Skip to main content

അസ്അദുല്ലാഹ്

സഹാറന്‍ഫൂരിലെ ജാമിഅതു മദ്വാഹിറുല്‍ ഉലുമിലെ തഫ്‌സീറിന്റെയും ഹദീസിന്റെയും തത്വശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും കലയുടെയും അധ്യാപകനായിരുന്നു ശൈഖ് അസ്അദുല്ലാഹ്.

ഹിജ്‌റ  1314ല്‍ (1893) റാംപൂരിലാണ് ശൈഖ് ഭൂജാതനാവുന്നത്.  പിതാവില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ച അദ്ദേഹം റാംപൂരിലെ ചില പാഠശാലകളില്‍ നിന്നും വിദ്യ അഭ്യസിച്ചു.  ഹി. 1329ല്‍ (1908) 'തഹാനഭൂമി'ലേക്ക് യാത്രയായ അദ്ദേഹം അറബിയിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ശൈഖ് അബ്ദുല്ല ഖാന്‍ഖോബിയില്‍ നിന്ന് അഭ്യസിച്ചു. ഹദീസിലെയും തഫ്‌സീറുകളിലെയും വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ച ശേഷം 1333ല്‍ സഹാറന്‍പൂരിലെ ജാമിഅതു മദ്വാഹിറുല്‍ ഉലൂമില്‍ ചേരുകയും 1336ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

ബിരുദം നേടിയതിന്റെ പിറ്റേ വര്‍ഷം തന്നെ മദ്വാഹിറുല്‍ ഉലൂമില്‍ അധ്യാപകനായി പ്രവേശിച്ചു. ജീവിതാവസാനം വരെ അവിടെ അധ്യാപകനായി തുടര്‍ന്നു.  അറുപതിലേറെ വര്‍ഷം സേവനമനുഷ്ഠിച്ച  ശൈഖ് 1348-ല്‍ റങ്കുണിലെ മദ്‌റസതു റാന്‍ദീരിയ്യക്ക് നേതൃത്വം നല്‍കാനും, 1354-ല്‍ സന്ദര്‍ശനത്തിന് ബര്‍മ്മയില്‍ പോയതൊഴിച്ചാല്‍ മുഴുവന്‍ സമയവും അദ്ദേഹം മദ്വാഹിറുല്‍ ഉലൂമില്‍ തന്നെയായിരുന്നു ജീവിച്ചത്.

ഹദീസ് വിഷയങ്ങളായിരുന്നു കൂടുതല്‍ കൈകാര്യം ചെയ്തിരുന്നതെങ്കിലും അറബി ഭാഷയിലും സാഹിത്യങ്ങളിലും അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു.  ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും താല്പര്യവും പ്രാഗല്ഭ്യവും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാദിയാനികളുമായി പല പ്രാവശ്യം ഏറ്റുമുട്ടി.  പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലും, രജപുത്താന, മധുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലും യാത്ര ചെയ്ത അദ്ദേഹം മതവിരുദ്ധരോടും സത്യ നിഷേധികളോടും തെളിവിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ അതി ശക്തമായി പോരാടുകയും അവരെ തറപറ്റിക്കുകയും ചെയ്തു. ആ മഹാപണ്ഡിതന്‍ 1399 (1978) റജബ് മാസത്തില്‍ ഇഹലോക വാസം വെടിഞ്ഞു.

പ്രധാന വിദ്യാര്‍ഥികള്‍

മുഹ്മുദ് ഹസന്‍ ഖന്‍ഖോഹി, മുഹമ്മദ് യൂസുഫ്കാന്തഹ്‌ലവി, ഇബ്‌റാറുല്‍ ഹഖ് ഹാര്‍ദവി, മുഹമ്മദ് ഇശ്ഖ് ഇലാഹി, അക്ബര്‍ അലി സഹാറന്‍ പുരി, ഇന്‍ആം ഹസന്‍ കാന്തഹ്‌ലവി, ഉബൈദുല്ലാഹ് ഖല്‍യാവി, ഇഫ്തിഖാര്‍ അല്‍ഹസന്‍ കാന്തഹ്‌ലവി.

പ്രധാന ഗ്രന്ഥങ്ങള്‍

تكميل الإيمان في شرح حفظ الإيمان , شرح تقصير في التفسير,إسعاد النحو , الخطائف من اللطائف ,حاشية على شرح معان الآثار 
 

Feedback