Skip to main content

അന്‍വര്‍ ശാഹ് കശ്മീരി

ഓര്‍മശക്തിയില്‍ ഇമാം ദഹബിയെ മുന്നിടുന്ന, ആശയത്തിന്റെ കരുത്തിലും സൂക്ഷ്മതയിലും ഇമാം ഇബ്‌നുഹജറിനോടും, രചനയിലും നിലപാടുകളിലെ കണിശതയിലും ഇബ്‌നു ദഖീഖിനോടും, കവിതയില്‍ ബുഹ്തിരിയോടും, പ്രഭാഷണ മികവില്‍ സഹ്ബാന്‍ വാഇലിനോടും  കിട പിടിക്കുന്ന വ്യക്തി പ്രഭാവമായിരുന്നു അന്‍വര്‍ ശാഹ് കശ്മീരി.  ശാഹ് കശ്മീരിയുടെ ശിഷ്യന്‍ ബദര്‍ ആലം മീറത്തിയുടെ വാക്കുകളാണിവ.

പൂക്കളുടെ പറുദീസയായ കശ്മീരില്‍ നിന്നാണ് അറിവിന്റെ ഈ മഹാതേജസ്സ് ഉദിച്ചുയര്‍ന്നത്.  ഹിജ്‌റ 1293ലെ (ക്രി. 1872) ശവ്വാല്‍ മാസം 27-ാം തിയ്യതി ശനിയാഴ്ച 'വട്‌വാന്‍' ഗ്രാമത്തിലായിരുന്നു ജനനം. അഞ്ചാം വയസ്സില്‍ ഉപ്പയില്‍ നിന്ന് അറിവിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്ന അന്‍വര്‍ ശാഹ്  കശ്മീരി പിന്നീട് ശൈഖ് മുഹമ്മദ് റസൂല്‍ഫൂരിയില്‍ നിന്ന് ഖുര്‍ആനും പേര്‍ഷ്യന്‍ പുസ്തകങ്ങളും അറബി ഭാഷയും കര്‍മശാസ്ത്രവും അടിസ്ഥാന തത്വങ്ങളും രണ്ട് വര്‍ഷം കൊണ്ട് കരസ്ഥമാക്കി. പരിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം ഹദീസില്‍ അഗ്രഗണ്യനുമായിരുന്നു.

 
ഇസ്‌ലാമിനോട് അതീവ താല്‍പര്യം കാണിക്കുകയും അഹ്‌ലുസ്സുന്നയുടെ ആദര്‍ശത്തോട് തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുകയും ഇസ്‌ലാമിന്റെ ശത്രുക്കളായ ഖാദിയാനികളോട് സന്ധിയില്ലാ സമരം നടത്താന്‍ ജനങ്ങളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു.  സമൂഹത്തെ ഉണര്‍ത്തുവാനും ഉയര്‍ത്തുവാനും 'അല്‍ഫയ്ദുല്‍ ആം' എന്ന സ്ഥാപനം ആരംഭിച്ച് പേന കൊണ്ടും നാവ് കൊണ്ടും ജനങ്ങളെ ഉത്ബുദ്ധരാക്കുവാനും ഏറ്റവും നേരായ മാര്‍ഗ്ഗത്തിലേക്ക് അവരെ വഴി തെളിക്കുവാനും അദ്ദേഹം ശ്രമിച്ചു.

ഹി. 1325 (ക്രി:1804) മുതല്‍ വിജ്ഞാനം പകര്‍ന്ന് നല്‍കുവാന്‍ വേണ്ടി ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ താമസിച്ച കാലത്ത് എണ്ണമറ്റ ശിഷ്യന്മാരും പണ്ഡിതരും വിജ്ഞാന സാഗരമന്വേഷിച്ച് ദയൂബന്ദിലേക്കൊഴുകി.  അധ്യാപനത്തോടൊപ്പം ഗ്രന്ഥ രചനയും ആരംഭിച്ച അദ്ദേഹം ഹിജ്‌റ 1353ല്‍ (ക്രി. 1932) മരണം വരെ വിജ്ഞാന ദാഹിയായിരുന്നു.  ദയൂബന്ദില്‍ മറമാടപ്പെട്ടു.

പ്രധാന കൃതികള്‍:

ഫയ്ദുല്‍ ബാരി അലാ സ്വഹീഹില്‍ ബുഖാരി
അല്‍ അറഫു അശ്ശിദ്ദി അലാ ജുമളളത്തിര്‍മിദി
അമാലിഹു അലാ സുനനി അബീദാവൂദ്
അമാലീഹു അലാ സ്വഹീഹ് മുസ്‌ലിം
ഹാശിയ അലാ സുനനി ഇബ്നു മാജ
മുശ്കിലാതുല്‍ ഖുര്‍ആന്‍
ഫസ്വലുല്‍ ഹിത്വാബു ഫീ മസ്അലതി ഉമ്മില്‍ കിതാബ്
ഖാതിമതില്‍ ഖിതാബ് ഫീ ഫാതിഹതില്‍ കിതാബി ബില്‍ഫാരിസിയ്യ
നൈലുല്‍ ഫിര്‍ഖദയ്ന്‍ ഫീ റഫ്ഗുല്‍ യദൈന്‍
ബസ്തുല്‍ യദയ്‌നി ലി നൈലില്‍ ഫിര്‍ഖദയ്ന്‍
കശഫുസ്സത്‌രി അന്‍ മസ്ലഅലതില്‍ വിത്‌രി
അക്ഫാറുല്‍ മുല്‍ഹിദീനി ഫീ ദറൂറിയാത്തിദ്ദീന്‍ 
അഖീദത്തുല്‍ ഇസ്‌ലാം ബി ഹയാതി ഈസാ (അ)
തഹിയ്യത്തുല്‍ ഇസ്‌ലാം ഫീ ഹയാതി ഈസാ (അ)
അത്ത്വസ്‌രീഹു ബിമാ തവാതുരി ഫീ നുസൂലില്‍ മസീഹ്
ഖാതിമുന്നബിയ്യീന്‍ (സ്വ) (പേര്‍ഷ്യന്‍ ഭാഷയില്‍)
മിര്‍ഖാതു ത്ത്വാരിം ലിഹുദൂസില്‍ ആലം
ദര്‍ബുല്‍ ഖാതിം അലാ ഹുദൂസില്‍ ആലം.

Feedback