Skip to main content

ബിലാല്‍ യൂസുഫ് മുഹമ്മദ്/ഫ്രാങ്ക് റിബറി

''മതം എന്റെ സ്വകാര്യതയാണ്. ഇസ്‌ലാമിനെ ഞാന്‍ തെരഞ്ഞെടുക്കുന്നതോടെ ഞാനൊരു ഉറച്ച ദൈവ വിശ്വാസിയായി. ഞാന്‍ ഇപ്പോള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവനാണ്. മതം എന്റെ വ്യക്തിത്വത്തെയോ ലോകത്തോടുള്ള എന്റെ വീക്ഷണത്തെയോ തെല്ലും മാറ്റിയിട്ടില്ല. എന്നെ ഞാനാക്കിയ എന്റെ പിതാവിനും എന്റെ പ്രിയതമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.''

2014 ലെ യുവേഫയുടെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഫ്രാങ്ക് റിബറി എന്ന ബിലാല്‍ യൂസുഫ് മുഹമ്മദ് മനസ്സ് തുറന്നു. റിയല്‍ മാഡ്രിഡിന്റെ ക്രിസ്സ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സിലോണയുടെ ലയണല്‍ മെസ്സിയെയും പിന്നിലാക്കി 'യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ 2014' പുരസ്‌കാരത്തിന് അദ്ദേഹം കടപ്പെട്ടത് രണ്ടു പേരോടാണ്, തന്റെ വഴികാട്ടിയായ പിതാവ് റിബറിയോടും തന്റെ ജീവിത പങ്കാളിയും ഇസ്‌ലാമിക വഴികാട്ടിയുമായ വാഹിലെ റിബറിയോടും.

ജീവിതരേഖ

1983 ഏപ്രില്‍ ഏഴിന് ഫ്രാന്‍സിലെ ബൊലോങ്ങെ എന്ന ഗ്രാമത്തിലാണ് ഫ്രാങ്ക് റിബറിയുടെ ജനനം. പിതാവ് ഫ്രാങ്കോയിസ് റിബറിയും മാതാവ് മേരി വിയറിയും. ദരിദ്ര കുടുംബം പോറ്റാന്‍ പിതാവ് കെട്ടിട നിര്‍മാണ തൊഴിലിന് പോയി. ബാലനായ ഫ്രാങ്കും പിതാവിനൊപ്പം ജോലിക്ക് പോകാന്‍ തുടങ്ങി. അതോടൊപ്പം തെരുവു കുട്ടികളോടൊപ്പം പന്തു തട്ടാനും.

രണ്ടാം വയസ്സില്‍ ഫ്രാങ്കും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ ഫ്രാങ്ക് റിബറിയെക്കുറിച്ച് അന്ന് ഡോക്ടര്‍ പറഞ്ഞതിങ്ങനെ: ''രക്ഷപ്പെടാന്‍ സാധ്യതയില്ല. ഇനി അത്ഭുതം സംഭവിച്ചാല്‍ തന്നെ വികൃതമായ മുഖത്തോടെയും വൈകല്യം നിറഞ്ഞ അവയവങ്ങളോടെയുമായിരിക്കും ആ ജീവിതം.''

എന്നാല്‍ ദൈവവിധി മറ്റൊന്നായിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ ഇതിഹാസം സൈനുദ്ദീന്‍ സൈദാന്റെ പിന്‍ ഗാമിയായി ഫ്രഞ്ച് മധ്യനിരയില്‍ പിന്നീട് ലോകം കണ്ടത് ഫ്രാങ്ക് റിബറിയെന്ന ചെറുപ്പക്കാരനെ. 1998 ല്‍ സൈനുദ്ദീന്‍ സൈദാന്‍ ലോകകപ്പ് ഫ്രാന്‍സിലേക്ക് കൊണ്ടുവന്നപ്പോള്‍ പാരീസിന്റെ തെരുവില്‍ ഫ്രാങ്ക് റിബറിയെന്ന പതിനഞ്ചുകാരനുണ്ടായിരുന്നു. അതേ സൈദാന്‍ പില്‍കാലത്ത് ഫ്രാങ്ക് റിബറിയെപ്പറ്റി പറഞ്ഞത്, 'ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന്റെ ആഭരണം' എന്നായിരുന്നു. സൈദാനോടൊപ്പം കളിക്കുകയും ചെയ്തു റിബറി.

