Skip to main content

ജമീല്‍ അഹ്മദ് അത്തഹാനവി

അറബി ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും തികഞ്ഞ നൈപുണ്യം. എല്ലാ വിഷയത്തിലുമുള്ള മികച്ച അിറവിനൊപ്പം കവിതയിലും പ്രാവീണ്യം.  അറബി ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും ഒരുപോലെ രചനകള്‍ നിര്‍വഹിക്കാനുള്ള മികവ്.  ഹനഫീ പണ്ഡിതരില്‍ മുതിര്‍ന്ന പണ്ഡിതവര്യന്‍ തുടങ്ങി മുഫ്തി ജലീല്‍ അഹ്മദ് തഹാനവിയുടെ വിശേഷണങ്ങള്‍ പലതാണ്.

മുസ്ഫര്‍ നഗര്‍ പ്രവിശ്യയിലെ തഹാനദൂനില്‍ ഹിജ്‌റ. 1322 (1901) ല്‍ ജനനം.  അലിഗഢ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്.  അത് കൊണ്ട് ചെറുപ്രായത്തില്‍ത്തന്നെ പിതാവിന്റെ കൂടെ അലിഗഢില്‍ താമസമാക്കി.  1911 ല്‍ തഹാനദൂനിലേക്ക് തന്നെ തിരിച്ചു വരികയും മദ്‌റസതു ഇംദാദുല്‍ ഉലുമിലും, ജലാലാബദാലിലെ ചില മദ്‌റസകളിലും പഠനം നടത്തുകയും ചെയ്തു.  ശേഷം 1915 ല്‍ സഹാറന്‍ഫൂരിലേക്ക് യാത്രചെയ്യുകയും ജാമിഅതു മദാഹിറുല്‍ ഉലൂമില്‍ ചേരുകയും ചെയ്ത അദ്ദേഹം അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി. അവിടെയുണ്ടായിരുന്ന പ്രഗലഭരായ അധ്യാപകരില്‍ നിന്ന് ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹം നേടിയ അദ്ദേഹം മറ്റു വിഷയങ്ങളും പഠിച്ചെടുത്തു.

പഠനശേഷം ഗുരുവായ ഖലീല്‍ അഹ്മദ് സഹാറന്‍ ഫൂരിയുടെ നിര്‍ദ്ദേശപ്രകാരം ശൈഖ്  ജമീല്‍ അഹ്മദ്്, ഹൈദരാബാദിലെ മദ്‌റസതു നിസാമിയ്യ-യില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. അവിടെ വിഭിന്ന ശാഖകളില്‍പ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്ത് 1949 വരെ അവിടെ തുടര്‍ന്നു.  ആയിടക്ക് നാടായ തഹാനദുനിലെ ഇംദാദുല്‍ ഉലൂം കലാലയത്തിലും ശൈഖ് ജമീല്‍ അഹ്മദ് സേവനമനുഷ്ഠിച്ചിരുന്നു.  1949 ല്‍ തന്റെ കര്‍മമേഖല പാകിസ്താനിലേക്ക് മാററിയ അദ്ദേഹം ലാഹോറിലെ 'ജാമിഅതു അശ്‌റഫിയ്യ'യില്‍ ചേരുകയും ജീവിതാവസാനം വരെ അവിടെ തുടരുകയും ചെയ്തു.  തൊണ്ണൂറ് വര്‍ഷത്തോളം ഈ ഭൂമിയില്‍ ദൗത്യം നിര്‍വഹിച്ച ഈ മഹാഗുരു ലാഹോറില്‍ വെച്ച് മരണപ്പെട്ടു.

പ്രധാന ഗ്രന്ഥങ്ങള്‍

സകാത്തുല്‍ ഹുല്‍യ് زكاة الحلي
ദഅ്‌വത്തു ത്തബ്‌ലീഗ് دعوة التبليغ
ദഅ്‌വതുത്തിജാറ دعوة التجارة
ദലാഇലുല്‍ ഖുര്‍ആന്‍ അലാ മസാഇലി നുഅ്മാന്‍ دلائل القرآن على مسائل النعمان
യൂന്‍സ് (അ) ഇലാ ആഖിരി സുറത്തില്‍ ഫുര്‍ഖാന്‍ يونس عليه السلام على آخر سورة الفرقان 
ശറഹു കിതാബില്‍ അദബി മിന്‍ ബുലൂഗില്‍ മറാം شرح كتاب الأدب من البلوغ المرام 
ഇര്‍ശാദുല്‍ ഹഫീദ് إرشاد الخفيظ
ഹില്‍യതു ല്ലിഹ്‌യ: حلية اللحية
ജമീലുല്‍ കലാം جميل الكلام  
 

Feedback