Skip to main content

ഖലീല്‍ അഹ്മദ് സഹാറന്‍ഫൂരി

ഹിജ്‌റ 1269 (ക്രി:1848) സഫര്‍ മാസം അവസാനവാരം സഹാറന്‍ഫൂരിനടുത്തുള്ള നാനൂത ഗ്രാമത്തിലായിരുന്നു ഖലീല്‍ അഹ്മദ് സഹാറന്‍ഫൂരിയുടെ ജനനം.  ഉപ്പയുടെ കുടുംബപരമ്പര നബി(സ)യുടെ ഇഷ്ടതോഴന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരിയിലേക്കും ഉമ്മയുടെ കുടുംബപരമ്പര നബിയുടെ സന്തത സഹചാരിയും ഒന്നാം ഖലീഫയുമായ അബൂബക്ര്‍(റ) ലേക്കും ചേര്‍ക്കപ്പെടുന്നു. അറിവിന്റെ കാര്യത്തില്‍ മികച്ചു നിന്നവരായിരുന്നു ഇദ്ദേഹത്തിന്റെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബങ്ങള്‍. ഉദ്യോഗസ്ഥനായിരുന്ന പിതാവ് വീട്ടില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു ജോലി ചെയ്തിരുന്നത്.  അതുകൊണ്ട് ശൈഖ് അറിവിന്റെ മലര്‍വാടിയിലേക്ക് പ്രവേശിക്കുന്നത് തന്റെ ഉമ്മയുടെ പിതാവിന്റെ കൈ വിരല്‍ പിടിച്ചാണ്.  വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ലോകത്തേക്ക് വഴി കാണിച്ചത് പണ്ഡിതനായിരുന്ന അമ്മാവന്‍ ശൈഖ് മുഹമ്മദ് യഅ്ഖൂബായിരുന്നു.


നാട്ടില്‍ നിന്നു തന്നെ ഉര്‍ദുവും പേര്‍ഷ്യനും കരസ്ഥമാക്കിയ അദ്ദേഹം അറിവിന്റെ അനന്ത വിഹായസ്സുകള്‍ തേടി പണ്ഡിതന്മാര്‍ കൂടുതലുണ്ടായിരുന്ന 'ഗ്വാളിയോറി' ലേക്ക് പുറപ്പെട്ടു.  ദാറുല്‍  ഉലൂം സഹാറന്‍ഫൂര്‍ സ്ഥാപിതമായപ്പോള്‍ വിജ്ഞാന സമ്പാദനത്തിനായി ഇദ്ദേഹം അങ്ങോട്ടും യാത്രയായി. നീണ്ട പത്തൊമ്പത് വര്‍ഷം ഇദ്ദേഹം സഹാറന്‍ഫൂരില്‍ കഴിച്ചുകൂട്ടി. അറബി ഭാഷയിലും സാഹിത്യത്തിലും അറിവ് വര്‍ദ്ധിപ്പിക്കാന്‍ അവിടെ നിന്ന് ലാഹോറിലേക്ക് പോയി.  ഖുര്‍ആന്‍ മന:പാഠമാക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം നാട്ടിലെ പള്ളിയിലെ ഇമാമായിരുന്ന 'ഹാഫിദ്വി'നെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ വെറുതെയിരിക്കാന്‍ കൂട്ടാക്കാതിരുന്ന ശൈഖ് ഖുര്‍ആന്‍ സ്വയം പഠിക്കാന്‍ ആരംഭിക്കുകയും ഒരു വര്‍ഷം കൊണ്ട് തന്റെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.

ഭോപ്പാലിലും സിക്കന്തരാബാദിലും ദേല്‍പൂരിലും ബറേലിയിലും അധ്യാപകനായി സേവനമനുഷ്ഠി ച്ച് ഹിജ്‌റ 1308ല്‍ (ക്രി. 1887) ദാറുല്‍ ഉലൂം ദയൂബന്ദിലെത്തി ആറ് വര്‍ഷം അവിടെ അധ്യാപനത്തില്‍ മുഴുകി.  ഹിജ്‌റ 1314ല്‍ (ക്രി. 1893) മദ്വാഹിറുല്‍ ഉലൂം സഹാറന്‍ ഫൂരില്‍ പ്രവേശിച്ച ശൈഖ് ഖലീല്‍ അഹ്മദ് കോളേജിന്റെ അവിഭാജ്യ ഘടകമായി. നീണ്ട മുപ്പത് വര്‍ഷത്തിനിടയില്‍ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വാനോളമുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

നിരവധി സ്ഥാപനങ്ങളില്‍ ഒരുപാട് വര്‍ഷം സേവനമനുഷ്ഠിച്ച ശൈഖിന് വലിയ ശിഷ്യസമ്പത്തും ധാരാളം രചനകളുമുണ്ടായിരുന്നു. മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം മദ്വാഹിറുല്‍ ഉലൂമില്‍ നിന്ന് മദീനയിലേക്ക് പോയി.  മരണം വരെ മദീനയില്‍ കഴിച്ചുകൂട്ടിയ ശൈഖ് ഹിജ്‌റ 1346 (ക്രി. 1925) റബീഉല്‍ അവ്വല്‍ പതിനാറ് ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു.  ബഖീഇലാണ് ഇദ്ദേഹം മറമാടപ്പെട്ടത്.

പ്രധാന ശിഷ്യന്മാര്‍

ശൈഖ് മുഹമ്മദ് യഹ്‌യാ കാന്തഹ്‌ലവി, ശൈഖ് മുഹമ്മദ് ആശിഖ് അല്‍മീറത്തി, ശൈഖ് അല്‍ഹാഫിള് ഫയ്‌ളുല്‍ ഹസന്‍ അല്‍ഖന്‍ഖോഹി, ശൈഖ് മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി, ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി, ശൈഖ് മുഹമ്മദ് അബ്ദുല്ല ഖന്‍ഖോഹി.

പ്രധാന കൃതികള്‍

ബദ്‌ലുല്‍ മജ്ഹൂദ് ഫീ ഹല്ലി അബീദാവൂദ്
അല്‍ ബറാഹീനുല്‍ ഖാത്വിഅ: അലാദ്വിലാലില്‍ അന്‍വാരിസ്സാത്വിഅ:.
ഹിദായാതുര്‍ റശീദ് ഇലാ ഇഫ്ഹാമില്‍ അനീദ്
മത്വറഖത്തുല്‍ കറാമ: അലാ മിര്‍ആതില്‍ ഇമാമ
ഇത്മാമുന്നിഅമു അലാ തബ്‌വീബില്‍ ഹികം.

Feedback