Skip to main content

സാറാ ജോസഫ്

തന്റെ പതിനാലാം വയസ്സില്‍ സഹോദരന്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ഇസ്‌ലാം ഒരു മുഖ്യ ചിന്താ വിഷയമായി സാറാ ജോസഫിന്റെ ആശയതലത്തില്‍ അധിനിവേശം നടത്തി. മേഫയേറിലെ സെന്റ് ജോര്‍ജ് സ്‌കൂളിലും (St George's School, Hanover Square, Mayfair) ചെല്‍സിയിലെ സെന്റ് തോമസ് മോര്‍ സ്‌കൂളിലുമായാണ് ( St Thomas More School, Sloane Square, Chelsea) സാറ തന്റെ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ഉന്നത വിദ്യാഭ്യാസത്തിന്ന് ലണ്ടനിലെ പ്രസിദ്ധമായ കിംഗ്‌സ് കോളേജില്‍ (King's College London) ചേര്‍ന്നപ്പോള്‍ ദൈവശാസ്ത്രം മുഖ്യ പഠന വിഷയമായി തിരെഞ്ഞെടുത്തു. പോപ്പിന്റെ പാപസുരക്ഷിതത്വം, ആദിപാപം, ബൈബിളിന്റെ ദൈവീകത തുടങ്ങിയ വിഷയങ്ങളില്‍ മാറി ചിന്തിക്കുവാന്‍ കിംഗ്‌സ് കോളേജിലെ പഠനം സാറക്ക് അവസരം നല്‍കി. അങ്ങനെ ബിരുദാനന്തര ഗവേഷണ  വിഷയമായി 'ഇസ്‌ലാമിലേക്കുള്ള ബ്രിട്ടീഷുകാരുടെ മതംമാറ്റം' എന്ന വിഷയം തിരെഞ്ഞെടുക്കാനും ഈ മാറിചിന്തിക്കല്‍ അവരെ പ്രേരിപ്പിച്ചു.
    
ഫാഷനുകളുടെ നഗരമായ ലണ്ടനിലായിരുന്നു സാറയുടെ ജനനം. പിതാവ് ജോ ആസ്‌ക്യുവ് (Joe Askew ) റോയല്‍ എയര്‍ഫോഴ്‌സിലെ എഞ്ചിനീയര്‍ ആയിരുന്നു. ലോക പ്രസിദ്ധി നേടിയ ഫാഷന്‍ കമ്പനിയായ Askew Modelling Agency യുടെ സ്ഥാപകയായിരുന്ന  വലേരി ആസ്‌ക്യുവ് (Valerie Askew) ആണ് അമ്മ. ഫാഷന്‍ ജ്വരവും ഹിപ്പിസം പോലുള്ള പുതിയ പ്രവണതകളും ലോകത്ത് പ്രത്യകിച്ചും ലണ്ടന്‍ പോലുള്ള ഒരു നഗരത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് (1970) സാറ ജനിക്കുന്നത്. നയോമി കാംപെല്‍ (Naomi Campbell), കതെരിന്‍ ബൈലി (Catherine Bailey) തുടങ്ങിയ ലോകപ്രശസ്ത ഫാഷന്‍ പേരുകള്‍ ഉരുവിട്ട് കേള്‍ക്കുന്ന ഒരു ഗൃഹ പശ്ചാത്തലത്തിലാണ് സാറയെന്ന പെണ്‍കുട്ടി വളരുന്നത്. ചര്‍ച്ചും സണ്‍ഡേ ക്ലാസുകളും മറ്റുമായി ചുറ്റിത്തിരിഞ്ഞ അവള്‍   പതിനേഴാം വയസ്സുവരെ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി തുടര്‍ന്നു.  

