Skip to main content

റശീദ് അഹ്മദ് അല്‍ ഖന്‍ഖോഹി

തഖ്‌വയാര്‍ന്ന ജീവിതത്തിന് മകുടോദാഹരണമായിരുന്ന ശൈഖ് ഖന്‍ഖോഹി  പ്രവാചക ചര്യകള്‍ പാലിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലിയ താല്പര്യം പ്രകടിപ്പിടിപ്പിക്കുകയും പുത്തനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നേര്‍ക്കു നേര്‍ പോരാടുകയും ചെയ്തു. ഇസ്‌ലാമിലെ അടിസ്ഥാന ദര്‍ശനങ്ങളിലും കര്‍മ ശാസ്ത്രത്തിലും അഗാധമായ വിജ്ഞാനം നേടിയ ഇദ്ദേഹത്തെക്കുറിച്ച് അന്‍വര്‍ ശാഹ് കശ്മീരി പറയുന്നത്,  'നാല് മദ്ഹബുകളെക്കുറിച്ചും ഇത്ര അഗാധമായ പാണ്ഡിത്യമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല' എന്നാണ്.

ഹിജ്‌റ: 1244 (ക്രി: 1823) ദുല്‍ഖഅ്ദ് മാസത്തില്‍ സഹാറന്‍പൂര്‍ പട്ടണത്തില്‍ നിന്ന് 16 മൈല്‍ അകലെയുള്ള ഖന്‍ഖോഹ് ഗ്രാമത്തിലാണ് ശൈഖ് ജനിക്കുന്നത്. ഏഴ് വയസ്സ് കഴിയുന്നതിനു മുന്‍പ് തന്നെ പിതാവ് അദ്ദേഹത്തെ വിട്ടു പിരിഞ്ഞു. ഉമ്മയുടെയും പിതാമഹന്റെയു സംരക്ഷണയില്‍, ബുദ്ധിശക്തിയും ചിന്താ കൂര്‍മതയുമുള്ള ബാലനായി ശൈഖ് റശീദ് അഹ്മദ് വളര്‍ന്നു.

പ്രാഥമിക പഠനത്തിനു ശേഷം ഗുരുവായ മുഹമ്മദ് ബഹ്ശിന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയിലേക്ക് യാത്രയായി. അവിടെ വെച്ച് അറിവിന്റെ പൂമരങ്ങളായ ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയേയും മക്കളെയും കണ്ടുമുട്ടുകയും അറിവിന്റെ ഇതളുകള്‍ കരസ്ഥമാക്കുകയും ചെയ്തു.

1857-ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപുറപ്പെട്ടപ്പോള്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുകയും ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായി പോരാടുകയും ചെയ്തു. ഇതിന്റെ പേരില്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോള്‍ തടവറയില്‍ യൂസുഫ് നബി(അ)യെ പ്പോലെ മാതൃകാ ജീവിതം പിന്തുടര്‍ന്ന ശൈഖ് ജയിലിലെ അനേകം പേര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ഇസ്‌ലാമിന്റെ രജത രേഖയിലേക്ക് നയിക്കുകയും ചെയ്തു.

അറിവിന്റെയും അധ്യാപനത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് വഴിമാറാതിരുന്ന ശൈഖ് ഹിജ്‌റ: 1280ന് (ക്രി: 1859) മക്കയിലേക്ക് പോയി ഹജ്ജ് നിര്‍വഹിച്ചു. പിന്നീട് ഇന്ത്യയിലേക്കു മടങ്ങുകയും അധ്യാപനത്തില്‍ വ്യാപൃതനാവുകയും ചെയ്തു. വൈജ്ഞാനിക ദാഹം ശമിക്കാതിരുന്ന ശൈഖ് ഹിജ്‌റ 1294ല്‍ (ക്രി: 1873) വീണ്ടും മക്കയിലേക്ക് യാത്രയായി. ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ജന്മനാടായ ഖന്‍ഖോഹില്‍ പഠന-അധ്യാപനങ്ങളുമായി സജീവമായി. 
 
രാവും പകലും അധ്യാപനത്തിലും പഠനത്തിലും മുഴുകിയ അദ്ദേഹത്തിന് ശിഷ്യന്മാര്‍ കൂടുതലും പുസ്തകങ്ങളുടെ എണ്ണം കുറവുമാണ്.

പ്രധാന ശിഷ്യന്മാര്‍

ശൈഖ് മുഹമ്മദ് യഹ്‌യാ ബിന്‍ ഇസ്മാഈല്‍ കാന്തഹ്‌ലവി, ശൈഖ് അബുല്‍ അന്‍വാര്‍ അബ്ദുല്‍ ഗഫാര്‍, ശൈഖ് മുഹമ്മദ് ഇബ്‌റാഹീം അദ്ദഹലവി, ശൈഖ് അബ്ദു റഹ്മാന്‍ അല്‍കനൂജി, ശൈഖ് നസ്വീറുദ്ദിന്‍ അല്‍ മീറത്തി, ശൈഖ് അല്‍ഹാഫിദ്വ് ബിന്‍ മുഹമ്മദ് ഖാസിം നാനൂതവി, ശൈഖ് ഹബീബ് റഹ്മാന്‍ ദയൂബന്ദി.

പ്രധാന ഗ്രന്ഥങ്ങള്‍

തസ്ഫിയതുല്‍ ഖുലൂബ് 
ഇംദാദുസ്സുലൂക് വ സബ്ദതുല്‍ മനാസിക്
ഹിദായതുല്‍ മുഅ്തദി
ഹിദായതു ശ്ശീഅ
സബീലുര്‍റശാദി വ ബറാഹീനുല്‍ ഖ്വാത്വിഅ ഫിര്‍റദ്ദി അലാ അന്‍വാരി സ്സാത്വിഅഃ

Feedback