Skip to main content

ക്യാപ്റ്റന്‍ അബ്ബാസ് അലി

സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയെയും ഒരുപോലെ അനുഭവിച്ചറിഞ്ഞ വ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ അബ്ബാസ് അലി. നീണ്ട 94 വര്‍ഷമായിരുന്നു അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചത്. അതില്‍ 27 വര്‍ഷം സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പും 67 വര്‍ഷം സ്വാതന്ത്ര്യത്തിന് ശേഷവും. എല്ലാം തികഞ്ഞ ഒരു സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ആ പോരാളി ജീവിതാന്ത്യം വരെ ആ പോരാട്ട വീര്യം കാത്തു സൂക്ഷിച്ചു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഖുര്‍ജ ഗ്രാമത്തില്‍ 1920 ജനുവരി 3 ന് ഒരു മുസ്‌ലിം രജപുത്ര കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. വളരെ ചെറുപ്രായത്തില്‍ തന്നെ ഭഗത്‌സിങ്ങിന്റെ വിപ്ലവ സിദ്ധാന്തങ്ങള്‍ കേട്ട് വളര്‍ന്ന അബ്ബാസ് അലി ഭഗത്‌സിങ്ങിന്റെ സംഘടനയായ 'നൗജവാന്‍ ഭാരത് സഭ'യില്‍ ചേര്‍ന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പഠന കാലത്ത് 'കുന്‍വര്‍ മുഹമ്മദ് അശ്‌റഫു'മായി ബന്ധം സ്ഥപിക്കുകയും ആള്‍ ഇന്ത്യാ സ്റ്റുഡ്ന്റ്‌സ് ഫെഡറേഷനില്‍ അംഗമാവുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചഅദ്ദേഹം വിപ്ലവത്തിലേക്കുള്ള സുഭാഷ് ചന്ദ്രബോസിന്റെ വിളികേട്ട് പട്ടാള യൂണിഫോം ഊരി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്നു. അതിനിടക്ക് അറസ്റ്റിലായ അദ്ദേഹത്തെ കോടതി മരണം വരെ ശിക്ഷക്ക് വിധിച്ചു. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അദ്ദേഹം ജയില്‍ മോചിതനായി.



1948 ല്‍ ക്യാപ്റ്റന്‍, റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും നരേന്ദ്രദേവയും നേതൃത്വം കൊടുത്തിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ശേഷം രൂപീകരിക്കപ്പെട്ട സോഷ്യലിസ്റ്റ് എന്നു പേരുള്ള എല്ലാ പാര്‍ട്ടികളുമായും അദ്ദേഹം സഹകരിച്ചു. എല്ലാ സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ച് 1977 ല്‍ ജനതാ പാര്‍ട്ടി ആവുന്നത് വരെ അദ്ദേഹം അങ്ങനെ തന്നെ നിലകൊണ്ടു.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് പത്തൊമ്പത് മാസം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോള്‍ മുന്‍ നിരയിലെത്തിയ ജനതാ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ ഒന്നാമത്തെ പ്രസിഡണ്ടായി അബ്ബാസ് അലി തെരഞ്ഞെടുക്കപ്പെട്ടു. 1978 ലെ യു. പി ഇലക്ഷനില്‍ നിയമസഭയിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട അദ്ദേഹം ആറു വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. യു. പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അംഗമായും ആറു വര്‍ഷം സേവനമനുഷ്ഠിച്ചു. 2008 ല്‍ 'മറാഹു കിസികാ ദസ്ത് നിഗാര്‍ മേരാ സഫര്‍ നാമ' എന്നപേരില്‍ അബ്ബാസ് അലി എഴുതിയ ആത്മകഥ രാഷ്ട്രീയ നേതാക്കളായ റാം വിലാസ് പസ്വാന്‍, മുലായം സിംഗ് യാദവ്, റാംജി ലാല്‍ സുമന്‍, സംഗീര്‍ അഹ്മദ് തുടങ്ങിയരുടെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനമായ 2009 ജനുവരി 3 ന് ഡല്‍ഹിയില്‍ വെച്ച് ശ്രീ സുരേന്ദ്ര മോഹന്‍ പ്രകാശനം ചെയ്യുകയും ചെയ്തു.

സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യക്കും സ്വതന്ത്ര്യാനന്തര ഇന്ത്യക്കും വേണ്ടി പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ അബ്ബാസ് അലി 2014 ഒക്‌ടോബര്‍ 11 ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം അലിഗറിലെ ജവഹര്‍ ലാല്‍നെഹ്‌റു മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു.

Feedback