സന്ദ്രാസങ്ങള്‍ ഏറെ സാറയുടെ മനസ്സില്‍ തങ്ങിനിന്നിരുന്ന ഘട്ടത്തിലാണ്  സാറ ഒരു കാഴ്ച കാണുന്നത്: ഇരുപതുകാരിയായ അവളുടെ കൂട്ടുകാരി നമസ്‌കരിക്കുന്നു. അവള്‍ സാകൂതം നോക്കിനിന്നു. ശരീരത്തിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ശിരസ്സ് തറയില്‍ വെച്ചുള്ള കൂട്ടുകാരിയുടെ സുജൂദ് സാറയെ ഏറെ ചിന്തിപ്പിച്ചു. സമര്‍പ്പണത്തിന്റെ ഏറ്റവും വലിയ പ്രകടനമായി അതിനെ അവര്‍ കണ്ടു. ഖുര്‍ആനും ബൈബിളും മുമ്പില്‍ വെച്ച് സത്യത്തിലേക്ക് എത്തിച്ചേരാനള്ള  ശ്രമത്തിന്ന് ഈ കാഴ്ച അവര്‍ക്ക് പ്രേരണയേകി. യേശു ദൈവ പുത്രനാണെന്ന് കരുതുന്ന ഒരു മഹാ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ തിരുത്തണമെങ്കില്‍ ഖുര്‍ആന്‍ ഏറെ കരുത്തുള്ള ഒരു സ്രോതസ്സില്‍ നിന്ന് നിര്‍ഗമിക്കണമെന്ന് സാറ മനസ്സിലാക്കി. കന്യകയുടെ പ്രസവത്തെ പറ്റി പറയുന്ന ബൈബിളിനും ഖുര്‍ആനിനുമിടയില്‍ കാല വ്യത്യസമേറെയുണ്ടെങ്കിലും തികച്ചും ആധികരികതയോടെയും സൂക്ഷ്മതയോടെയും ബൈബിളിനെക്കാള്‍ മികവില്‍ ഖുര്‍ആന്‍ പറയുമ്പോള്‍ അത് വഹ്‌യ് എന്ന ദിവ്യാല്‍ഭുതത്തിന്റെ തെളിവ് കൂടിയാണെന്ന് സാറ വിശ്വസിച്ചു.

ഏറെ ചിന്തിച്ചതിന്നും അറിഞ്ഞതിന്നും ശേഷമാണു സാറ എന്ന യുവതിയുടെ ഇസ്‌ലാമാശ്ലേഷണം സംഭവിക്കുന്നത്. 1988 ല്‍ അവള്‍ ഇസ്‌ലാം സ്വീകരിച്ചത് പൊതു സമൂഹത്തിലും പ്രത്യേകിച്ച് അവളുടെ ഗൃഹാന്തരീക്ഷത്തിലും ഒച്ചപ്പാടുകള്‍ക്ക് കാരണമായി. മനുഷ്യനെ എങ്ങനെ വിവസ്ത്രമായിരിക്കാമെന്ന് ചിന്തിക്കുന്ന ഫാഷനുകള്‍ വിരിയുന്നിടത്ത് സര്‍വവും മറയ്ക്കുന്ന ഒരു ഹിജാബണിഞ്ഞ പെണ്ണോ? കുടുംബാംഗങ്ങളെ കൂടുതല്‍ ചൊടിപ്പിച്ച വിഷയമിതായിരുന്നു. 

വിശുദ്ധ ഖുര്‍ആന്‍ ഒരു തെളിനീര്‍ കണക്കെ അവളുടെ തീക്ഷ്ണമായ ഏകാന്തതകളില്‍ മനസ്സില്‍ പെയ്തിറങ്ങിയത് വിശുദ്ധ ഖുര്‍ആന്റെ ദൈവികതക്കുള്ള തെളിവായി അവള്‍ കണക്കാക്കി. മര്‍യം(അ)യുടെ ജീവിതവും ത്യാഗവും തന്റെ ജീവിതത്തില്‍ കടന്നു പോകുന്ന ഘട്ടവുമായി താദാത്മ്യപ്പെടുത്തി സൂറത്തു മര്‍യമും സൂറത്തു ആലുഇംറാനിലെ ചില ഭാഗങ്ങളും സാറ അതീവ ശ്രദ്ധയോടെ വായിച്ചെടുത്തു. ഈ വായന പിന്നീട് ജീവിതത്തില്‍ കടന്നു വന്ന സംവാദങ്ങളിലും പ്രഭാഷണങ്ങളിലും നിഴലിച്ചു നിന്നു.
    
