Skip to main content

അഹ്മദ് ബിന്‍ അബ്ദില്‍ അഹദ് അസ്സര്‍ഹിന്ദി

ഭരണാധികാരിയുടെ നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടുകയും അക്കാരണത്താല്‍ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്ത പണ്ഡിതനായിരുന്നു ഇമാം അബ്ദുല്‍ അഹദ് അസ്സര്‍ഹിന്ദി.

ഹിജ്‌റ 971ല്‍ (കി. 1550) വൈജ്ഞാനിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. കുടുംബ പരമ്പര രണ്ടാം ഖലീഫ ഉമര്‍(റ)ലേക്ക് എത്തിച്ചേരുന്നു.  ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ശൈഖ് അറിവിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത് സ്വന്തം പിതാവില്‍ നിന്നാണ്. ശേഷം ആ കാലഘട്ടത്തിലെ  ഇന്ത്യയിലെ വലിയപണ്ഡിതന്‍ യഅ്ഖൂബ് അല്‍ കശ്മീരിയുടെ അടുക്കലേക്ക് അറിവന്വേഷിച്ച് കൊണ്ട് ഇദ്ദേഹം യാത്രയായി.  ഈ യാത്ര ശൈഖ് സര്‍ഹിന്ദിയെ മക്കയില്‍ ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ അടുത്തെത്തിച്ചു.  അദ്ദേഹത്തിലൂടെ വിജ്ഞാനത്തിന്റെ വിവിധങ്ങളായ മേഖലയിലേക്ക് കടന്നു ചെല്ലാന്‍ സര്‍ഹിന്ദിക്ക് കഴിഞ്ഞു. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചു. 

ഈ സമയത്ത് ഇന്ത്യയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണത്തില്‍ കീഴില്‍ മുസ്‌ലിംകള്‍ ഇസ്‌ലാമില്‍ നിന്നകന്ന് നൂലുപൊട്ടിയ പട്ടം പോലെ ദിശമാറി അലയുകയായിരുന്നു.  ഗ്രീക്ക് തത്ത്വചിന്തകളും പുതിയ വാദങ്ങളും ഇസ്‌ലാമില്‍ നിന്ന് ജനങ്ങളെ അകറ്റി. മതത്തിന്റെ പേരില്‍ നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂപം കൊള്ളുകയും അതിന് മുസ്‌ലിം ഭരണാധികാരികളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ഈ അനാചാരങ്ങള്‍ക്കും മതപരമായ അശ്ലീലതകള്‍ക്കുമെതിരില്‍ അദ്ദേഹം നിരന്തരം പോരാടി. ചക്രവര്‍ത്തിയുടെ വാദങ്ങളെ മതത്തിന്റെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചു. ജനങ്ങളുടെ മനസ്സില്‍ നിന്ന് അജ്ഞതയുടെ കോട്ടവാതിലുകള്‍ തകര്‍ത്തെറിയാന്‍ അദ്ദേഹം അധ്യാപന പ്രവര്‍ത്തനങ്ങ ളില്‍ മുഴുകി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക ജീവിതവും ചക്രവര്‍ത്തിമാരെ അലോസരപ്പെടുത്തി.

അക്ബര്‍ ചക്രവര്‍ത്തിയുടെ പുത്രന്‍ ജഹാംഗീര്‍ തന്റെ ഭരണകാലത്ത് ശൈഖ് സര്‍ഹന്ദിയെ കാരാഗൃഹത്തിലടച്ചു. വൈകാതെ മോചിതനായ ശൈഖ് സര്‍ഹിന്ദി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ പുനരാരംഭിച്ചു.  വിശ്വാസപരമായ ജീര്‍ണതകള്‍ തകര്‍ത്തെറിയുന്നതോടൊപ്പം സാംസ്‌കാരികമായ ഉന്നതിയിലേക്ക് ജനങ്ങളെ വളര്‍ത്തിയെടുക്കാനും അദ്ദേഹം പരിശ്രമിച്ചു. അതിനദ്ദേഹം അവലംബിച്ച മാര്‍ഗങ്ങള്‍ രചനയും അധ്യാപനവുമായിരുന്നു. 

رسالة في إثبات النبوة, رسالة في المبدأ والمعاد , رسالة في الرد على الشيعة എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്.

Feedback