Skip to main content

ഡോ. ജെഫ്രി ലാങ്ങ്

''ദൈവം കാരുണ്യവാനും സ്‌നേഹസ്വരൂപനുമാണെങ്കില്‍ എന്തിനവന്‍ ഈ ഭൂമിയില്‍ ചിലരെ കഷ്ടപ്പെടുത്തുന്നു? ദൈവത്തിനെന്തേ സ്വര്‍ഗം ഇവിടെ പണിതു കൂടേ?'' കൗമാരക്കാരനായ ജെഫ്രി ഈ ചോദ്യങ്ങള്‍ പലരോടും ചോദിച്ചുകൊണ്ടിരുന്നു. സമൂഹം, പ്രത്യേകിച്ച് തന്റെ കുടുംബത്തിന്റെ മതമായ ക്രൈസ്തവതയും ചര്‍ച്ചും വിശുദ്ധമായി കണ്ടിരുന്നതിനെയെല്ലാം അവന്‍ ചോദ്യം ചെയ്തു. അവയ്ക്ക് കൃത്യമായ ഉത്തരം ആരും അവന്ന് പറഞ്ഞു കൊടുത്തതുമില്ല.
    
അങ്ങനെ 18-ാം വയസ്സു മുതല്‍ അവനൊരു ദൈവനിഷേധിയായി. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ബുദ്ധിമാനായ ജെഫ്രി അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ചേര്‍ന്നു. സുമുഖനും ഊര്‍ജസ്വലനുമായ ആ അധ്യാപകന്‍ തന്റെ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പിലും ചിലപ്പോഴൊക്കെ സമര്‍പ്പിച്ചു. നിരാശ മാത്രമായിരുന്നു ഫലം.
    
ഒരിക്കല്‍ സര്‍വകലാശാലയിലെ തന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്കു മുമ്പിലും ഈ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ ആദ്യമായി, ജെഫ്രിയെ സംതൃപ്തനാക്കും വിധമുള്ള ചില ഉത്തരങ്ങള്‍ അവരില്‍ നിന്ന് കിട്ടി. അദ്ദേഹത്തിലേക്ക് ദൈവചിന്ത മെല്ലെ കടന്നുവരാന്‍ തുടങ്ങി.
    
മറ്റൊരിക്കല്‍, തന്റെ ക്ലാസിലെ മിടുക്കനും ഊര്‍ജസ്വലനുമായ സുഉൂദി വിദ്യാര്‍ഥി മഹ്മൂദ് ഖന്‍ദീലിനോടും ജെഫ്രി തര്‍ക്കിച്ചു. വൈദ്യ ഗവേഷണത്തെക്കുറിച്ചായിരുന്നു തര്‍ക്കം. മഹ്മൂദ് ഖന്‍ദീലിന്റെ ശുഭാപ്തിയോടെയും  കൃത്യവുമായ ഉത്തരങ്ങള്‍ക്കു മുന്നില്‍ ജെഫ്രി നിശ്ശബ്ദനായി. ദൈവം യാഥാര്‍ഥ്യമാണെന്ന് ആ ഗണിതാധ്യാപകന്റെ ഹൃദയം മന്ത്രിച്ചു. തൊട്ടടുത്ത ദിവസം, ജീവിതത്തില്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ ഉപഹാരവുമായാണ് ഖന്‍ദീലെത്തിയത്-വിശുദ്ധ ഖുര്‍ആന്‍. പിന്നെ ഇസ്‌ലാമിനെക്കുറിച്ചുള്ള ഏതാനും പുസ്തക ങ്ങളും!
    
ഖുര്‍ആന്‍ വായന തുടങ്ങിയ ജെഫ്രി അതിന്റെ ആകര്‍ഷണ വലയത്തിനകത്തായി. തന്റെ ചിരകാല സംശയങ്ങള്‍ ഒന്നൊന്നായി അലിഞ്ഞുപോകുന്നത് അദ്ദേഹം അനുഭവിച്ചറിഞ്ഞു. ഇസ്‌ലാം ജെഫ്രിലാങ്ങിന്റെ ജീവശ്വാസമായി.

ജീവിതരേഖ

അമേരിക്കയിലെ ബ്രിഡ്സ്റ്റ് പോര്‍ട്ടിലെ റോമന്‍ കത്തോലിക്ക കുടുംബത്തില്‍ 1954 ജനുവരി 30 ന് ജനനം. കുടുംബത്തിന്റെ വിശ്വാസപ്രകാരം കത്തോലിക്ക സഭയുടെ സ്‌കൂളില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ചേര്‍ന്നു. എന്നാല്‍, മതവും ദൈവവും ക്രൈസ്തവത വെച്ചുപുലര്‍ത്തിയ ആത്മീയ മൂല്യങ്ങളും ജെഫ്രി ലാങ്ങ് എന്ന കൗമാരക്കാരന് പിടിച്ചില്ല. അതിനെയെല്ലാം ചോദ്യം ചെയ്തുകെണ്ടാണ് വളര്‍ന്നത്.

സ്‌കൂള്‍ പഠനത്തിനു ശേഷം വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. 25-ാംവയസ്സില്‍ പ്രശസ്തമായ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയില്‍ ഗണിത വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം. 1981 ല്‍ പര്‍ഡ്വു സര്‍വകലാശാലയില്‍ നിന്ന് പി. എച്. ഡി. ഇതിനിടെ 1980ലാണ് നിരീശ്വരവാദത്തില്‍ നിന്ന് ദൈവത്തിലേക്കും ഇസ്‌ലാമിന്റെ തെളിമയാര്‍ന്ന ഏകദൈവ വിശ്വാസത്തിലേക്കുമെത്തിയത്.

കാന്‍സാസ് സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനം ചെയ്യുന്ന ജെഫ്രിലാങ്ങ് രചിച്ച ഗ്രന്ഥങ്ങള്‍ അമേരിക്കയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ആയിരക്കണക്കിന് സത്യാന്വേഷികള്‍ക്ക് ജീവിത വെളിച്ചം പകരുന്നു.


Even Angels ask: A journey to islam in America (മാലാഖമാര്‍ പോലും ചോദിക്കുന്നു: ഒരു അമേരിക്കക്കാരന്റെ ഇസ്‌ലാം യാത്ര) എന്ന പുസ്തകം തന്നെയാണ് ജെഫ്രിലാങ്ങിന്റെ മാസ്റ്റര്‍ പീസ്. മലയാളമുള്‍പ്പടെ നിരവധി ഭാഷകളിലേക്ക് അത് ഭാഷാന്തരണം ചെയ്യപ്പെട്ടു.


Struggling to Surrender Some Impression of an American Convert to Islam, Loosing my religion: A call for help. തുടങ്ങിയവയും മുസ്‌ലിമായതിനു ശേഷം അദ്ദേഹം രചിച്ചവയാണ്. Struggling to Surrender 'പോരാട്ടവും കീഴടങ്ങലും' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 


സുഉൂദി വനിത റെയ്ക്കയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.


 

Feedback