Skip to main content

മുഹമ്മദ് ഹയാത് സന്‍ബഹ്‌ലവി

ഉത്തര്‍ പ്രദേശിലെ മുറാദാബാദ് പട്ടണത്തിലെ 'സന്‍ബഹല്‍' ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് ഹയാത് ഭുജാതനാവുന്നത്.  സന്‍ബഹലില്‍ നിന്നു തന്നെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഹിജ്‌റ: 1329ല്‍ മദ്വാഹിറുല്‍ ഉലൂം സഹാറന്‍ഫൂരില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തെ പഠന ശേഷം ഹിജ്‌റ: 1331ല്‍ ബിരുദം നേടി പുറത്തിറങ്ങി. ഹിജ്‌റ  1332ല്‍ വീണ്ടും ജാമിഅയില്‍ വന്ന അദ്ദേഹം അറബി സാഹിത്യങ്ങളും തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും പഠിച്ചെടുത്തു.

പഠനം കഴിഞ്ഞതിനു ശേഷം അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു.  ലാഹോറിലും റങ്കൂണിലും അവിഭക്ത പഞ്ചാബിലെ വിവിധയിടങ്ങളിലും അദ്ദേഹം കര്‍മനിരതനായി.  ഹിജ്‌റ 1339-ല്‍  മുറാദാബാദിലെ ജാമിഅതുല്‍ഖാസിമിയ്യയില്‍ അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അവിടുത്തെ പ്രിന്‍സിപ്പാള്‍ ആയിത്തീരുകയും നീണ്ട ഇരുപത് വര്‍ഷം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു.  തന്റെ നാടായ മുറാദാബാദില്‍ ഹിജ്‌റ 1376ല്‍ അദ്ദേഹം ഒരു പഠന കേന്ദ്രം ആരംഭിച്ചു.  ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ ഉലൂം എന്ന ആ സ്ഥാപനത്തില്‍ സ്വഹീഹുല്‍  ബുഖാരി ശൈഖ് തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.  മരണം വരെ അദ്ദേഹം അവിടെത്തന്നെ തുടരുകയും ചെയ്തു.

ഹിജ്‌റ 1406ല്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കാലത്ത്, മുന്‍പ് മദീനയില്‍ നിന്ന് പരിചയപ്പെട്ട വിവിധ രാജ്യങ്ങളിലെ നിരവധി പണ്ഡിതന്മാര്‍ അറിവു തേടി ശൈഖിനെ സന്ദര്‍ശിക്കുമായിരുന്നു.

ജീവിതാവസാനം വരെ അറിവിന്റെയും നന്മയുടെയും മാര്‍ഗത്തില്‍ മാത്രം ചലിച്ച അദ്ദേഹത്തിന് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഭൂരിഭാഗവും വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അധ്യാപകനായ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ശിഷ്യഗണങ്ങള്‍ നിരവധിയാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയ്താവു കൂടിയായ ഇദ്ദേഹം ഹിജ്‌റ 1408ല്‍ (ക്രി. 1984) ഇഹലോക വാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍

ഹവാശുന്‍ അലാ തഫ്‌സീരില്‍ ജലാലൈനി
തഅ്‌ലീഖാതുന്‍ അലാ സുനനി അബീദാവൂദ്
തര്‍ജുമതു സ്വഹീഹില്‍ ബുഖാരി
നൂറുല്‍ ഖുലൂബ്
സിര്‍റുല്‍ അസ്‌റാര്‍
നള്മു ദുറര്‍ - ഖുലാസതു നുഖ്ബതില്‍ ഫിക്ര്‍
 

Feedback