Skip to main content

ഖൈര്‍ മുഹമ്മദ് ജലന്ധരി

ഹിജ്‌റ 1320 (ക്രി. 1899)ല്‍ ജലന്ധര്‍ പ്രവിശ്യയിലെ 'നകോഡര്‍' പ്രദേശത്താണ് ശൈഖ് ജനിക്കുന്നത്.  പഞ്ചാബിലെ മദ്‌റസകളില്‍ നിന്ന് ഖുര്‍ആനും, അറബിയിലെയും ഇസ്‌ലാമിലെയും അടിസ്ഥാന പാഠങ്ങളും പഠിച്ചതിന് ശേഷം 'ബുലന്ദശഹര്‍' പ്രവിശ്യയിലെ 'കലാഉട്ടി'യിലെ മന്‍ബഉല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്നു.  പഠനത്തിന്റെയും ഗവേഷണത്തിന്റെയും വഴിയിലൂടെ മുന്നേറിയ ശൈഖ് ഖൈര്‍ മുഹമ്മദ് മൂന്നു വര്‍ഷം അവിടെ തുടര്‍ന്നു.  കൂടുതല്‍ അറിവ് നേടണമെന്ന ആഗ്രഹത്തോടെ ശൈഖ് പോയത് ഉത്തര്‍ പ്രദേശിലേക്കാണ്.  അവിടെ ബറേലിയിലെ 'ഇശാഅതുല്‍ ഉലും' മദ്‌റസയില്‍ ചേര്‍ന്ന അദ്ദേഹം ശൈഖ് മുഹമ്മദ് യാസീന്‍ സര്‍ഹിന്ദിയുടെ അടുത്ത് നിന്ന് ഹദീസ് വിജ്ഞാനം കരസ്ഥമാക്കുകയും ബിരുദമെടുക്കുകയും ചെയ്തു.

പഠനത്തിനു ശേഷം 'ഇശാഅത്തുല്‍ ഉലും മദ്‌റസയില്‍ തന്നെ അധ്യാപകനായി ചേര്‍ന്നു.  ഒരു വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചതിനു ശേഷം ബഹാവല്‍പൂരിലെ 'ഇഹ്‌യാഉല്‍ ഉലൂം' പാഠശാലയില്‍ അധ്യാപകനായി ചേര്‍ന്നു.  1948 ല്‍ ജലന്ധറില്‍ അദ്ദേഹം ഒരു പാഠശാല സ്ഥാപിച്ചു.  ഹകീമുല്‍ ഉമ്മ: അശ്‌റഫ് അലി തഹാനവി ആ കലാലയത്തിന് 'ഖൈറുല്‍ മദാരിസ്' എന്ന് നാമകരണം ചെയ്തു.  ശൈഖ് ഖൈര്‍ മുഹമ്മദ് ജലന്ധരിയുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തെ വാനോളം ഉയര്‍ത്തി.  പാകിസ്താനിലെ ഏറ്റവും വലിയ പാഠശാല എന്ന നിലയിലേക്ക് അത് ഉയര്‍ന്നു. ഇന്ത്യാ വിഭജനം വരെ ആ ഖ്യാതി നീണ്ടു നിന്നു.  1945 ല്‍ ഇദ്ദേഹം പാകിസ്താനിലേക്ക് പോയി.  മുള്‍ത്താനിലേക്ക് തന്റെ മദ്‌റസമാറ്റി സ്ഥാപിക്കുകയും അതിനെ ഉന്നതികളിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു.  ഹദീസ് ഗ്രന്ഥങ്ങളില്‍ അധ്യാപനം നടത്തി മരണം വരെ അദ്ദേഹം അവിടെ തുടരുകയും ചെയ്തു.

ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഈ മഹാപണ്ഡതന്റെ കൃതികള്‍ ഭൂരിഭാഗവും പ്രസാധനം ചെയ്യപ്പെട്ടിട്ടില്ല.  വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി വെച്ച 'ഖൈറുല്‍ ബാരി' എന്ന ഗ്രന്ഥമല്ലാതെ വേറൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.  പാകിസ്താനിലെ ജനങ്ങളെ വിദ്യാഭ്യാസപരമായി പുരോഗതിയിലെത്തിക്കാന്‍ സ്ഥാപനം നിര്‍മിക്കുകയും അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ആ മഹാത്യാഗി ഹിജ്‌റ 1390 (1969) ശഅ്ബാനില്‍ ഇഹലോകവാസം വെടിഞ്ഞു.

Feedback