നിരന്തര വായനയും പഠനവും അറബി അടക്കമുള്ള ഭാഷകളിലെ അവഗാഹവും സാറ ജോസഫിനെ  ശ്രദ്ധേയയായ വ്യക്തിത്വമായി മാറ്റി. ബി ബി സി, അല്‍ജസീറ, സി എന്‍ എന്‍ തുടങ്ങിയ  ടി വി ചാനലുകളിലെ ചര്‍ച്ചകളില്‍   അവള്‍ തുടര്‍ച്ചായി ക്ഷണിക്കപ്പെട്ടു. 'രാഷ്ട്രീയ ഇസ്‌ലാം പടിഞ്ഞാറിന്ന് ഭീഷണിയോ?' എന്ന വിഷയത്തില്‍ ദോഹയില്‍ നടന്ന സംവാദത്തിലെ അവരുടെ പങ്കാളിത്തം വളരെ ശ്രദ്ധ നേടിയിരുന്നു. ടൈംസ് മാഗസിന്‍, ഗാര്‍ഡിയന്‍ ദിനപത്രം തുടങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ പ്രസിദ്ധീകരങ്ങളിലും സാറ ജോസഫ് തന്റെ സാന്നിധ്യം അറിയിച്ചു വരുന്നു. 
    
കാര്‍ട്ടര്‍ ആണ്ടെര്‍സണ്‍ (Carter Anderson) തയ്യാറാക്കിയ പട്ടികയില്‍ ബ്രിട്ടനിലെ നൂറ് ശക്തരായ സ്ത്രീകളില്‍ ഒരാളാണ് സാറ ജോസഫ്. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയും (Georgetown Universtiy) ജോര്‍ദാന്‍ റോയല്‍ ഇസ്‌ലാമിക് ഗവേഷണ കേന്ദ്രവും ലോകത്തെ 500 അതികായരായ മുസ്‌ലിം വ്യക്തിത്വങ്ങളുടെ കൂട്ടത്തിലാണ് അവരെ എണ്ണിയിരിക്കുന്നത്. 1999 ല്‍ കിംഗ് ഫൈസല്‍ സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യത്തെ വനിതയെന്ന ബഹുമതിയും അവര്‍ കരസ്ഥമാക്കി. 2004 ല്‍ ബ്രിട്ടിഷ് രാജ കുടുംബത്തിന്റെ ഒ ബി ഇ (OBE) അവാര്‍ഡ് സാറയെ തേടിയെത്തി. ധനാത്മക മതസംവാദത്തിന്നും സ്ത്രീകളുടെ അവകാശ ബോധവത്കര ണത്തിന്നും  സാറ ജോസഫ് വഹിച്ച പ്രയത്‌നത്തെ പരിഗണിച്ചായിരുന്നു  അവാര്‍ഡ്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച് എലിസബത്ത് രാജ്ഞി തന്നെ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കുകയുണ്ടായി.
    
2004 ല്‍ ജോസഫും ഭര്‍ത്താവും ചേര്‍ന്ന് സ്ഥാപിച്ച ഇമെല്‍ മാഗസിന്റെ സി ഇ ഒ ആയി  അവര്‍ പ്രവത്തിച്ചു വരുന്നു.   മുസ്‌ലിം ജീവിത ശൈലി  ഭക്ഷണം, വസ്ത്രം, സംസ്‌കാരം, രാഷ്ട്രീയം, വിനോദം തുടങ്ങി പൊതുവില്‍ ലോകത്തെയും വിശിഷ്യാ ബ്രിട്ടനിലെയും മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ദിശ നല്‍കുകയാണ് ഇമെല്‍ ചെയ്യുന്നത്. 2005 ല്‍ 30 രാജ്യങ്ങളില്‍നിന്നായി   20,000 ഓളം  വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ  ഇമെല്‍ ഇന്ന് അറുപതിലധികം രാജ്യങ്ങളിലെ മുസ്‌ലികളും അല്ലാത്തവരുമായ അനേകം വായനക്കാരെ സൃഷ്ടിച്ച ബ്രിട്ടനിലെ മുന്‍നിര മാധ്യമങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം നേടിയിരിക്കുന്നു. 

മുസ്‌ലിം ലോയേര്‍സ് അസോസിയേഷന്റെ ( Association of Muslim Lawyers (AML)) സ്ഥാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മഹമൂദ് അല്‍ റാശിദ് ആണ് സാറയുടെ ഭര്‍ത്താവ്. മക്കള്‍ ഹസന്‍, സുമയ്യ, അമീറ എന്നിവര്‍ക്കൊപ്പം അവര്‍ ലണ്ടനില്‍ താമസിച്ചു വരുന്നു.

 
 

Feedback