Skip to main content

ശാഹ് മുഹമ്മദ് ഇസ്ഹാഖ് അദ്ദഹ്‌ലവി

ഹിജ്‌റ  1197നാണ്  (ക്രി. 1776) മഹാപണ്ഡിതന്‍ ശാഹ് ഇസ്ഹാഖിന്റെ ജനനം.  'അബൂ സുലൈമാന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് അഫ്ദ്വല്‍ ബിന്‍ അഹ്മദ് എന്നാണ് പൂര്‍ണനാമം.  ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ പേരമകളായിരുന്ന 'ആഇശ'യാണ് അദ്ദേഹത്തിന്റെ മാതാവ്. വൈജ്ഞാനിക ലോകത്തേക്ക് അദ്ദേഹത്തിന് വഴികാണിച്ചത് വല്ല്യുമ്മയായിരുന്നു.  വല്ല്യുമ്മയില്‍ നിന്ന് നഹ്‌വും സ്വര്‍ഫും ഭാഷയും നേടിയെടുത്ത അദ്ദേഹം മറ്റു വിജ്ഞാനീയങ്ങള്‍ വല്യുമ്മയുടെ സഹോദരനായ അബ്ദുല്‍ ഖാദിര്‍ ദഹ്‌ലവിയില്‍ നിന്നും കരസ്ഥമാക്കി.  തുടര്‍ന്ന് അദ്ദേഹം അധ്യാപനജീവിതമാരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തേടിയെത്തി.  പ്രത്യേകിച്ചും ഹദീസ് രംഗത്ത് ഏറ്റവും തലയെടുപ്പുള്ള ഇന്ത്യന്‍ പണ്ഡിതനായി ശാഹ് ഇസ്ഹാഖ് മാറി. 

ഹിജ്‌റ 1241-ല്‍ ശാഹ് ഇസ്ഹാഖ് മക്കയും മദീനയും സന്ദര്‍ശിക്കുകയും പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. അവിടെ വെച്ച് ശൈഖ് ഉമര്‍ബിന്‍ അബ്ദുല്‍കരീം അല്‍ അത്വാരില്‍ നിന്ന് ഒരുപാട് വിഷയങ്ങളില്‍ വൈദഗ്ധ്യം നേടി. ഗുരുനാഥന്റെ മരണത്തോടു കൂടി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും അധ്യാപനം തുടരുകയും ചെയ്തു. നീണ്ട പതിനാറു വര്‍ഷത്തെ അധ്യാപനം അദ്ദേഹത്തിന് സമ്മാനിച്ചത് തലയെടുപ്പുള്ള ഒരുപാടു ശിഷ്യന്മാരെയായിരുന്നു.

ഡല്‍ഹിയിലെ മുസ്‌ലിം സമുദായത്തെ വിദ്യയിലൂടെയും വിജ്ഞാനത്തിലൂടെയും പുരോഗതിയിലേക്കും പരിഷ്‌കൃതിയിലേക്കും നയിച്ചുകൊണ്ടിരിക്കെ മക്കയില്‍ നിന്ന് അദ്ദേഹത്തിനൊരു കത്ത് വന്നു.  അദ്ദേഹത്തിന്റെ സഹോദരന്‍ യഅ്ഖൂബിന്റെയും പ്രവാചക കുടുംബത്തിന്റെയും കൂടെ മക്കയില്‍ സ്ഥിര താമസമാക്കാനുള്ള ക്ഷണമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. കത്തിന്റെ ഉള്ളടക്കമറിഞ്ഞതോടെ ഒരുപാടു ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു.  എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു.  അദ്ദേഹം ഇന്ത്യ വിട്ടു പോവരുത്.  അദ്ദേഹം ചെലുത്തിയ സ്വാധീനം അത്ര വലുതായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോര്‍ക്കാന്‍ കൂട്ടമായി എത്തുമായിരുന്നു.  വരുന്ന സ്ത്രീകള്‍ പലവിധ വിഭവങ്ങള്‍ കൈയില്‍ കരുതിയിട്ടുണ്ടാവും. ശൈഖിന്റെ അനുമതിയോടു കൂടി അവര്‍ ആ വിഭവങ്ങള്‍ സദസ്സില്‍ വിതരണം ചെയ്യും.  അവശേഷിക്കുന്നവ മുഴുവന്‍ ശൈഖിന് നല്‍കുമ്പോള്‍ ശൈഖിന്റെ മറുപടി എനിക്ക് വേണ്ടി നിങ്ങള്‍ ഒന്നും ബാക്കിവെക്കരുത് എല്ലാം നിങ്ങള്‍ പങ്കിട്ടെടുക്കുക എന്നായിരുന്നു. ജനമനസ്സുകളില്‍ ഇത്രത്തോളം സ്വാധീനം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാലും മക്കയില്‍ നിന്നുള്ള ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ശൈഖിന് കഴിഞ്ഞില്ല.  അദ്ദേഹം മക്കയിലെത്തുകയും പള്ളികളില്‍ വെച്ച് നടക്കുന്ന പഠന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.  ഒരു പകര്‍ച്ച വ്യാധി ബാധിച്ചു ഹിജ്‌റ 1262ല്‍ (ക്രി:1841) മരണത്തിന് കീഴടങ്ങുന്നത് വരെ ശൈഖ് മക്കയില്‍ തന്നെ താമസിച്ചു.   ശൈഖ് ഖബറടക്കപ്പെട്ടത് 'മഅല്ല'യില്‍ വിശ്വാസികളുടെ മാതാവ് ഖദീജ(റ)യുടെ അടുത്താണ്.

വ്യത്യസ്ത വിഷയങ്ങളില്‍ ഗ്രന്ഥരചന നടത്തിയ ഇദ്ദേഹം ഖുര്‍ആനിലും ഹദീസിലും കര്‍മ ശാസ്ത്ര വിഷയങ്ങളിലുമുള്ള എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

Feedback