Skip to main content

അംന ഫാറൂഖി/പൂജാലാമ

മേനിയഴകിന്റെ മനം മയക്കുന്ന മാസ്മരികതയായി പരസ്യങ്ങളില്‍ ആ ഡാര്‍ജിലിങ്ങ് സുന്ദരി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ശബ്ദ സൗകുമാര്യം കൊണ്ട് സംഗീത ലോകം അവളുടെ മുന്നില്‍ നൃത്തം ചവിട്ടി. അഭ്രപാളികളില്‍ അഭിനയത്തികവിന്റെ മഹാപ്രതിഭയായി അവര്‍ നിറഞ്ഞു നിന്നു. നേപ്പാളിലെ സുന്ദരിമാര്‍ അവളെക്കുറിച്ച് അസൂയപ്പെട്ടു

ഇത് പൂജാലാമയെന്ന നേപ്പാളിലെ നടിയും ഗായികയും പരസ്യ മോഡലും. പതിനെട്ടാം വയസ്സില്‍ ആദ്യ വിവാഹം. അതിലൊരു ആണ്‍ കുട്ടി. ഇതിനിടെ മറ്റൊരാളുമായി പ്രണയത്തില്‍ വീണു. അവന്‍ പക്ഷേ, പൂജയെ വഞ്ചിച്ചു. മാനസികമായി തളര്‍ന്ന അവര്‍ മദ്യത്തിലും പുകവലിയിലും 'ആശ്വാസം' കണ്ടെത്തി. ഇതിനിടെ മാധ്യമങ്ങള്‍ അവളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞു. വിവാദങ്ങള്‍ ഒഴിയാബാധയായി പൂജയെ പിന്തുടര്‍ന്നു. ഒരുവേള ജീവനൊടുക്കാന്‍ ഒരുമ്പെട്ടു ഈ നേപ്പാളിന്റെ സിനിമാ സുന്ദരി. പക്ഷേ, ദൈവനിയോഗം പോലെ അവള്‍ തിരിച്ചു വന്നു.

താന്‍ പിറന്നത് ബുദ്ധമതത്തിലാണെങ്കിലും ആ വിശ്വാസം പൂജാലാമയെ തൃപ്തിപ്പെടുത്തിയില്ല. അവള്‍ ഹൈന്ദവ- ക്രൈസ്തവ- ഇസ്‌ലാം മതങ്ങളെ അടുത്തറിഞ്ഞു. ഇസ്‌ലാമിലെ ഏകദൈവ വിശ്വാസം പൂജയെ വല്ലാതെ ആകര്‍ഷിച്ചു.

ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചാരണങ്ങളെയും അവള്‍ പരിശോധിച്ചു. എല്ലാം അടിസ്ഥാന രഹിതമാണെന്നു കണ്ടെത്തിയതോടെ കൂടുതല്‍ അടുത്തറിയാനായി ചില യാത്രകളും നടത്തി. ദുബൈയിലും ഖത്തറിലുമെത്തിയ പൂജ ഇസ്‌ലാമിക നാഗരികതയെയും തൊട്ടറിഞ്ഞു.

ഇതിനെല്ലാം അവളെ പ്രേരിപ്പിച്ചത്, ബുദ്ധമതം വിട്ട് ഇസ്‌ലാം സ്വീകരിച്ച ചില സുഹൃത്തുക്കളായിരുന്നു. അമ്മയുടെ പൂര്‍ണ സമ്മതത്തോടെ 2010 ല്‍, തന്റെ 28-ാം വയസ്സില്‍ പൂജാലാമ ഇസ്‌ലാമിന്റെ തണലിലെത്തി. മേനിയഴക് പഴങ്കഥയായി. മുഖമക്കന ധരിച്ച്, നഗ്നത മറച്ച് അവള്‍ അംന ഫാറൂഖിയായി.

മുസ്‌ലിമായതോടെ സിനിമ നിര്‍മാതാക്കളും പരസ്യക്കമ്പനിക്കാരും സിനിമലോകം തന്നെയും പൂജയെ അവഗണിച്ചു. എന്നാല്‍ ഹിജാബ് അഴിച്ചു വെക്കുന്ന പ്രശ്‌നമില്ലെന്നു തന്നെയായിരുന്നു അവളുടെ പക്ഷം.

''ഞാന്‍ ഇരുട്ടിലായിരുന്നു. ഞാനിപ്പോള്‍ ഇസ്‌ലാമിന്റെ വെളിച്ചത്തിലാണ് നില്‍ക്കുന്നത്. ഞാന്‍ തികച്ചും ആനന്ദവതിയാണ്''- അവള്‍ പറയുന്നു.

''നീ ശരിയായ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിന്റെ സന്തോഷത്തിലാണ് എന്റെ സംതൃപ്തി''. പൂജയുടെ അമ്മ പുതിയ ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് പറഞ്ഞു.
 

Feedback