Skip to main content

വിനയം

വിശ്വാസിയുടെ ജീവിതത്തെ വ്യതിരിക്തമാക്കുന്ന മഹിതഭാവമാണ് വിനയം. വിശ്വാസികള്‍ ദിനംപ്രതി ഏറ്റവും കൂടുതല്‍ ഉച്ചരിക്കുന്ന വാക്യം 'അല്ലാഹുഅക്ബര്‍' (അല്ലാഹുവാണ് ഏറ്റവും മഹാന്‍) എന്നാണ്. താന്‍ സര്‍വശക്തനായ അല്ലാഹുവിന്റെ വിനീതദാസനാണെന്ന വിശ്വാസിയുടെ ആത്മാര്‍ഥമായ പ്രഖ്യാപനം ജീവിതത്തിലുടനീളം വിനയം കാത്തുസൂക്ഷിക്കാന്‍ അവന് പ്രേരണയാവുന്നു. മനുഷ്യകുലത്തിന്റെ ആജന്മശത്രുവായ പിശാചിനെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച ദുര്‍ഗുണം അഹങ്കാരമായിരുന്നു. പിശാചിന്റെ കൂട്ടാളികളായി ദൈവധിക്കാരത്തിന്റെ വഴിയില്‍ സഞ്ചരിച്ചവരും വഴിപിഴച്ചുപോവാനുള്ള കാരണം അഹങ്കാരംതന്നെ. എന്നാല്‍ ദൈവത്തിന്റെ കല്പന അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധനാവുന്ന വിശ്വാസിയുടെ ആരാധനാകര്‍മങ്ങളുടനീളം വിനയത്തിന്റെ ഭാവമാണ് അവനില്‍ വളര്‍ത്തുന്നത്. അഹങ്കാരത്തിന് അറുതിവരുത്തി വിശ്വാസി കൂടുതല്‍ താഴ്മയും വിനയവും പ്രകടിപ്പിക്കുന്നവനായി മാറാന്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നിമിത്തമായിത്തീരുന്നു. അല്ലാഹു നബി(സ്വ)യോട് പറയുന്നു: ''താങ്കളെ പിന്‍പറ്റിയവര്‍ക്ക് വിനയത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'' (26:215). വിനയം വ്യക്തിത്വത്തിന് മാറ്റു കൂട്ടുകയും വ്യക്തിയുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: ദാനം ധനത്തെ കുറയ്ക്കുകയില്ല, വിട്ടുവീഴ്ച അടിമയുടെ അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉന്നതനാക്കും (മുസ്‌ലിം).

വിനയത്തിന്റെ പ്രതിരൂപമായിട്ടാണ് നബി(സ്വ) ജീവിച്ചത്. യാത്ര ചെയ്യുമ്പോള്‍ അനുയായികളുടെ പിന്നിലായിരിക്കും നബി(സ്വ). വീട്ടില്‍ വന്നാല്‍ ബാങ്കുകേട്ട് പള്ളിയില്‍ പോകുന്നത് വരെ അദ്ദേഹം വീട്ടുകാരെ വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നബി(സ്വ)ക്ക് പ്രത്യേക വേഷഭൂഷകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്ന് അപരിചിതര്‍ക്ക് നബി(സ്വ)യെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ആരെങ്കിലും നബി(സ്വ)ക്ക് കൈകൊടുത്താല്‍ അയാള്‍ കൈവിട്ടിട്ടല്ലാതെ നബി(സ്വ) കൈവിടുമായിരുന്നില്ല (തിര്‍മിദി). എത്ര നിസ്സാരന്റെ ക്ഷണവും നബി(സ്വ) സ്വീകരിക്കുമായിരുന്നു. നബി(സ്വ) പറഞ്ഞു: ''ഒരു മൃഗത്തിന്റെ കൈയോ കാലോ തിന്നാന്‍ എന്നെ ആരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ ആ ക്ഷണം സ്വീകരിക്കും. ആരെങ്കിലും കൈയോ കാലോ എനിക്ക് സമ്മാനിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും'' (ബുഖാരി). 

