Skip to main content

മര്‍യം/മാര്‍കേത്ത

നുണകളുടെ പ്രളയത്തിലായിരുന്നു അവളുടെ ബാല്യം. കേള്‍ക്കുന്നതൊക്കെ നേരാണെന്ന് അവള്‍ വിശ്വസിച്ചു. ഒന്ന് മാറ്റുരച്ചുനോക്കുവാനോ അന്വേഷിച്ചറിയാനോ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമുള്ള മുസ്‌ലിംകളില്‍ പെട്ട ഒരു വിദ്യാര്‍ഥി പോലും അവളുടെ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ഹീനവും  എന്നാല്‍ ദയനീയവുമായ ചിത്രമായിരുന്നു  മാര്‍ക്കേത്തയുടെ ഉള്ളിലെ മുസ്‌ലിം സ്ത്രീ.  പുരുഷ മേധാവിത്തത്തിന്റെ നഖത്തിന്നു കീഴില്‍ സ്വാതന്ത്ര്യത്തിന്റെ നെടുവീര്‍പ്പ് പോലും നിഷേധിക്കപ്പെട്ട് ചരിത്രത്തില്‍ പഠിച്ച യൂറോപ്പിലെ അടിമകളെപോലെ അടിയും തൊഴിയും ക്രൂര മര്‍ദനവും ഏറ്റു വാങ്ങി ജീവിതം തള്ളിനീക്കുന്ന നിസ്സഹായ ജന്മങ്ങളായ മുസ്‌ലിം സ്ത്രീകള്‍ അവളുടെ ബാല്യകാലത്തെ പേക്കിനാവുകളില്‍ ഇടക്കൊക്കെ സ്ഥാനം പിടിക്കാതിരുന്നില്ല.

ചെകോസ്ലോവാക്യയില്‍ ജനിച്ച മാര്‍കേത്തയുടെ ബാല്യകാലാനുഭവമാണ് നടേ സൂചിപ്പിച്ചത്. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന ഇസ്‌ലാം വിരുദ്ധ നീക്കങ്ങളുടെ ഇരകളില്‍ അനേകരില്‍ ഒരാളാണ് കൊച്ചു മാര്‍കേത്ത. കാലം മുന്നോട്ടു നീങ്ങി.  പാരമ്പര്യമായി കലയും സംഗീതവും അഭിനയവുമൊക്കെ  നിറഞ്ഞുനിന്ന അവളുടെ കുടുംബാന്തരീക്ഷത്തില്‍ അവള്‍ ഒരു കലാകാരിയായി വളര്‍ന്നു. ചെക്ക് പട്ടണമായ Mlada Boleslav ലെ ഫൈന്‍ ആര്‍ട്‌സ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രസിദ്ധമായ ഡോക്ടര്‍ ജോസീഫാ പെക്കാരെ   സ്ഥാപിച്ച Gymnáziu Dr. J. Pekare സ്‌കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ചെക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നിന്ന്  ഇംഗ്ലീഷില്‍ ബിരുദവും നേടി. ശേഷം  Prague Film Academy യില്‍ നിന്ന് 2004 ല്‍ അനിമേഷന്‍ ഡയരക്ഷനില്‍ ബിരുദവും  യു.കെയിലെ  National Film School ല്‍ നിന്ന്   പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

പഠന കാലഘട്ടത്തിന്നിടയില്‍ തന്നെ  കലാരംഗത്ത് സജീവത പുലര്‍ത്തിയിരുന്ന മാര്‍കേത്ത ഒട്ടനവധി കലാ സൃഷ്ടികളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ പലതും ലോക പ്രശസ്തമായിട്ടുണ്ട്. ME 90 LOVE എന്ന ചലച്ചിത്രം ഇത്തരത്തില്‍ ഒന്നാണ്.  2012  ല്‍ ഇറ്റലിയില്‍ നടന്ന മിസ്സ് മോട്ടോര്‍ ഇന്റര്‍ നാഷണല്‍ ആയും റോഡ്‌സേഫ്റ്റി അംബാസിഡര്‍ ആയും  മാര്‍ക്കേത്ത തിരെഞ്ഞെടുക്കപ്പെടുകയുണ്ടായി. 48 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത മത്‌സരാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് മാര്‍കേത്തയെ വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ ഡിസൈനര്‍, അനിമേഷന്‍, ഫിലിം നിര്‍മാതാവ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ഈ ചെകസ്ലോവാക്യക്കാരി വിശ്വവിഖ്യാതയായിത്തീര്‍ന്നു. ലോകോത്തര വാണിജ്യ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ അടങ്ങുന്ന പോസ്റ്ററുകളും ഹ്രസ്വ ചലച്ചിത്രങ്ങളും നിര്‍മിക്കുവാന്‍ മാര്‍കേത്തയെ തേടി വന്നു. അഡിഡാസ്, വോഡോ ഫോണ്‍ തുടങ്ങിയ കമ്പനികളുടെ ആഡുകള്‍ മാര്‍കേത്ത നിര്‍മിച്ചപ്പോള്‍ മുമ്പില്ലാത്ത വിധം ജന സമ്മതി നേടി. സോപ്പ് നിര്‍മാതാക്കളായ ഡോവ്, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയാ, പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഓപെല്‍ തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. ഇടപാടുകാരുടെ നിര വര്‍ധിച്ചപ്പോള്‍ തലസ്ഥാനമായ പ്രാഗ് കേന്ദ്രമാക്കി ഒരു പ്രമുഖ പരസ്യ ക്കമ്പനിയും മാര്‍കേത്ത രൂപം നല്‍കുകയുണ്ടായി. ചലച്ചിത്ര രംഗത്തെ കഴിവിനുള്ള അംഗീകാരമായി ചെക്കിലെ ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍ പേര്‍സണന്‍ ബഹുമതിയും മാര്‍കേത്തയെ തേടിയെത്തി. 

