Skip to main content

സൈനബ് ഇസ്മാഈല്‍

Fitness Essentials LLC എന്ന പ്രശസ്ത സ്ഥാപനത്തിന്റെ ഉടമസ്ഥ,  Fit for Allah Sister's Exercise Class ന്റെ പരിശീലക, ചലന ചികിത്‌സക (Movement Therapist), പ്രസംഗക, ഇസ്‌ലാമിക പ്രബോധക, പോഷകപ്രാധാന്യമുള്ള ഭക്ഷണ രീതിയെ പറ്റിയുള്ള  ഗവേഷക, അമേരിക്കകകത്തും പുറത്തുമുള്ള ഫിറ്റ്‌നസ് കമ്മ്യുണിറ്റിയുടെ കാര്യദര്‍ശി തുടങ്ങി ഒട്ടനവധി തലങ്ങളില്‍ ഏറെ പ്രശസ്തയാണ് സൈനബ് ഇസ്മാഈല്‍. മുസ്‌ലിം സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഹിജാബ് ഒരു തടസ്സമാണെന്ന് വാദിക്കുന്നവര്‍ക്ക് മുമ്പില്‍ 'ഹിജാബ് എന്റെ കിരീടമാണെന്നും അത് ദൂരെയെറിഞ്ഞാല്‍ ഞാന്‍ എന്റെ സാമ്രാജ്യത്തിലെ ഒരു സാധാരണ പ്രജ മാത്രമാണെന്നും' പ്രഖ്യാപിച്ച് മുസ്‌ലിം സ്ത്രീക്ക് അപ്രാപ്യമെന്നു കരുതുന്ന കായിക രംഗത്ത് ഒരു അതുല്യ മാതൃകയായി സൈനബ് വിളങ്ങി നില്‍ക്കുന്നു. ആകാരം വെളിപ്പെടുത്തുന്ന ഇറുകിയ ഉടുപ്പുകള്‍ക്കും ഫിറ്റ്‌നസ് രംഗത്തെ പ്രചാരത്തിലുള്ള നാമമാത്രമായ വസ്ത്രങ്ങള്‍ക്കും പകരം ശരീരമാസകലം മറയുന്ന രൂപത്തില്‍ വസ്ത്രധാരണം നടത്തിയാണ് അരോഗ ശരീരത്തെ പടുത്തുയര്‍ത്താനുള്ള ടിപ്പുകളുമായി അവരും സഹപ്രവര്‍ത്തകരും മുന്നോട്ട് നീങ്ങുന്നത്. ഫിറ്റ്‌നസ് ക്ലബ് അംഗങ്ങള്‍ക്കും ഭക്ഷണ രീതി, ഡിവിഡികള്‍, ബുക് ലെറ്റുകള്‍ തുടങ്ങിയവയൊക്കെ സൈനബ് വിതരണം നടത്തിവരുന്നു. ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും മാത്രം പ്രോത്‌സാഹിപ്പിക്കുന്ന അവര്‍ പഴച്ചാര്‍ തയ്യാറാക്കുമ്പോള്‍ പാലിന് പകരം ഇളനീര്‍ ഉപയോഗിക്കുവാന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. സദാ കര്‍മനിരതയും ഉന്മേഷവതിയുമായ നാല്‍പതു പിന്നിട്ട  സൈനബിന് വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഒരു ഭൂതകാലമുണ്ട്.
 
'എന്റെ അവസാനത്തെ നിശ്വാസം വരെയും ഞാന്‍ സുജൂദില്‍ കിടന്നാലും എനിക്ക് നല്‍കപ്പെട്ട അനുഗ്രഹത്തിനു പകരമാവില്ല. ഞാന്‍ എന്താണോ  മുസ്‌ലിമാകുന്നതിന്നു മുമ്പ് ചെയ്തിരുന്നത് അത് വളരെ ഭംഗിയായി നിര്‍വഹിക്കുവാന്‍ അല്ലാഹു എനിക്ക് അവസരം നല്‍കി. എന്റെ മനസ്സ് നിറച്ചും അല്ലാഹു നല്‍കിയ ഈ അനുഭൂതിയും എനിക്ക് കിട്ടിയ ഈ പുതുവെളിച്ചവും എന്നെ അനുഗൃഹീതയാക്കി മാറ്റിയിരിക്കുന്നു. ഇത് എന്റെ ജോലിയേക്കാളുപരി ദഅ്‌വത്തുമായി മുന്നോട്ട് പോകാന്‍ എന്നെ പ്രചോദിപ്പിക്കുന്നു.' സൈനബ് നല്‍കിയ അനേകം അഭിമുഖങ്ങളില്‍ ഒന്ന് ഇങ്ങനെയാണ് തുടങ്ങുന്നത്.