ഒരിക്കല്‍ പ്രവാചകനും അനുചരന്മാരും യാത്രയിലായിരിക്കെ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് തമ്പടിച്ചു. കൂടിയാലോചനക്ക് ശേഷം ഒരാടിനെ അറുത്ത് അവര്‍ പാകം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: അറവ് ഞാന്‍ നടത്തിക്കൊള്ളാം. തൊലിയുരിയുന്നത് ഞാന്‍. മറ്റൊരാള്‍ പറഞ്ഞു. പാകം ചെയ്യുന്നത് ഞാനാവട്ടെ മൂന്നാമന്‍ പറഞ്ഞു. അങ്ങനെ അവര്‍ ഓരോ ജോലിയും ഭാഗിച്ചെടുത്തു. ഉടനെ പ്രവാചകന്‍ പറഞ്ഞു. വിറക് കൊണ്ടുവരുന്നത് എന്റെ ചുമതലയായിരിക്കും. വേണ്ട, അതും ഞങ്ങള്‍ ചെയ്തുകൊള്ളാം. അനുചരര്‍ അറിയിച്ചു. നബി(സ്വ) അംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ ചെയ്തു. ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും നിങ്ങള്‍ അത് ചെയ്യുമെന്നും എനിക്കറിയാം എന്നാല്‍ ഞാന്‍ എന്നെ നിങ്ങളേക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമല്ല. കൂട്ടുകാരേക്കാള്‍ തന്നെ ഉയര്‍ന്നവനായി കാണുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. തുടര്‍ന്ന് വിറക് ശേഖരിക്കാനായി നബി(സ്വ) പുറത്തേക്കിറങ്ങി.

അബൂബക്ര്‍(റ)ന്റെ ഭരണകാലത്ത് മദീനയിലെ അവശയായ ഒരു അന്ധയ്ക്ക് എല്ലാ സേവനങ്ങളും ചെയ്തുകൊടുത്തിരുന്നത് ഉമര്‍ ഫാറൂഖ്(റ) ആയിരുന്നു. ഇടക്കൊരു ദിവസം താനെത്തും മുമ്പ് വൃദ്ധക്കാവശ്യമായതെല്ലാം മറ്റാരോ ചെയ്തുകൊടുത്തതായി കണ്ടു. പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. ഉമര്‍(റ)ന് ആശ്ചര്യമായി. തനിക്ക് മുമ്പെ ആരാണിതൊക്കെ ചെയ്യുന്ന ആളെന്ന് അറിയാനായി ഉമര്‍ ഒരു നാള്‍ പ്രഭാതമാകുംമുമ്പെ വൃദ്ധയുടെ വീടിന്റെ പിന്നില്‍ ഒളിച്ചിരുന്നു. അപ്പോഴാണ് ഖലീഫ അബൂബക്ര്‍(റ) വൃദ്ധയ്ക്ക് ആവശ്യമായ സാധനങ്ങളുമായി നടന്നുവരുന്നത് കണ്ടത്. ഉടനെ ഉമറുല്‍ ഫാറൂഖ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഓ എനിക്ക് മുമ്പേ ഇത് ചെയ്യുന്നത് താങ്കളാണല്ലേ?, ഭരണാധികാരിയായിരിക്കെ ഒന്നാം ഖലീഫ എത്ര വിനീതനായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു: ജനങ്ങളേ, എന്നില്‍ വല്ല പാകപ്പിഴവും കണ്ടാല്‍ നിങ്ങളത് തിരുത്തുക. ഉടനെ ഒരു ഗ്രാമീണന്‍ ഊരിപ്പിടിച്ച വാളുമായി എഴുന്നേറ്റു നിന്നു. അയാള്‍ പറഞ്ഞു: താങ്കളില്‍ വല്ല വക്രതയും കണ്ടാല്‍ ഈ വാളുകൊണ്ടാണ് ഞങ്ങള്‍ നേരെയാക്കുക. ''എന്നില്‍ വീഴ്ച കണ്ടാല്‍ വാളുകൊണ്ട് തിരുത്താന്‍ മാത്രം കരുത്തരായ വ്യക്തികളെ ഈ സമൂഹത്തിന് സമ്മാനിച്ച സര്‍വശക്തനായ അല്ലാഹുവിന് സര്‍വസ്തുതിയും'' എന്നായിരുന്നു ഖലീഫയുടെ പ്രതികരണം.

ഭൂമിയിലൂടെ വിനയാന്വിതരായിട്ടാണ് നടക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നാല് സൂക്തങ്ങളിലായി അല്ലാഹു പഠിപ്പിക്കുന്നു. യഥാര്‍ഥ ഭക്തന്‍മാരുടെ ഗുണവിശേഷണങ്ങളില്‍ ഒന്നാമതായി ഖുര്‍ആന്‍ എടുത്തു പറഞ്ഞത് വിനയത്തോടെയുള്ള നടത്തത്തെപ്പറ്റിയാണ്. 'പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്നവരാണ്' (25:63). നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല (31:18). നബി(സ്വ) പറയുന്നു: 'അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു കടാക്ഷിക്കുകയില്ല' (ബുഖാരി, മുസ്‌ലിം).

സത്യവിശ്വാസിയുടെ ഉടുപ്പിലും നടപ്പിലും ലാളിത്യവും വിനയവും പ്രകടമാവണമെന്നാണ് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നത്.

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446