Skip to main content

അബ്ദുന്നബി ബിന്‍അഹ്മദ് അല്‍ ഖന്‍ഖോഹി

ചെറുപ്രായം മുതല്‍ മതകാര്യങ്ങളില്‍ അതീവ തത്പരനായിരുന്നു ശൈഖ് അബ്ദുന്നബി ബിന്‍ അഹ്മദ് അല്‍ ഖന്‍ഖോഹി. ജീവിതത്തിന്റെ നാനാ മേഖലകളിലും നബിചര്യ മുറുകെപ്പിടിച്ചു ജീവിച്ച അദ്ദേഹം ഹദീസ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. വിജ്ഞാന സമ്പാദനത്തിനായി വിവിധ ഗുരുനാഥന്മാരെ തേടി അദ്ദേഹം യാത്രതിരിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായ മക്കയും മദീനയും രണ്ടു തവണ അദ്ദേഹം സന്ദര്‍ശിച്ചത് ഈ ഒരു ലക്ഷ്യത്തിനായിരുന്നു. മക്ക, മദീന സന്ദര്‍ശന വേളയില്‍ ഇബ്നു ഹജറുല്‍ ഹൈതമിയുടേ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. കുറഞ്ഞ കാലം കൊണ്ട് ശൈഖ് അബ്ദുന്നബി ഹൈതമിയുടെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായി മാറി. ഗുരുനാഥന്റെ ജീവിതം അദ്ദേഹത്തെ ഒരുപാടൂ സ്വാധീനിച്ചിട്ടുണ്ട്.

നബിയുടെ ജീവിത മാര്‍ഗം മുറുകെ പിടിക്കാനും ഖുര്‍ആനിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുവാനും അദ്ദേഹം തന്റെ സമുദായത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. മതത്തിലുണ്ടാക്കിയ പുത്തനാചാരങ്ങളെ നിഷ്‌ക്കരുണം തള്ളിക്കളയാനും അന്ധവിശ്വാസങ്ങളെ ചവറ്റുകുട്ടയിലെറിയാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.  ആശാവഹമായ ചില പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും അതിശക്തമായി ശൈഖ് പരീക്ഷിക്കപ്പെട്ടു.  അനാചാരങ്ങള്‍ക്കെതിരെ പോരാടിയതിനാല്‍ സ്വന്തം സമൂഹത്തില്‍ നിന്ന് തന്നെ ഉപരോധവും ഉപദ്രവവും തുടര്‍ക്കഥയായി.  എന്നാല്‍ പരീക്ഷണങ്ങളെ ധീരമായി വിവേകത്തോടെ നേരിട്ട അദ്ദേഹം അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ വിരാജിച്ചു.  തന്റെ മാന്യമായ പെരുമാറ്റവും വിവേക പൂര്‍ണമായ തീരുമാനങ്ങളും കൊണ്ട് ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.  മത വിഷയങ്ങളില്‍ യുക്തവും കര്‍ക്കശവുമായ നിലപാടുകള്‍ സ്വീകരിച്ച ആ മഹായോഗി ഹിജ്‌റ 991 (ക്രി:1570)ന് അക്ബറാബാദില്‍ വെച്ച് ഇഹലോക വാസം വെടിഞ്ഞു.
 
 

Feedback