Skip to main content

ഉബൈദുല്ല സിന്ധി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്ക് പുറത്ത് നിന്ന് കരുക്കള്‍ നീക്കിയ ബുദ്ധിരാക്ഷസനായിരുന്നു ഉബൈദുല്ല സിന്ധി. അഫ്ഗാനിസ്താന്‍, റഷ്യ, സുഊദിഅറേബ്യ, ചൈന തുടങ്ങിയ വിവിധ രാജ്യങ്ങളിലിരുന്ന് കൊണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര പോരാളി.

പഞ്ചാബിലെ സിയാല്‍കോട്ടില്‍ 1872 മാര്‍ച്ച് 1-നാണ് ജനനം. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ പിതാവ് മരണപ്പെട്ടിരുന്നു. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം, തന്റെ 15-ാം വയസ്സിലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. തന്റെ ഒരു ഹിന്ദു സുഹൃത്ത് 'തുഹ്ഫതുല്‍ ഹിന്ദ്' എന്ന പുസ്തകം വായിക്കാന്‍ കൊടുത്തതിലൂടെയാണ് സിന്ധിയുടെ ഇസ്‌ലാം പ്രവേശനത്തിന് നാന്ദിയാവുന്നത്. അതിനുശേഷം 'തഖിയ്യാതുല്‍ ഈമാന്‍', 'അഹ്‌വാലുല്‍ ആഖിറ' തുടങ്ങിയ പുസ്തകങ്ങള്‍ കൂടി വായിച്ചതോടെ ഇസ്‌ലാമിനോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം അതിയായി വര്‍ധിച്ചു. അങ്ങനെ 1887ല്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ദാറുല്‍ഉലൂമില്‍ നിന്ന് റശീദ് അല്‍ ഗംഗോലി, ശൈഖുല്‍ഹിന്ദ്മഹ്മൂദ് ഹസന്‍, തുടങ്ങിയ പണ്ഡിതരില്‍ നിന്ന് അദ്ദേഹം നിരവധി ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കി.

1891ല്‍ ദയൂബന്ദില്‍ നിന്ന് അദ്ദേഹം ബിരുദം നേടി. നിരവധി പണ്ഡിതന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം മൗലാനാ അസീമുള്ളാഹ്ഖാന്റെ മകളെയാണ് വിവാഹം ചെയ്തത്. 1909ല്‍ മഹ്മൂദ്ഹസന്റെ നിര്‍ദേശ പ്രകാരം ഉബൈദുള്ള സിന്ധി ദയൂബന്ദില്‍ ചേര്‍ന്നു. അതോടുകൂടി സിന്ധിയുടെയുള്ളിലെ സ്വാതന്ത്ര്യ സമര പോരാളി ഉണരുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പ്രചാരണങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയി. 1912ല്‍ 'ഹദ്വാറതുല്‍ മആരിഫ്' എന്ന മദ്‌റസ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഇസ്‌ലാം പ്രചാരണവും ശക്തിയായി ആരംഭിച്ചു.

ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇസ്‌ലാമിക വിപ്ലവത്തിന് പിന്തുണ തേടിക്കൊണ്ട് അദ്ദേഹം അഫ്ഗാനിസ്താനിലെത്തി. ഈ മുന്നേറ്റങ്ങള്‍ 'സില്‍ക് ലൈന്‍ കോണ്‍സ്പിറസി' എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അവിടെവെച്ച് അഫ്ഗാന്‍ അമീര്‍ വാബിദുള്ളഖാനുമായി യോജിപ്പിലെത്തിയ അദ്ദേഹം, യുദ്ധം അവസാനിപ്പിക്കുന്നത് വരെ തന്ത്രങ്ങളൊരുക്കി അഫ്ഗാനില്‍ കഴിഞ്ഞു. അവിടെ നിന്ന് റഷ്യയിലേക്കും, പിന്നെ തുര്‍ക്കിയിലേക്കും കടന്ന അദ്ദേഹം നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. അവസാനം സുഊദി അറേബ്യയിലെത്തിയ ഉബൈദുല്ലാ സിന്ധി ഇസ്‌ലാമിക പഠനങ്ങളുമായി നീണ്ട 14 വര്‍ഷം അവിടെ കഴിഞ്ഞു.

അഫ്ഗാനില്‍ നിന്ന് സോവിയറ്റ് സര്‍ക്കാറിന്റെ ക്ഷണപ്രകാരം അവിടേക്കെത്തിയ അദ്ദേഹം അവിടെ വെച്ച് സോഷ്യലിസം പഠിച്ചു. നാട്ടിലുള്ള പലരും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയോ എന്ന് ചിന്തിച്ചുപോയി. എന്നാല്‍ കമ്യൂണിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ''കമ്യൂണിസം ഒരു പ്രകൃതി സമ്പ്രദായമല്ല, അത് അടിച്ചമര്‍ത്തലിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ്''. എന്നായിരുന്നു. അതോടൊപ്പം തന്നെ ''പ്രകൃതി നിയമങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഇസ്‌ലാം മതമാണ്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1915 മുതല്‍ ഇന്ത്യക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്ന് കരുക്കള്‍ നീക്കിയ ഈ മഹാത്യാഗിയോട് ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ 1936ല്‍ കോണ്‍ഗ്രസ് അപേക്ഷിച്ചു. ആ അപേക്ഷ സ്വീകരിച്ചു 1938ല്‍ കറാച്ചി തുറമുഖത്ത് വന്നിറങ്ങി. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. അവിടെ ശാഹ്‌വലിയുള്ളാഹി ദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പഠിപ്പിക്കാന്‍ തുടങ്ങി. 1944ല്‍ ഖാന്‍പൂരിനടുത്ത 'ദീന്‍പൂര്‍' ഗ്രാമത്തില്‍ താമസിക്കുന്ന തന്റെ മകളെ സന്ദര്‍ശിക്കാന്‍ പോയ സിന്ധിക്ക് അവിടെ വെച്ച് അസുഖം കലശലാവുകയും 1944 ഓഗസ്റ്റ് 21 ന് മരണമടയുകയും ചെയ്തു.

സ്വാതന്ത്ര്യ സമരസേനാനിയും ഇസ്ലാമിക പണ്ഡിതനുമായിരുന്ന അദ്ദേഹം, നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയായിരുന്നു. ശഊര്‍-ഓ-അഗാഹി, ഖുര്‍ആനി ശഊ-ഇ- ഇന്‍ഖിലാബി, ഖുത്വുബാത്-ഓ-മകലാത് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി 1990- ല്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന്റെ പേരില്‍ സ്റ്റാംപ് പുറത്തിറക്കി.

Feedback