പ്യൂര്‍ട്ടോ റിക്കോ (Puerto Rico)യിലാണ് സൈനബ് ജനിച്ചതെങ്കിലും വളര്‍ന്നതും വലുതായതും ന്യൂയോര്‍ക്കിലാണ്. ചെറുപ്പത്തിലേ സ്‌പോര്‍ട്‌സില്‍ തല്പരയായിരുന്ന അവര്‍ ജിംനാസ്റ്റിക്കും പരമ്പരാഗത നൃത്തവും വശത്താക്കിയിരുന്നു. സൈനബിന്റെ പിതാവ് തികഞ്ഞ കത്തോലിക്കനും പ്രാദേശിക രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവുമായിരുന്നു.  തന്റെ പൊതുപ്രവര്‍ത്തനത്തിലെ പ്രചോദനം പിതാവായിരുന്നുവെന്ന് സൈനബ് ഇന്നും അഭിമാനത്തോടെ പറയുന്നുണ്ട്. സ്‌കൂളിലും കോളേജ് തലങ്ങളില്‍ അവര്‍ സ്ഥിരം ഫിറ്റ്‌നസ് മത്‌സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2001 ല്‍ National Academy of Sports Medicine (NASM) ന്റെ വിദഗ്ധ വനിതയായി അവര്‍ നിര്‍ദേശിക്കപ്പെട്ടു. അമേരിക്കയിലെ ഓരോ പട്ടണത്തിലും ഈ ആവശ്യാര്‍ഥം സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ സൈനബ് മുഖ്യ സാന്നിധ്യം അറിയിച്ചു. 2002 ല്‍ ഹോങ്കോങ്ങിലും മലേഷ്യയിലും സംഘടിപ്പിച്ച പരിപാടികളില്‍ പ്രഥമ അമേരിക്കന്‍ അത്‌ലറ്റിക് എന്ന നിലയില്‍ അവര്‍ പങ്കെടുത്തു.

സൈനബ് ഇസ്മാഈല്‍ ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്നത് ഒരു നീണ്ട യാത്രക്കും പഠനത്തിനും ശേഷമാണ്. വളരെയധികം സാഹചര്യങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുവാന്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അതെല്ലാം പരിപൂര്‍ണ ഇഖ്‌ലാസില്‍ മനസ് എത്തിയിട്ടില്ലെന്ന് മനസ്സിലാക്കി 2009 വരെ അവര്‍ അത് നീട്ടിക്കൊണ്ടു പോയി. 

1998ല്‍ നാഷണല്‍ ലെവലില്‍ ഉള്ള ഒരു മത്‌സര വേദിയില്‍ വെച്ച് സൈനബിന്റെ സഹമത്‌സരാര്‍ഥിയായിരുന്ന ഒരു ലബനാനി സുഹൃത്ത് അവരുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ചു. 'ഞാനും അവനും ഒരേ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ എന്താ കുഴപ്പം' എന്നായിരുന്നു സൈനബിന്റെ ചോദ്യം. കൂടുതല്‍ തര്‍ക്കത്തിനു മുതിരാതെ ഖുര്‍ആനിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് അയാള്‍ സൈനബിന് നല്‍കുകയും ചെയ്തു. ഒന്നോ രണ്ടോ പേജുകള്‍ മാത്രം  വായിച്ച് അവര്‍ അത് ഷെല്‍ഫില്‍ വെച്ചു. 2002 ല്‍ മലേഷ്യയിലെ കൊലാലമ്പൂര്‍ സര്‍വകലാശാലയില്‍ അവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒരു റമദാനിലായിരുന്നു. പകല്‍ മുഴുവന്‍ ശൂന്യമായ നിരത്തുകള്‍ രാത്രികളില്‍ നിറയുന്നതും അമേരിക്കന്‍ പട്ടണങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാതടപ്പിക്കുന്ന റാപ്പ് സംഗീതമോ ക്ലബുകളോ ഇല്ലാത്ത തെരുവുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണവും പുരുഷന്മാരും ഹിജാബണിഞ്ഞ സ്ത്രീകളും പള്ളികളിലേക്ക് ഒഴുകുന്നതും സൈനബിന്റെ മനസ്സില്‍ എവിടെയോ ഇളക്കമുണ്ടാക്കി. പക്ഷേ ഒരു മാറ്റത്തിനൊന്നും അത് പ്രേരകമായിത്തീര്‍ന്നില്ല. 

