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. സാമൂഹികതയുടെ അടിസ്ഥാന യൂണിറ്റായ കുടുംബത്തില്‍ നിന്ന് തുടങ്ങി അവന്‍ ഇടപെടുന്ന വ്യത്യസ്ത രംഗങ്ങളില്‍ പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബാധ്യത നിര്‍വഹണമാണ് അവനെ  സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ഉള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാനും സ്‌നേഹവും സൗഹാര്‍ദവും നില നില്‍ക്കാനും അനിവാര്യമായും ഉണ്ടാകേണ്ട ഒരു സദ്ഗുണമാണ് ഉത്തരവാദിത്വബോധം. ഇത് പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതനിര്‍വഹണവും സത്യസന്ധമായ ജീവിത നിലപാടുമായതിനാല്‍ ഇതിന്റെ പ്രാധാന്യം ഇസ്‌ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇതുതന്നെയാണ് അമാനത്ത് എന്നു പറയുന്നത്.  

സമൂഹത്തിലെ ഓരോ വ്യക്തിയും ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്ക് ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളവരാണ്. പ്രവാചകത്വമെന്ന ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളവരും അതു നിര്‍വഹിച്ചു പോന്നവരുമായിരുന്നു പ്രവാചകന്മാര്‍. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിച്ചോ എന്ന് അല്ലാഹുവിന് മുമ്പില്‍  വിചാരണ നേരിടേണ്ടവരാണെന്ന ദൃഢവിശ്വാസമുള്ളവരായിരുന്നു അവര്‍. പ്രതിയോഗികളെയും പ്രതിസന്ധികളെയും ഏറെ നേരിടേണ്ടി വന്നിട്ടും ദൗത്യ നിര്‍വഹണം അവര്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ചു. നബി(സ്വ) പറഞ്ഞു 'നിങ്ങളെല്ലാവരും ഓരോ  ഭരണാധികാരികളാണ്. ഓരോരുത്തരും ഭരണീയരെക്കുുറിച്ച് അല്ലാഹുവിന്റെയടുക്കല്‍ ചോദിക്കപ്പെടും. നേതാവ് ഭരണാധികാരിയാണ്. തന്റെ കീഴിലുള്ള പ്രജകളെക്കുുറിച്ച് ചോദിക്കപ്പെടും'. 

പുരുഷന്‍ തന്റെ കുടുംബത്തിന്റെ നായകനാണ്. തന്റെ കീഴിലുള്ളവരെക്കുറിച്ചു ചോദിക്കപ്പെടും. സ്ത്രീ ഭര്‍തൃഗൃഹത്തിലെ നായികയാണ്. തന്റെ കീഴിലുള്ളവരെക്കുുറിച്ച് ചോദിക്കപ്പെടും. ഭൃത്യന്‍ തന്റെ യജമാനന്റെ ധനം സംരക്ഷിച്ച് ഭരിക്കുന്നവനാണ്. അവന്റെ കീഴിലുള്ളവരെക്കുറിച്ച് അവന്‍ ചോദിക്കപ്പെടും. നിങ്ങള്‍ എല്ലാവരും ഭരണാധികാരികളാണ്. നിങ്ങളെല്ലാവരും തന്റെ പ്രജകളെ കുറിച്ച് ചോദിക്കപ്പെടും (ബുഖാരി-മുസ്‌ലിം). കുടുംബത്തിലും സമൂഹത്തിലും നാം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വത്തിന്റെ ഗുണഭോക്താക്കള്‍ പലരുമായിരിക്കും. ഏല്പിക്കപ്പെട്ട വസ്തുവകകളോ മറ്റു ബാധ്യതകളോ ഒക്കെയാവാം ഇത്. 

വിശ്വാസത്തില്‍ കാപട്യം കലര്‍ത്തുന്നവരുടെ അടയാളമായി റസൂല്‍(സ്വ) പഠിപ്പിച്ചത് വാഗ്ദത്തലംഘവും വിശ്വാസ വഞ്ചനയുമാണ്. അബൂഹുറയ്‌റ(റ)പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവ് പറയുക. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക(ബുഖാരി, മുസ്‌ലിം). 

മാതാപിതാക്കളും മക്കളും തമ്മിലും ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലും നിര്‍വഹിക്കപ്പെടേണ്ട ബാധ്യതകള്‍ അമാനത്തിന്റെ പരിധിയില്‍ വരുന്നതാണ്. തൊഴിലാളി, മുതലാളി, നേതാവ്, അനുയായി, ഭരണാധിപന്‍, ഭരണീയര്‍ തുടങ്ങിയ ബന്ധങ്ങളൊക്കെ വിശ്വാസപൂര്‍വം ഏല്‍പ്പിക്കപ്പെട്ട ഉറച്ച കരാറാണ്. ഉത്തരവാദിത്വ ബോധമുള്ളവനായ വിശ്വാസി ഇവയത്രയും സഗൗരവം പരിഗണിച്ച് വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ ബാധ്യസ്ഥനാകുന്നു.

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445