Skip to main content

മര്‍യം ജമീല/ മാര്‍ഗരറ്റ് മാര്‍ക്കസ്

ന്യൂയോര്‍ക്കില്‍ ജൂതകുടുംബത്തിലും ക്രൈസ്തവ സമൂഹത്തിലും വളര്‍ന്നുവന്ന മാര്‍ഗരറ്റ് എന്ന യുവതിക്ക് ചുറ്റുപാടും നടക്കുന്നതൊന്നും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മദ്യപാനവും പുകവലിയും നൃത്തവും പോലുള്ള സംസ്‌കാരത്തിന് നടുവില്‍ വീര്‍പ്പുമുട്ടി മനസ്സ് വേദനിച്ച അവര്‍ ചിത്രകലയിലും സംഗീതത്തിലും അഭയം തേടി.

അറബ് സംഗീതത്തോടായിരുന്നു അവര്‍ക്ക് കൂടുതല്‍ താല്പര്യം. അറബ് ആല്‍ബങ്ങളുടെ കൂട്ടത്തില്‍ ഗായിക ഉമ്മുക്കുല്‍സൂമിന്റെ 'സൂറത്തു മര്‍യം' എന്ന ഖുര്‍ആന്‍ പാരായണവുമുണ്ടായിരുന്നു. അത് മാര്‍ഗരറ്റിന്റെ ഹൃദയത്തെ പിടിച്ചുവെച്ചു.

അറബ് സംഗീതത്തോടുള്ള മമത സാവധാനം അറബി ഭാഷയിലേക്കും ഖുര്‍ആനിലേക്കും ഇസ്‌ലാമിലേക്കും പടര്‍ന്നു. തന്റെ പാരമ്പര്യമതമായ ജൂതമതവും തനിക്കു ചുറ്റുമുള്ള ക്രിസ്തുമതവും അവര്‍ക്ക് നല്‍കിയിട്ടില്ലാത്ത പലതും ഇസ്‌ലാം നല്‍കി. അവളുടെ കൗമാരം മുതലേ അവളെ അലട്ടിയിരുന്ന മരണം, മരണാനന്തരം എന്നീ സമസ്യകള്‍ക്ക് ഉത്തരം കിട്ടിയത് ഇസ്‌ലാമില്‍ നിന്നായിരുന്നു.

തികച്ചും ആകസ്മികമായാണ് മര്‍മഡ്യൂക്ക് പിക്താളിന്റെ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയും വിശ്രുത ഹദീസ് സമാഹാരമായ മിശ്ക്കാത്തുല്‍ മസ്വാബിഹിന്റെ ഇംഗ്ലീഷ് പരിഭാഷയും മാര്‍ഗരറ്റിന്റെ കൈകളിലെത്തിയത്. അവളുടെ സമസ്ത സന്ദേഹങ്ങള്‍ക്കും അതോടെ അറുതിയായി.

മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയും ഇസ്‌ലാം അറ്റ് ദി ക്രോസ് റോഡും മാര്‍ഗരറ്റിന് പുതിയ  വായനാനുഭവങ്ങള്‍ നല്‍കി. ഇതിനിടെ 1956ല്‍ അവള്‍ ന്യൂയോര്‍ക്കിലെ സര്‍വകലാശാലയില്‍ ഇസ്‌ലാമിലെ ജൂതമതത്തിന്റെ സ്വാധീനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍ ഇസ്‌ലാം മാര്‍ഗരറ്റിന്റെ ഹൃദയത്തെ കീഴടക്കിയതോടെ ആ പഠനം അവസാനിപ്പിച്ചു.

മാനസിക സംഘര്‍ഷം അവളെ രോഗിയാക്കിയെങ്കിലും ചികിത്സക്കിടയിലും ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 1961 മെയ് 24ന് അവര്‍ ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക് സെന്ററിലെത്തി തന്റെ ഇസ്‌ലാം പ്രവേശം പ്രഖ്യാപിച്ച് മര്‍യം ജമീലയായി.

ജീവിതരേഖ

സാര്‍ ഭരണകാലത്ത് റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തില്‍ 1934 മെയ് 23നാണ് മര്‍യം ജമീല ജനിച്ചത്. ന്യൂയോര്‍ക്കിനടുത്തുള്ള ന്യൂറോഷില്ലയിലാണ് അവര്‍ താമസിച്ചിരുന്നത്.

ബാല്യം മുതലേ രോഗിയായിരുന്നെങ്കിലും അതീവ ബുദ്ധിമതിയായിരുന്നു. കൗമാരക്കാലത്ത് തന്റെ ചുറ്റുപാടിലുള്ള മലീമസമായ സംസ്‌കാരങ്ങളെ അവര്‍ വെറുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തു. ജൂത-ക്രൈസ്തവര്‍ ഇസ്‌റാഈലിനെ പിന്തുണക്കുകയും ഫലസ്തീനിനെയും അറബികളെയും എതിര്‍ക്കുകയും ചെയ്തപ്പോള്‍ മര്‍യമിന്റെ നിലപാട് മറിച്ചായിരുന്നു.

ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം റോഴ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍ രോഗം നിമിത്തം അവള്‍ക്ക് ക്ലാസ്സിലെത്താന്‍ സാധിച്ചിരുന്നില്ല. 1953ല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്നു. ജൂതമതത്തെയും ബഹായിസത്തെയും കുറിച്ച് പഠിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് ഇസ്‌ലാമിലേക്ക് തിരിയുന്നതും പഠനങ്ങള്‍ക്കൊടുവില്‍ മുസ്‌ലിമായി പുതുജീവിതം തുടങ്ങുന്നതും.

1961ല്‍ ഇസ്‌ലാം സ്വീകരിച്ച മര്‍യം ജമീല പാക്കിസ്താനിലേക്ക് പോവുകയാണുണ്ടായത്. അബുല്‍ അഅ്‌ലാ മൗദൂദിയായിരുന്നു മര്‍യം ജമീലയുടെ സ്വാധീന വ്യക്തിത്വങ്ങളിലൊന്ന്. മൗദൂദിയുടെ വീട്ടില്‍ താമസിച്ച അവരെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന മുഹമ്മദ് യൂസുഫ്ഖാന്‍ 1963 ല്‍ വിവാഹം കഴിച്ചു.

ശിഷ്ടജീവിതം ഗ്രന്ഥരചനയില്‍ മുഴുകിയ അവര്‍ 30ഓളം കനപ്പെട്ട കൃതികള്‍ ലോകത്തിന് സംഭാവന ചെയ്തു. പാശ്ചാത്യ സംസ്‌കാരത്തെ മര്‍യം ശക്തിയായി എതിര്‍ത്തു.

Islam and Modernism, Islam and Orientalism, Islam and the Muslim Woman today, Islam vs the west തുടങ്ങിയ അവരുടെ ഗ്രന്ഥങ്ങള്‍ ആറിലധികം ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.

സംഭവ ബഹുലമായ ആ ജീവിത ചരിത്രം ഡിബോറ ബേക്കര്‍ എഴുതിയിട്ടുണ്ട്. 2012 ഒക്‌ടോബര്‍ 31ന് മര്‍യം ജമീല ലാഹോറില്‍ വെച്ച് നിര്യാതയായി.


 

Feedback