Skip to main content

ഡോ.അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്

ഡെന്നിസ് ബ്രാഡ്‌ലി ഫിലിപ്‌സിന് അന്ന് പ്രായം 25. കുടുംബ സമേതം കാനഡയിലാണ് താമസം. സംഗീതവും ലഹരി മരുന്നും തലക്കു പിടിച്ചു നടന്നിരുന്ന കാലം. കലാരംഗത്തും രാഷ്ട്രീയത്തിലും തരം പോലെ കയറിയിറങ്ങി. അതിനിടെ മാര്‍ക്‌സിസം ഭ്രാന്തായപ്പോള്‍ നക്‌സലേറ്റ്, ഗറില്ല പ്രസ്ഥാനങ്ങളോടും അഭിനിവേശം ജനിച്ചു. അങ്ങനെ നിയന്ത്രണങ്ങളില്ലാത്ത, യൗവനത്തിന്റെ തിളപ്പില്‍ ചുറ്റിത്തിരിയുന്ന കാലത്ത് ഡെന്നിസ് ഒരു സ്വപ്നം കണ്ടു.

അവന്‍ ഒരു കെട്ടിടത്തിന്റെ മുകളിലൂടെ ബൈക്ക് ഓടിച്ചു പോവുന്നു. ബൈക്ക് മുന്നോട്ട് പോകുംതോറും ഇരുട്ട് കട്ടപിടിച്ചു കൊണ്ടേയിരിക്കുന്നു. ഒടുവില്‍ കണ്ണ് തുറക്കുന്ന ആ അന്ധകാരത്തില്‍ അവന്‍ ഒറ്റപ്പെട്ടു പോകുന്നു.

അടുത്ത പ്രഭാതം അവനെ ചിന്താകുലനാക്കി. ഇരുട്ട് അജ്ഞതയാണ്, മരണതുല്യമാണ്. സ്വപ്നത്തെ തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തു വെച്ചപ്പോള്‍ ഡെന്നിസിന് ഒരു കാര്യം വ്യക്തമായി. താനിപ്പോള്‍ ഇരുട്ടിലാണ്. രക്ഷ പ്രകാശത്തിലാണ്. തന്റെ പരമ്പരാഗതമായ ക്രൈസ്തവത തനിക്കു വെളിച്ചം തന്നില്ല. മാര്‍ക്‌സിസവും കമ്യൂണിസവും തനിക്ക് വഴി കാട്ടിയില്ല. ആ അന്വേഷണം നടക്കുന്നതിനിടെയാണ് ചൈനയിലെ തന്റെ സുഹൃത്തും പ്രമുഖ കമ്യൂണിസ്റ്റ് സഹയാത്രികനുമായ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചത്. മുഹമ്മദ് ഖുതുബിന്റെ Islam The Misunderstood Religion എന്ന പുസ്തകമാണ് അദ്ദേഹത്തെ മാറ്റിയത്. അത് ഡെന്നിസും വായിച്ചു.

അന്വേഷണം പുരോഗമിച്ചപ്പോള്‍ തന്റെ ആത്മീയ ദാഹത്തിന് ഉത്തരം കണ്ടെത്തിയത് ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസത്തിലായിരുന്നു. 1972 ല്‍ തന്റെ 25-ാം വയസ്സില്‍ ഡെന്നിസ് ബ്രാഡ്‌ലി ഫിലിപ്‌സ് എന്ന ജമൈക്കക്കാരന്‍ പുതിയ മനുഷ്യനായി. അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്.

അവിടുന്നിങ്ങോട്ട് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പഠിക്കാനുള്ള തീവ്രശ്രമമായിരുന്നു സുഊദി അറേബ്യയിലെത്തിയ ബിലാല്‍ ഫിലിപ്‌സ് മദീനയിലെ പ്രശസ്തമായ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി ചേരുകയായിരുന്നു.

ജീവിതരേഖ

ജമൈക്കയിലെ ക്രൈസ്തവ കുടുംബത്തില്‍ 1946 ജനുവരി 6 ന് ഡെന്നിസ് ബ്രാഡ്‌ലി ജനിച്ചു. മാതാവും പിതാവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍. പിതാമഹന്‍ ക്രൈസ്തവ പാതിരി.