പ്രശസ്തിയും പണവും ജീവിത സൗകര്യവും കണക്കിലേറെ ലഭിച്ചിട്ടും മാര്‍കേത്തയുടെ അകത്തളത്തില്‍ അസംതൃപ്തിയുടെ നിഴല്‍ സാദാ തങ്ങിനിന്നു. 'ഇതൊക്കെ എന്തിന്' എന്ന ചോദ്യം തുടക്കത്തില്‍ മനസ്സില്‍ ഒരു നേര്‍ത്ത കാറ്റുപോലെ ദുര്‍ബലമായിരുന്നുവെങ്കിലും ഒരു കൊടുങ്കാറ്റായി രൂപം പ്രാപിക്കാന്‍ ഏറെ താമസിച്ചില്ല. കുത്തഴിഞ്ഞ ജീവിതരീതിയും ലഹരിയുമൊക്കെ സ്വസ്ഥത നല്‍കുമെന്ന മാര്‍കേത്തയുടെ കണക്കുകൂട്ടല്‍ ദിനംപ്രതി പിഴച്ചുകൊണ്ടിരുന്നു. പരിഹാരങ്ങള്‍ തേടി പലവഴികളിലൂടെ ഈ യുവതി സഞ്ചരിച്ചു. ജനിച്ചുവളര്‍ന്ന ക്രിസ്തുമതത്തില്‍ തുടങ്ങി പലതിലും ആ മനസ്സ് വിശ്രാന്തി തേടി അലഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ഒരു പരിഗണനയും ലഭിച്ചില്ലെന്ന് കൊച്ചുന്നാളിലെ ധരിച്ചുവശായ ഇസ്‌ലാമിനെ മൂന്ന് വര്‍ഷമായി തുടരുന്ന  അന്വേഷണത്തിന്റെ തുടക്കത്തില്‍ മാര്‍കേത്ത മാറ്റിവെച്ചെങ്കിലും ഒടുവില്‍ മറ്റൊരു സാധ്യതയും അവശേഷിക്കാതെ വന്നപ്പോള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നു. ഒരു മടുപ്പോടെ തുടങ്ങിയ ഇസ്‌ലാം വായന തന്റെ എല്ലാ തെറ്റിദ്ധാരണകളും തിരുത്തി മുന്നേറുന്നത് കണ്ടപ്പോള്‍ മാര്‍കേത്തയുടെ മനസ്സില്‍ ജിജ്ഞാസ വര്‍ധിച്ചു. ദുബായിലേക്ക് താമസം മാറ്റിയതോടെ ഇസ്‌ലാമിലെ പെണ്‍തിളക്കം അവര്‍ നേരിട്ടനുഭവിച്ചു. എവിടെയും നിറഞ്ഞുനില്‍ക്കുന്ന  സ്ത്രീസാന്ന്യധ്യം അവളുടെ അന്വേഷണത്തെ ത്വരിത ഗതിയില്‍ ലക്ഷ്യത്തിലെത്തിച്ചു. 2015   ഫെബ്രുവരി മാസം അവസാനം മാര്‍കേത്ത ഇസ്‌ലാമിനെ പുണര്‍ന്നപ്പോള്‍ 'സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ മഹനീയ സ്ഥാനമാണ് ആ മതം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്' എന്ന്    ലോകത്തോട് തുറന്നു പറയുകയും ചെയ്തു. ഹിജാബ് ധരിച്ച് മറിയം എന്ന പേര് സ്വീകരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട മാര്‍കേത്തയെ കണ്ട് സഹൃദയര്‍ മൂക്കത്ത് വിരല്‍ വെച്ചു. ഏതോ അറബിക് റിയാലിറ്റി ഷോയിലോ ഫാഷന്‍ പരേഡിലോ ആയിരിക്കാമെന്ന് വിചാരിച്ചു പലരും ആശ്വാസം കൊണ്ടു. പക്ഷേ  ക്യാമറക്കണ്ണുകള്‍ക്കും ഫ്‌ലാഷ് ലൈറ്റുകള്‍ക്കും അപ്പുറത്ത് 27 വര്‍ഷം കൊണ്ടു നേടിയെടുത്ത ഖ്യാതി മുഴുക്കെ കാല്‍കീഴിലിട്ട് തന്റെ കരള്‍കാമ്പില്‍ മുഴുക്കെ ഇഖ്‌ലാസ് നിറച്ച് ലോക രക്ഷിതാവിന്നു നല്‍കാന്‍ ഒച്ചപ്പാടുകളില്ലത്ത മറ്റൊരു ഇടനാഴിയിലേക്ക് നിശബ്ദയായി നടന്നു നീങ്ങുകയായിരുന്നു മാര്‍കേത്തയെന്ന മറിയം. 

ദുബൈയിലെ അലി ആന്റ് സണ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി നിയമിതായ മാര്‍കേത്ത മറിയം ദുബൈയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. 


 

Feedback