2009 മാര്‍ച്ചില്‍  ലോസ് ഏഞ്ചലന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ അവരുടെ ഉറ്റ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചര്‍ച്ചില്‍ എത്തി. വിവാഹത്തിന്റെ ചടങ്ങുകള്‍ ഓരോന്നും തീര്‍ത്തും യാന്ത്രികമായി മാത്രമാണ് അവര്‍ക്കപ്പോള്‍ അനുഭവപ്പെട്ടത്. 'ഇനി ഒരിക്കലും ഒരു കത്തോലിക്കനാകാന്‍ എന്നെ കിട്ടില്ല.' അതിന് ശേഷം അവര്‍ തീര്‍ത്തു പറഞ്ഞു. ദൈവവുമായുള്ള ആത്മാര്‍ഥവും ഗാഢവുമായ  ബന്ധത്തിന് ഈ യാന്ത്രികത വിലങ്ങ് നില്‍ക്കുമെന്നായിരുന്നു അവര്‍ അതിന് കണ്ടെത്തിയ കാരണം. അന്ന് വീട്ടില്‍ എത്തിയ ഉടനെ എങ്ങനെ മുസ്‌ലിമാകാം എന്ന് അവര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. താന്‍ ശഹാദ നിര്‍വഹിക്കുവാന്‍ പോവുകയാണെന്ന് തന്റെ അറബ് അമേരിക്കന്‍ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. അവര്‍ ഒരു കെട്ട് പുസ്തകവുമായി സൈനബിനെ തേടിയെത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: 'ഇതൊക്കെ വായിക്ക്'  ഒന്ന് രണ്ട് പേജുകളൊക്കെ വായിച്ച് അതും അവരുടെ പുസ്തകക്കൂനയില്‍ വിശ്രമിച്ചു. 

2009 ജൂണില്‍ അതായത് റമദാനിന്റെ തൊട്ടുമുമ്പ് അവര്‍ ഒരു ബിസിനസ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ അല്പം അകലെ പാര്‍ക്ക് ചെയ്ത കാറിന്നടുത്തേക്ക് നടക്കുന്നതിന്നിടയില്‍ എന്തോ ഒരു ശക്തമായ പ്രചോദനം അവരുടെ മനസ്സിനുള്ളില്‍ അലയടിക്കുന്നത് അവര്‍ക്കനുഭവപ്പെട്ടു. സ്വാര്‍ഥതയുടെ ഒരു തന്തു പോലും ഇനി ശഹാദ നിര്‍വഹിക്കുന്നതിനു തടസ്സമായി മനസ്സില്‍ ബാക്കി നില്‍ക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. അല്ലാഹുവാണ് എന്റെ മനസില്‍ അങ്ങനെ തോന്നിപ്പിച്ചതെന്നു സൈനബ് പറയുന്നു. പതിവുപോലെ അവര്‍ വീണ്ടും സുഹൃത്തുക്കളെ വിളിച്ചു. അടുത്ത വെള്ളിയാഴ്ച പള്ളിയില്‍ വെച്ചാകട്ടെ ശഹാദ എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ശഹാദ സ്വയം നിര്‍വഹിക്കാമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് തോന്നി ഇനി സമയം കാത്ത് നില്‍ക്കേണ്ടെന്ന്. നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഒരു മുസ്‌ലിം പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ പ്പറ്റി ഒരു ഏകദേശ ധാരണയുണ്ടാക്കി. സൈനബ് പറഞ്ഞത് പോലെ 'അല്ലാഹുവും മാലാഖമാരും എന്റെ ലാപ്പ്‌ടോപ്പും സാക്ഷി നില്‍ക്കെ ഞാന്‍ ശഹാദ നിര്‍വഹിച്ചു. ദിവസങ്ങള്‍ക്ക് ശേഷം കടന്നു വന്ന ആ വര്‍ഷത്തെ റമദാന്‍ മുഴുവന്‍  സൈനബ് നോമ്പ് അനുഷ്ഠിച്ചു. ചോദ്യശരങ്ങളുമായി എത്തിയ കുടുംബത്തോട് വളരെ സൗമ്യമായ ശൈലിയില്‍ പ്രതികരിക്കുകയും കൂടുതല്‍ അറിവുനേടാതെ അവരുമായി സംസാരിക്കുക അസാധ്യമാണെന്ന് മനസിലാക്കിയ അവര്‍ മക്ക സെന്ററിലെ പുതു വിശ്വാസികള്‍ക്കുള്ള കോഴ്‌സിന് ചേരുകയും ചെയ്തു. 'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തീര്‍ത്തും അത്‌ലറ്റിക്കും ഒരു ഫിറ്റ്‌നസ് ട്രെയിനറുമായ എന്റെ വേഷവും ഭാവവും അവിടുത്തെ പഠനം കൊണ്ട് മാറി. ജീവിതത്തില്‍ ഏറെ സമയം ഒരു ബിക്‌നി ഡ്രസില്‍ മാത്രം ജീവിച്ച ഞാന്‍ 2010 ജനുവരിയില്‍ ഹിജാബ് ധരിക്കാന്‍ ആരംഭിച്ചു'. അവിടുത്തെ പഠനത്തെപ്പറ്റി ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണമായിരുന്നു ഇത്.

Feedback