Skip to main content

യിവോണ്‍ റിഡ്‌ലി

ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലം. ഇക്കാര്യത്തില്‍ അഫ്ഗാനിലെ തനി സാധാരണക്കാരനും താലിബാനികള്‍ക്കും എന്തു പറയാനുണ്ട് എന്നറിയാനുള്ള ജിജ്ഞാസയിലായിരുന്നു യിവോണ്‍ റിഡ്‌ലിയെന്ന 40 കാരി. അന്നവര്‍ ബ്രിട്ടണിലെ സണ്‍ഡേ എക്‌സ്പ്രസ്സിലെ പത്രപ്രവര്‍ത്തകയായിരുന്നു.

വിസയ്ക്കായി രണ്ടിലേറെ തവണ അപേക്ഷിച്ചു. പക്ഷേ തള്ളുകയായിരുന്നു. ഒടുവില്‍ അവള്‍ തീരുമാനിച്ചത് ഒളിച്ചുകടക്കാനായിരുന്നു. മുഖം മൂടുന്ന പര്‍ദ ധരിച്ച് യിവോണ്‍ അഫ്ഗാനിലെത്തി. എന്നാല്‍ ദിവസങ്ങള്‍ പിന്നിടവെ 2001 സെപ്തംബര്‍ 28ന് അവള്‍ താലിബാന്‍ സൈന്യത്തിന്റെ പിടിയിലായി.

അമേരിക്കയുടെ 'ഗ്വാണ്ടനാമോ'യെക്കാള്‍ ഭീകരമാണ് താലിബാന്‍ തടവറകളെന്ന് വായിച്ച ആ സാഹസിക പത്രക്കാരി മരണമുറപ്പിച്ച നാളുകള്‍. എന്നാല്‍ അവരെ ആദ്യം കൊണ്ടുപോയത് ശീതീകരിച്ച ഒരു മുറിയിലേക്ക്. അതിന്റെ താക്കോലും അവളുടെ കൈയില്‍ നല്‍കി. ആറുദിവസം ആ മുറിയില്‍ കഴിഞ്ഞ അവരെ അഞ്ചുദിവസം മറ്റൊരു മുറിയില്‍ പാര്‍പ്പിച്ചു. ഈ 11 ദിവസത്തിനിടെ ചിലര്‍ വന്ന് ചോദ്യം ചെയ്തു. തികച്ചും മാന്യമായ രീതിയില്‍.

മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടില്ല. സഹോദരി, വിരുന്നുകാരി എന്നിങ്ങനെയാണ് റിഡ്‌ലിയെ അവര്‍ വിളിച്ചത്. ചോദ്യം ചെയ്യല്‍ അല്പം നീണ്ടപ്പോള്‍ ക്ഷുഭിതയയ റിഡ്‌ലി ഒരിക്കല്‍, ചോദ്യം ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പി. എന്നിട്ടും അവരെ ആരും തൊട്ടതുപോലുമില്ല.

''ആദ്യദിനങ്ങളില്‍, നേരം പുലരുമ്പോഴെല്ലാം ഞാന്‍ ശാരീരിക പീഡനവും മരണവും മുന്നില്‍ കാണും. എന്നാല്‍ എല്ലാം ശാന്തമായി ആ ദിനങ്ങളില്‍ അസ്തമിക്കും. ഒടുവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ബോംബിങ്ങ് മാത്രമായി എന്റെ പേടി. അതും ഉണ്ടായില്ല.'' റിഡ്‌ലി തന്റെ അനുഭവം പങ്കുവെക്കുന്നു.

''ജയിലധികൃതര്‍ ഒന്നുമാത്രം ചെയ്തിരുന്നു. ഇടയ്ക്കിടെ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഞാന്‍ ആ ക്ഷണം നിരസിച്ചു. ഒരു വാക്ക് ഞാനവര്‍ക്ക് നല്‍കി. ജയില്‍ മോചിതയായാല്‍ ഖുര്‍ആന്‍ പഠിക്കാം എന്ന്. ''

11 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ റിഡ്‌ലി മോചിതയാക്കപ്പെട്ടു. കരാര്‍ പാലിച്ചുകൊണ്ട് അവര്‍  ഖുര്‍ആന്‍ വായിച്ചു. ഇസ്‌ലാം പഠിച്ചു. പുറത്തുള്ള പ്രചാരണമല്ല സത്യമെന്ന് അവള്‍ കണ്ടെത്തി. സ്ത്രീയെ അംഗീരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍, സ്ത്രീ അവകാശങ്ങളുടെ മാഗ്നകാര്‍ട്ടയാണെന്ന് കണ്ടെത്തി. ഒടുവില്‍ 2003 ജൂണ്‍ 30ന് യിവോണ്‍ റിഡ്‌ലി തന്റെ ഇസ്‌ലാം പ്രവേശം പ്രഖ്യാപിക്കുകയും ചെയ്തു.

