Skip to main content

മുഹമ്മദ് യഅ്ഖൂബ് നാനൂതവി

കര്‍മശാസ്ത്രം, അടിസ്ഥാന ശാസ്ത്രം,  ഹദീസ്,  സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ വിശാലവും ആഴത്തിലുള്ളതുമായ അറിവിന്നുടമായിരുന്ന, ബുദ്ധിപരവും പ്രമാണ ബദ്ധവുമായ ചിന്തകളും വാക്കുകളുമായി നിരവധി ശിഷ്യഗണങ്ങള്‍ക്ക് മാര്‍ഗദര്‍ശനമേകിയ മഹാപണ്ഡിതനായിരുന്നു ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂതവി.

ഹിജ്‌റ 1249 (ക്രി. 1828) സ്വഫര്‍ 14-ന് 'നാനൂത' ഗ്രാമത്തിലാണ് ശൈഖ് യഅ്ഖൂബ് ഭൂജാതനാവുന്നത്.  കുടുംബ പരമ്പര ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ദീഖ്(റ)  എത്തി നില്‍ക്കുന്നു.  മഹാപണ്ഡിതനും സാത്വികനുമായിരുന്ന പിതാവായിരുന്നു ആദ്യ ഗുരു.  വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ശൈഖ് യഅ്ഖൂബ്, തനിക്ക് പതിനൊന്ന് വയസ്സായപ്പോള്‍ പിതാവിന്റെ കൂടെ ഡല്‍ഹിയിലേക്ക് യാത്രയായി. അവിടെ നിന്ന് വിജ്ഞാനത്തിന്റെ മഹാഗ്രന്ഥങ്ങള്‍ ഉപ്പയില്‍ നിന്നും ശൈഖുല്‍ മുഹദ്ദിസ് ശാഹ് അബ്ദുല്‍ ഗനി അല്‍മുജദ്ദിദിയില്‍ നിന്നും സ്വായത്തമാക്കി.

ഹിജ്‌റ 1272ന് (ക്രി. 1856) മക്ക സന്ദര്‍ശിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു.  ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ദാറുല്‍ ഉലൂമില്‍ (ദയൂബന്ദ്) ജീവിതത്തിന്റെ വലിയൊരു ഭാഗം ശൈഖുല്‍ ഹദീസ് ആയി സേവനമനുഷ്ഠിച്ചു.  ഏകദേശം ആ കാലയളവില്‍ തന്നെ അവിടെ ഫത്‌വാ (മതവിധി) വിഭാഗം ആരംഭിക്കുകയും വിവിധ വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. വിജ്ഞാനത്തിന്റെ വ്യത്യസ്തമേഖലകളില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്ന ഈ പണ്ഡിതനെത്തേടി വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിക്കൊണ്ടേയിരുന്നു. മക്തൂബാതു യഅ്ഖൂബി, ബയാളു യഅ്ഖ്വൂബി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍.

ജീവിതം മുഴുവന്‍ അറിവിന്റെ മേച്ചില്‍പുറങ്ങളില്‍ അലഞ്ഞ മഹാനുഭാവന്‍ ഹിജ്‌റ 1302 (ക്രി.1884) റബീഉല്‍ അവ്വല്‍ നാലിന് ഇഹലോകവാസം വെടിഞ്ഞു.

പ്രധാന ശിഷ്യന്മാര്‍

ശൈഖ് അശ്‌റഫ് അലി തഹാനവി, അല്‍ മുഹദിസ് ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, അല്‍ മുഫ്തി അസീസു റഹ്മാന്‍ ദയൂബന്ദി, ശൈഖ് ഹബീബ് റഹ്മാന്‍ അല്‍ മഥ്മാനി, ശൈഖ് ഫത്ഹു മുഹമ്മദ് തഹാനവി, ശൈഖ് ഫഹ്‌റുല്‍ ഹസന്‍ അല്‍ ഖന്‍ഖോഹി, ശൈഖ് അഹ്മദ് ഹസന്‍ അംറൂഹി, ശൈഖ് ത്വയ്യിബ് മന്‍സൂര്‍ അലിഖാന്‍ അല്‍മുറാദാബാദി.

Feedback