Skip to main content

മിറിയം ഫ്രാന്‍സുവാ

കലിതുള്ളി ഒഴുകിയെത്തുന്ന ഏതൊരു ജലപ്രവാഹവും സമുദ്രമെന്ന അപാരതക്കു മുമ്പില്‍ ശാന്തമാവും. ഇതൊരു ഗോചരമായ സത്യമാണ്. ഉഗ്രതാപിയായി സംഹരിക്കാനുള്ള സന്നാഹത്തോടെ കടന്നുവന്ന ഉമര്‍(റ)ന്റെ മനസ്സ് ഖുര്‍ആന്‍ എന്ന അജയ്യതക്കു മുമ്പില്‍ തണുത്തുറഞ്ഞത് ചരിത്രത്തിലെ ഒരു നേര്‍സാക്ഷ്യമാണെങ്കില്‍ വര്‍ത്തമാന കാല അനേക സാക്ഷ്യങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഐറിഷ് പാരമ്പര്യമുള്ള ബ്രിട്ടീഷ് നടിയായിരുന്ന മിറിയം ഫ്രാന്‍സുവാ (Myriam Francois- cerrah) എന്ന 39 കാരിയുടെത്. 'ഖുര്‍ആന്‍ എന്റെ ഭ്രമണകേന്ദ്രമായിരുന്നു. എന്റെ മുസ്‌ലിം സുഹൃത്തുക്കളെ വിമര്‍ശിക്കുവാനും എതിര്‍ക്കുവാനും വേണ്ടി തികഞ്ഞ വിദ്വേഷത്തോടെയായിരുന്നു ഞാനതിനെ സമീപിച്ചത്. പിന്നീട് തുറന്ന മനസ്സോടെ അത് പാരായണം ചെയ്യാന്‍ തുടങ്ങി.' 

1983ല്‍ ലണ്ടനിലാണ് മിറിയം ഫ്രാന്‍സുവാ അല്ലെങ്കില്‍ എമെലി ഫ്രാന്‍സുവാ (Emilie Francois) ജനിക്കുന്നത്. 1811ല്‍ ജെയിന്‍ ഓസ്റ്റിന്‍ രചിച്ച Sense and sensibility എന്ന നോവലിനെ ആധാരമാക്കി 1995ല്‍ സംവിധാനം ചെയ്ത സിനിമയിലെ ബാലതാരമായാണ് മിറിയം വെള്ളിത്തിരയില്‍ ഇടം നേടുന്നത്. ജനമനസ്സുകളില്‍ ഇടം നേടിയ ഒരു ബാലതാരത്തില്‍ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് പ്രസിദ്ധരായ നടീനടന്‍മാരോടൊപ്പം തന്റെ അഭിനയജീവിതം ആരംഭിച്ച മിറിയം പ്രശസ്തിയുടെ ചവിട്ടുപടികളിലൂടെ ഏറെ മുന്നില്‍ സഞ്ചരിച്ചു. പാശ്ചാത്യ മാധ്യമപ്പടയില്‍ നിന്നുമാത്രം അറിഞ്ഞ ഇസ്‌ലാമിനെ മിറിയം എതിര്‍ത്തും വെറുത്തും പോന്നു.

കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് അവരുടെ മനസ്സ് മാറുന്നത്. കുറെ മുസ്‌ലിം കൂട്ടുകാര്‍ക്കിടയില്‍ അവരുടെ ആത്മാര്‍ഥമായ സ്‌നേഹവും പരിഗണനയും മിറിയമിനെ വീര്‍പ്പുമുട്ടിച്ചു. എങ്കിലും തന്റെ മുന്‍ധാരണകള്‍ തിരുത്താന്‍ അവര്‍ക്ക് ഏറെ സമയമെടുക്കേണ്ടി വന്നു. എതിര്‍ക്കാനും തിരസ്‌കരിക്കാനും ഖുര്‍ആന്‍ വായിച്ചു തുടങ്ങിയ അവര്‍ നടേ മനസ്സിലാക്കി വെച്ച നിലപാടുകളില്‍ നിന്ന് ക്രമേണ വ്യതിചലിച്ചു. ആ മാറ്റം ഇസ്‌ലാമിന്റെ ശീതളഛായയിലേക്ക് മിറിയയെ നയിച്ചു. 2003 ല്‍ സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ ഡിഗ്രി നേടുന്നതോടെ മിറിയ ഒരു പൂര്‍ണ മുസ്‌ലിമായിത്തീര്‍ന്നു. ഇസ്‌ലാമിലെ പ്രഥമ പാഠങ്ങള്‍ സ്വായത്തമാക്കിയ ഉടനെത്തന്നെ ചര്‍ച്ചില്‍ പോകുമ്പോഴും തണുപ്പുകാലത്തും അമ്മ ഉപയോഗിച്ചിരുന്ന സ്‌കാഫ് ധരിച്ചുകൊണ്ടവര്‍ കാമ്പസില്‍ വന്നതായി പിന്നീട് സ്മരിക്കുകയുണ്ടായി. ഒരു ജര്‍മന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ശിരോവസ്ത്രത്തെ പറ്റി ഇങ്ങനെയാണ് അവര്‍ പ്രതികരിച്ചത്. 'പൊതുസമൂഹവുമായി സംവേദനം നടത്തുന്നിടത്ത് സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള ഉപകരണമാണ് ശിരോവസ്ത്രം.'