ജീവിതരേഖ


ഇംഗ്ലണ്ടിലെ സ്റ്റാന്‍ലിയില്‍, ക്രൈസ്തവ കുടുംബത്തില്‍ 1959 ഏപ്രില്‍ 23ന് യിവോണ്‍ റിഡ്‌ലി ജനിച്ചു. പ്രാഥമിക പഠനം പൂര്‍ത്തിയാക്കും മുമ്പുതന്നെ പത്രങ്ങളില്‍ എഴുത്തു തുടങ്ങി. ലണ്ടനിലെ കോളജ് ഓഫ് പ്രിന്റിങ്ങില്‍  പത്രപ്രവര്‍ത്തക പരിശീലന കോഴ്‌സിന് ചേര്‍ന്നു. ഇക്കാലത്തുതന്നെ ബ്രിട്ടണിലെ വന്‍ പത്രങ്ങളായിരുന്ന ദി സണ്‍ഡെ ടൈംസ്, ദി ഇന്‍ഡിപ്പെന്റന്‍ഡ്, ദ ഒബ്‌സര്‍വര്‍ തുടങ്ങിയവയില്‍ എഴുതി.

പഠനം കഴിഞ്ഞിറങ്ങിയ യിവോണ്‍ ഇവയിലെല്ലാം ജോലി ചെയ്തു. വെയില്‍സ് ഓണ്‍ സണ്‍ഡേയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികയിലെത്തി. സാഹസിക പത്രപ്രവര്‍ത്തനത്തെ സ്‌നേഹിച്ച ഈ യുവതി യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനുള്ള താല്പര്യത്തിലാണ് അഫ്ഗാനിസ്താനിലേക്ക് നുഴഞ്ഞുകയറിയത്. 

അങ്ങനെയാണ് താലിബാന്റെ പിടിയിലായതും തടവില്‍ കഴിഞ്ഞതും. മോചനത്തിനുശേഷം ഖുര്‍ആന്‍ പഠിച്ച് മുസ്‌ലിമാവുകയും ചെയ്തു.

ഇസ്‌ലാമിലേക്ക് വന്നതിനുശേഷവും അവര്‍ മാധ്യമ പ്രവര്‍ത്തനം തുടര്‍ന്നു. ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങി ലോക പ്രശസ്ത മാധ്യമങ്ങളുടെ അവതാരകയായും റിപ്പോര്‍ട്ടറായും അഫ്ഗാനിസ്താന്‍, ഇറാഖ്, ഫലസ്തീന്‍ എന്നീ യുദ്ധ സ്ഥലങ്ങളില്‍ യിവോണെത്തിയിരുന്നു.

അല്‍ജസീറ ചാനലിലും പിന്നീട് ഇറാന്‍ വാര്‍ത്താ ചാനലായ പ്രസ്സ് ടി.വി.യിലും ഉയര്‍ന്ന തസ്തികകളില്‍ സേവനം ചെയ്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള 'ഡെയ്‌ലി മുസ്‌ലി'മി ല്‍ കോളമെഴുതിയിരുന്നു.

ഇസ്‌ലാമിലെ  സ്ത്രീ സ്വാന്ത്ര്യം അനുഭവച്ചറിഞ്ഞ യിവോണ്‍, വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് സ്ത്രീകള്‍ നേരിടുന്ന അവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദിച്ചു. അധിനിവേശ ശക്തികളുടെ യുദ്ധപ്പുറപ്പാടില്‍ തകര്‍ക്കപ്പെട്ട ബഗ്ദാദിലും കാബൂളിലും ഗസ്സയിലും അവരെത്തി. പ്രീഗസ്സ മൂവ്‌മെന്റില്‍ ചേര്‍ന്ന് ഇസ്‌റായീലി യുദ്ധക്കൊതിക്കെതിരെ പോരാടി. സ്ത്രീകളെ അണിനിരത്തി അവര്‍ ഫലസ്തീനിലേക്ക് ഗസ്സ മാര്‍ച്ച് നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു, ഈ മുഖമക്കന ധാരി.

താലിബാന്‍ തടവിലെ ദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള In the hands of Taliban, Her extra ordinary story,  God made me, who made you, Ticket to paradise, Muslims and News media, ISIS Management of savagery തുടങ്ങിയവ യിവോണിന്റെ കൃതികളാണ്. In search of Prisoner എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി.

2010ല്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യ വിസ നല്‍കിയില്ല. പിന്നീടൊരിക്കല്‍ കേരളത്തില്‍ വന്നിരുന്നു.


 

Feedback