കറുത്ത വര്‍ഗക്കാരായ ഈ കുടുംബം കാനഡയിലേക്ക് കുടിയേറി. അവിടെ പക്ഷേ വര്‍ണ വിവേചനം അവരെ അലോസരപ്പെടുത്തി. വെളുത്തവന്റെ അധികാരം അസഹ്യമായപ്പോള്‍ ഡെന്നിസിന്റെ കുടുംബം മലേഷ്യയിലേക്ക് പോയി.

വിദ്യാഭാസത്തില്‍ താല്‍പര്യം കാട്ടിയ ഡെന്നിസിനെ റേക്ക് സംഗീതം കീഴ്‌പ്പെടുത്തിയത് മലേഷ്യയില്‍ വെച്ചായിരുന്നു. പഠനം മോശമായപ്പോള്‍ കുടുംബം കാനഡയിലേക്കു തന്നെ മടങ്ങി. ബയോ കെമിസ്ട്രിയില്‍ ബിരുദമെടുത്തെങ്കിലും, കമ്യൂണിസവും മാവോ ചിന്തയും ഗറില്ലാ മുറയും തലക്കു പിടിച്ചു. ഒപ്പം കറുത്തവന്റെ ഉന്നമനം എന്ന ലക്ഷ്യവും മനസ്സില്‍ കൊണ്ടു നടന്നു. ഇതിനെല്ലാം ഒടുവിലാണ് 1972 ല്‍ ഇസ്‌ലാം ഡെന്നിസിനെ കീഴ്‌പ്പെടുത്തിയത്.

ആ വര്‍ഷം തന്നെ മദീന സര്‍വകലാശാലയില്‍ ബിരുദപഠനത്തിന് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി. അവിടെ നിന്ന് റിയാദ് കിംഗ് സുഊദ് സര്‍വകലാശാലയിലേക്ക് പോയി അവിടെ നിന്ന് ഇസ്‌ലാമിക പഠനത്തില്‍ ബിരുദാനന്തര ബിരുദം. 1994ല്‍ ബ്രിട്ടണിലെ വെയില്‍സ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നു. അവിടെ നിന്ന് പി. എച്. ഡി. നേടി.

പിന്നീട് ഇസ്‌ലാമിക പ്രബോധന രംഗത്ത് നിറഞ്ഞു നിന്ന അബൂ അമീനാ ബിലാല്‍ ദുബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1994 ല്‍ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ദുബൈയില്‍ തുറന്നു. റിയാദിലെ വിവിധ സ്‌കൂളുകളില്‍ ഇസ്‌ലാമിക പഠനവും അറബി ഭാഷയും പഠിപ്പിക്കുന്ന അധ്യാപകനായി. നിരവധി രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രഭാഷണങ്ങള്‍ നടത്തി. പീസ് ടി. വി പോലുള്ള ടെലിവിഷനുകളില്‍ സ്ഥിരം പ്രഭാഷകനായി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

2007 ല്‍ ഖത്തറിലെ ദോഹ കേന്ദ്രമായി അദ്ദേഹം സ്ഥാപിച്ച ഇസ്‌ലാമിക് ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റി (https://islamiconlineuniversity.com) പ്രസിദ്ധമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ മുതല്‍ ഗവേഷണ പഠനങ്ങള്‍ വരെയുള്ളവക്കായി നിരവധി കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴി പഠിപ്പിക്കുന്ന ഈ സംരംഭത്തില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികളുണ്ട്. ഇതിന്റെ ചാന്‍സലറായി പ്രവര്‍ത്തിക്കുകയാണ് അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്.

The fundamental of thouheed, The Purpose of creation, The true religion of God, Polygamy in islam തുടങ്ങി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച ബിലാല്‍, ഇബ്‌നുതൈമിയയുടേതടക്കം നിരവധി അറബി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയിട്ടുണ്ട്.

1997 ല്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ് കേരളത്തിലുമെത്തിയിയിട്ടുണ്ട്.


 

Feedback