കാംബ്രിഡ്ജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെ ജറൂസലേമില്‍ ഒരു ഫലസ്തീന്‍ സന്നദ്ധ സംഘടനക്കു വേണ്ടി ഒരു വര്‍ഷം വളണ്ടിയര്‍ ആയി ജോലി നോക്കി. 2005ല്‍ അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ അറബികില്‍ എം.എയും പൗരസ്ത്യ രാഷ്ട്രീയത്തില്‍ പ്രാവീണ്യവും നേടാന്‍ ചേര്‍ന്നു. അവിടെ വെച്ച് ബസ്സാം ഹദ്ദാദിന്റെ അറബ് ടെററിസം എന്ന ഡോക്യുമെന്ററി പ്രവര്‍ത്തനവുമായി സഹകരിച്ചു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍ എഴുതാനും തുടങ്ങി. തുടര്‍ന്ന് എമല്‍ മാഗസിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 2010 ല്‍ Exeter University യിലെ ഗവേഷക എന്ന നിലക്ക് 'Islamophobia and Anti-Muslim Hate Crime: UK Case Studies' എന്ന വിഷയത്തില്‍ യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ തന്റെതായ ഒരു പഠന റിപ്പോര്‍ട്ട് മിറിയം സമര്‍പ്പിക്കുകയുണ്ടായി. 

വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ വ്യക്തിത്വവുമാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍ എന്ന് മിറിയ ഊന്നിപ്പറയുന്നു. ഇസ്‌ലാം സ്വീകരിച്ചത് കൊണ്ട് ഞാന്‍ ഒരു പുതിയ മതത്തിന്റെ വക്താവായി എന്നതല്ല, മറിച്ച് മുന്‍വേദങ്ങളെ മുഴുവന്‍ ശരിവെക്കുന്ന ഒരു അന്തിമസുവിശേഷത്തിന്റെ ഒരനുയായി ആയി എന്നതായിരിക്കും ശരി. യേശുവും മോശയും അബ്രഹാമുമൊക്കെ നടന്നുനീങ്ങിയ ഈ രാജപാതയില്‍ ഞാന്‍ അവരുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ഏതെങ്കിലും ഒരു മതത്തില്‍ നിന്നും ഞാന്‍ തിരിച്ചു നടക്കുകയല്ല, മറിച്ച് പ്രപിതാവായ ആദം മുതലുള്ള അനേകലക്ഷം കണ്ണികളില്‍ ഞാനും കണ്ണി ചേര്‍ന്ന് ആ പാരമ്പര്യത്തെ വിളക്കിച്ചേര്‍ക്കുകയാണെന്ന് കൂടി അവര്‍ ചേര്‍ത്തുപറഞ്ഞു. 

പൊതുവിഷയങ്ങളിലും പ്രത്യേകിച്ച് മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും മിറിയയുടെ അഭിപ്രായം പൊതുവില്‍ മാധ്യമങ്ങളൊക്കെ മുഖവിലക്കെടുക്കാറുണ്ട്. നിലവില്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സൊസൈറ്റിയുടെ വക്താവ് കൂടിയാണവര്‍. ബി.ബി.സി, ന്യൂസ് നൈറ്റ്, ബി.ബി.സി. ബിഗ് ക്വെസ്റ്റിയന്‍, ബി.ബി.സി. റേഡിയോ, ദ ടൈംസ്, ദ ഇന്‍ഡിപെന്‍ഡന്റ്, ദി ലണ്ടന്‍ പേപ്പര്‍, ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ മിറിയ സ്ഥിരമായി ക്ഷണിക്കപ്പെടാറുണ്ട്. 

പുറത്തെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്ക്കുമ്പോഴും ഉള്ളിലെ ആത്മാവിന്റെ തീര്‍ഥയാത്രയുടെ ഉയരം മിറിയയുടെ വാക്കുകളിലൂടെ അളക്കുവാന്‍ കഴിയും. ഒരു വാരികയുടെ പ്രതിനിധിയോട് അവര്‍ തുറന്നു പറഞ്ഞു: 'എന്റെ ഏറ്റവും പ്രിയപ്പെട്ട നമസ്‌കാരം പ്രഭാത നമസ്‌കാരമാണ്'. പിന്നെ പുഞ്ചിരി തൂകിക്കൊണ്ട് അവര്‍ പറഞ്ഞു: 'ലോകം മുഴുക്കെ ഉറങ്ങുന്ന ആ നിശബ്ദ നിമിഷങ്ങളില്‍ എന്റെ അകത്തളമാകെ ഉദാത്തവല്ക്കരിക്കാന്‍ കഴിയുന്ന പലതുമുണ്ട്'. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ ഡിഫില്ലിന് വേണ്ടി പഠിക്കുന്ന മിറിയ ഇപ്പോള്‍ ബംഗ്ലാദേശിലെ അനാഥരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്. 
 

Feedback