Skip to main content

ഉണ്ണിമൂസ്സ മൂപ്പന്‍

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറില്‍ പടപൊരുതിയ ആദ്യത്തെ മുസ്‌ലിം സേനാനിയായിരുന്നു ഉണ്ണിമൂസ മൂപ്പന്‍. അചഞ്ചലമായ ധീരതയും അനിതരമായ ആജ്ഞാശക്തിയും കൈമുതലായ പോരാളി. സവര്‍ണ ജന്മികളോടും അവരെ താങ്ങിനിര്‍ത്തിയ ബ്രിട്ടീഷ് അധികാരികളോടും പടപൊരുതി ധീരമരണത്തിന് നെഞ്ചുവിരിച്ച അത്തന്‍ കുരിക്കള്‍ക്കും ചെമ്പന്‍ പോക്കര്‍ക്കുമൊപ്പം മാപ്പിള പ്രഭുവായ ഉണ്ണിമൂസ മൂപ്പനുമുണ്ടായിരുന്നു.

മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിനു ശേഷം നിലവില്‍ വന്ന ശ്രീരംഗപട്ടണം സന്ധി അനുസരിച്ച് 1972ല്‍ മലബാര്‍, ഇംഗ്ലീഷ് കമ്പനിയുടെ അധികാരത്തിനു കീഴില്‍ വന്നു. മലബാറില്‍ നമ്പൂതിരി, നായര്‍ സമുദായങ്ങളുടെ പിന്തുണ തേടാനായി ബ്രിട്ടീഷുകാര്‍ പല അടവുകളും പയറ്റി. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മലബാറിലെ സ്ഥലങ്ങളെല്ലാം മാപ്പിളമാര്‍ക്ക് വില്‍പന നടത്തി തിരുവിതാംകൂറിലേക്ക് കുടിയേറിയ ജന്മിമാരെയെല്ലാം തിരിച്ചുകൊണ്ടുവന്ന്, പൂര്‍വികമായി തങ്ങളുടേതെന്ന് അവര്‍ അവകാശം പറഞ്ഞ സ്ഥലങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ അവര്‍ക്ക് പതിച്ചുകൊടുത്തു. അതോടെ സ്വന്തം സ്ഥലങ്ങളിലുള്ള അവകാശം കൂടി നഷ്ടപ്പെട്ട അവസ്ഥയിലായിത്തീര്‍ന്നത് പരിമിതമായ എണ്ണമുള്ള മുസ്‌ലിം പ്രഭുക്കളായിരുന്നു. 

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട നാടുവാഴികളെയും പ്രഭുക്കളെയും അതാത് സ്ഥലങ്ങളില്‍ പുന:പ്രതിഷ്ഠ നടത്തി, അവരെ ഉപകരണങ്ങളാക്കി തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള വെള്ളക്കാരുടെ ശ്രമം തീ പാറുന്ന പോരാട്ടങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. മാപ്പിള പ്രഭുക്കളായ അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറും ഉണ്ണിമൂസ മൂപ്പനുമാണ് ഈ പോരാട്ടങ്ങള്‍ക്കെല്ലാം മുന്നില്‍ നിന്നത്. ഈ ധീരന്‍മാര്‍ മൂന്നുപേരും ബ്രിട്ടീഷ് തോക്കിനു മുന്നില്‍ വീരമരണം വരിക്കുകയും ചെയ്തു.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, ഇംഗ്ലീഷുകാരോട് സംഘടിതമായി എതിരിട്ട ആദ്യത്തെ സേനാനിയാണ് എളംപുളശേരി അംശത്തില്‍ ഉണ്ണിമൂസ മൂപ്പന്‍. പാലക്കാട് ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലായിരുന്നു എളംപുളശേരി. മൂപ്പന്‍ എന്നത് സ്ഥാനപ്പേരായിരുന്നു. മൈസൂര്‍ ഭരണകാലത്ത് ഓരോ ദേശത്തിന്റെയും ക്രമസമാധാന സംരക്ഷണത്തിനും നികുതി പിരിവിനുമായി മൂപ്പന്‍മാരെ നിയമിക്കുമായിരുന്നു. നേതാവ്, മേലാളന്‍ എന്ന അര്‍ഥത്തിലാണ് 'മൂപ്പന്‍' വിളിപ്പേരായത്. ഇംഗ്ലീഷ് രേഖകളില്‍ മൂപ്പന്‍ എന്നതിന് 'മൂത്ത' എന്നാണുള്ളത്. ഉണ്ണിമൂത്ത എന്നാണവരുടെ പ്രയോഗം. ടിപ്പുവിന്റെ വിശ്വസ്ത സേവകനെന്ന നിലയില്‍ ഇംഗ്ലീഷുകാരോടുള്ള യുദ്ധങ്ങളില്‍ ഉണ്ണിമൂസ മൂപ്പന്‍ സജീവമായിരുന്നു. എളംപുളശേരി അംശം അദ്ദേഹത്തിന്റെ പൂര്‍വിക സ്വത്തായിരുന്നു. 