ആറാം വയസ്സില്‍ പന്തു തട്ടിത്തുടങ്ങി. 16-ാം വയസ്സില്‍ തന്നെ ക്ലബ് താരമായി. ഫ്രാന്‍സിലെ മാര്‍സിലെ ക്ലബ്ബിലെത്തിയതോടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി കിരീടങ്ങള്‍ നേടിയ ക്ലബ്ബുകളിലെ മിന്നും താരമായി റിബറിയെ 2007 ല്‍ ജര്‍മനിയിലെ പ്രശസ്തമായ ബയേണ്‍ മ്യൂണിക്ക് റാഞ്ചി; 25 മില്യന്‍ യൂറോക്ക്.

വൈകാതെ, 2006 ല്‍ ഫ്രഞ്ച് ദേശീയ ടീമില്‍ ഇടം നേടി. 2006 ലും 2010 ലും ലോകഫുട്‌ബോള്‍ മേളയില്‍ ഫ്രാന്‍സിന്റെ മധ്യനിരക്കാരനായി. 2014 ല്‍ പരിക്കുകാരണം മാറിനില്‍ക്കേണ്ടി വന്നു. ആ വര്‍ഷം തന്നെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിട പറയുകയും ചെയ്തു. 8 വര്‍ഷത്തിനിടെ 81 തവണ ദേശീയ ടീമിനുവേണ്ടി ബൂട്ടണിഞ്ഞു; ഫ്രാങ്ക് റിബറി.

2014 ല്‍ യൂറോപ്യന്‍ ഫുട്‌ബോളറായും മൂന്നു തവണ ഫ്രഞ്ച് ദേശീയ ഫുട്‌ബോളറായും ഒരു തവണ ജര്‍മന്‍ ഫുട്‌ബോളറായും തെരഞ്ഞെടുക്കപ്പെട്ടു ഈ പ്രതിഭ.

ഇസ്‌ലാമിലേക്ക്

2002 ലാണ് ഫ്രാങ്ക് റിബറി ക്രൈസ്തവ മതം വിട്ട് ഇസ്‌ലാമിലെത്തിയത്. പേര്‍ ബിലാല്‍ യൂസുഫ് മുഹമ്മദ് എന്നാക്കി. 2004 ല്‍ അള്‍ജീരിയക്കാരി വാഹിബ ബലാമിയെ വിവാഹം ചെയ്തു. ഇതില്‍ രണ്ടു മക്കളുണ്ട്. ഹിസിയയും ഷഹനാബും.

2015 ല്‍ വിശുദ്ധ ഹജ്ജിനായി മക്കയിലെത്തിയ ബിലാല്‍ യൂസുഫ് മുഹമ്മദിന്റെ സുജൂദ് ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 20 ലക്ഷത്തിലധികം പേരാണ് അത് കണ്ടത്.

വിവാഹാനന്തരവും ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ന്ന ബിലാല്‍ യൂസുഫ് ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിന്റെ നെടും തൂണായി തുടര്‍ന്നു. ലോകകപ്പ് മത്സരങ്ങളിലും ക്ലബ്ബ് ഫുട്‌ബോളിലും നിറസാന്നിധ്യമായ ബിലാലിനെ പക്ഷേ മാധ്യമങ്ങള്‍ എപ്പോഴും ഫ്രാങ്ക് റിബറി എന്നു തന്നെയാണ് പരിചയപ്പെടുത്തുന്നത്.

Feedback