Skip to main content

മുഖപ്രസന്നത

മുഖം മനസ്സിന്റെ കണ്ണാടിയാണ്. മനസ്സിനെ മഥിക്കുന്ന വികാരങ്ങള്‍ കണ്ണാടിയിലെന്നപോലെ  മുഖത്തു നിഴലിക്കുന്നു. സത്യവിശ്വാസിയുടെ സഹവാസത്തിലൂടെ അവനുമായി ഇടപെടുന്നവര്‍ക്ക് സദ്‌സ്വഭാവത്തിന്റെ സുഗന്ധം വാക്കിലും നോക്കിലും അനുഭവിക്കാനാവണം. മനോഗതമറിഞ്ഞ് പെരുമാറാനും ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തികൊണ്ട് അഭിവാദ്യവും ഹസ്തദാനവും ചെയ്യാനും മുഖപ്രസന്നതയോടെ എപ്പോഴും അഭിമുഖീകരിക്കാനും വിശ്വാസിക്ക് സദാ സാധിക്കേണ്ടതുണ്ട്. നബി(സ്വ) അരുളി ''യാതൊരു പുണ്യകര്‍മവും നിങ്ങള്‍ നിസ്സാരമായി കാണരുത്; നിന്റെ സ്‌നേഹിതനെ മുഖപ്രസന്നതയോടു കൂടി അഭിമുഖീകരിക്കുന്നതു പോലും'' (മുസ്‌ലിം).

ഏറ്റവും കൂടുതല്‍ പുഞ്ചിരിക്കുന്ന വ്യക്തിയായിരുന്നു റസൂല്‍(സ്വ). തന്നോട് പരുഷമായി പെരുമാറുന്നവരോട് സൗമ്യമായി ഇടപ്പെട്ട് സ്‌നേഹവാക്ക് ചൊരിഞ്ഞ് നല്‍കിയ നബി(സ്വ) പുഞ്ചിരി കൈവിടാതെ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. കഴുത്തിലിട്ടിരുന്ന മുണ്ട് ശക്തിയായി പിടിച്ച് വലിച്ചുകൊണ്ട് ഒരു ഗ്രാമീണന്‍ 'മുഹമ്മദേ, ധര്‍മം തരിക' എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ പോലും മുഖപ്രസന്നതയോടെ തന്റെ അനുചരരോട് അയാള്‍ക്ക് വല്ലതും നല്‍കുവാന്‍ നബി(സ്വ) നിര്‍ദേശിച്ചു.

ഒരാള്‍ തന്റെ സഹോദരന്റെ മുഖത്തു നോക്കി ഒന്നു പുഞ്ചിരിക്കുമ്പോള്‍ അയാളെ സ്‌നേഹപൂര്‍വം പരിഗണിക്കുകയും സ്‌നേഹബന്ധം പുതുക്കുകയുമാണ് ചെയ്യുന്നത്. മുഖപ്രസന്നത പ്രകടിപ്പിക്കുന്നത് പുണ്യകര്‍മമാവുന്നത് പോലെ മുഖം ചുളിക്കുന്നത് തിന്മയുമാണ്. അത് അവഗണനയും അകല്‍ച്ചയും സൃഷ്ടിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുന്നു. 

ലുഖ്മാന്‍(അ) പ്രിയപുത്രന് നല്‍കുന്ന സാരോപദേശങ്ങളുടെ കൂട്ടത്തില്‍ ഇങ്ങനെ വായിക്കാന്‍ സാധിക്കുന്നു.

''നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (31:18). 

നബി(സ്വ) പറഞ്ഞു: ''നീ നിന്റെ സഹോദരന്റെ മുഖത്തു നോക്കി ചിരിക്കുന്നത് ദാനമാണ്. നീ നന്മ കല്പിക്കുന്നതും തിന്മ തടയുന്നതും നിനക്ക് ദാനമാണ്. വഴിയറിയാത്ത ഒരാള്‍ക്ക് നീ വഴി കാണിച്ചുകൊടുത്താല്‍ നിനക്കതൊരു ദാനമാണ്. വഴിയില്‍ നിന്ന് മാലിന്യങ്ങള്‍, തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് നിനക്ക് ദാനമാണ്. നിന്റെ വെള്ളപ്പാത്രത്തില്‍ നിന്ന് നീ നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നത് നിനക്കൊരു ദാനമാണ്. കാഴ്ചയില്ലാത്ത ഒരാള്‍ക്ക് നിന്റെ കാഴ്ചയെ സഹായമായിത്തീര്‍ന്നാല്‍ നിനക്കത് ഒരു ദാനമാണ് (ബുഖാരി).

Feedback