പശ്ചിമ ഘട്ടത്തിലെ സുരക്ഷിതങ്ങളായ പാറക്കെട്ടുകളും ഒളിപ്പോരിനു പറ്റിയ ചെറിയ കാടുകളും ഉണ്ണിമൂസക്ക് നല്ല നിശ്ചയമുള്ളതിനാല്‍ മലമ്പ്രദേശങ്ങളില്‍ സുരക്ഷിത വലയങ്ങളോടു കൂടിയ വലിയ കെട്ടിടങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. അവയില്‍ സായുധരായ പടയാളികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. ഉണ്ണിമൂസയെ വരുതിയിലാക്കാന്‍ മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിയിട്ടും പരാജയപ്പെട്ടപ്പോള്‍ സൈനികമായി നശിപ്പിക്കാനായി ശ്രമം. വേലത്തിരിയിലെത്തിയ സൈന്യം ഉണ്ണിമൂസയുടെ പ്രധാന താവളം ഒരു ദിവസത്തെ തുറന്ന യുദ്ധം കൊണ്ട് പിടിച്ചെടുത്തു. ഉണ്ണിമൂസ, തന്റെ അനുയായികളോടൊപ്പം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറി. ഉണ്ണിമൂസയുടെ കൊട്ടാരത്തില്‍ ടിപ്പുസുല്‍ത്താന്റെ ധാരാളം കത്തുകള്‍ കണ്ടുകിട്ടിയെന്ന് ബ്രിട്ടീഷ് രേഖകള്‍ പറയുന്നു. 

മൈസൂര്‍ നവാബുമാര്‍ ചെയ്തതുപോലെ ലഹള ബാധിച്ച ദേശങ്ങളില്‍ മൂപ്പന്‍മാരെ നിയോഗിക്കണമെന്ന മേജര്‍ ഡോയ് ശിപാര്‍ശയും പ്രലോഭനങ്ങളുമൊന്നും ഉണ്ണിമൂസ ചെവിക്കൊണ്ടില്ല. മേജര്‍ ഹാര്‍ട്ടലിയുടെയും ഡോയുടെയും നേതൃത്വത്തില്‍ സേനകള്‍ ഉണ്ണിമൂസക്ക് എതിരെ നീങ്ങി. ഇവരെ സഹായിക്കാന്‍ സാമൂതിരിയോട് രണ്ടായിരം നായര്‍ പടയാളികളെയും ആവശ്യപ്പെട്ടിരുന്നുവത്രെ. നികുതിപിരിവിനുള്ള അവകാശം നഷ്ടപ്പെട്ടതിന്റെ പേരില്‍ ബ്രിട്ടീഷുകാരുമായി ഇടഞ്ഞു നിന്നിരുന്ന സാമൂതിരി വംശത്തിലെ പടിഞ്ഞാറെ കോവിലകവും പാലക്കാട് ദേശത്തെ രാജവംശത്തിലുള്ള കുഞ്ചി അച്ഛനും പിന്നീട് ഉണ്ണിമൂസയുടെ സഹായികളായി മാറി. ക്യാപ്റ്റന്‍ ബള്‍ച്ചലിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സേന കലാപകാരികളെ നേരിട്ടു. ചെറുത്തുനില്‍പില്‍ രക്ഷയില്ലാതെ സൈന്യങ്ങളുമായി പടിഞ്ഞാറെ കോവിലകം തമ്പുരാക്കന്‍മാര്‍ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. കുഞ്ചി അച്ഛനാകട്ടെ പാലക്കാട് കോട്ടയിലെത്തി മേജര്‍ റാംനേക്ക് കീഴടങ്ങി. മരണം വരെ അദ്ദേഹത്തെ തലശ്ശേരി കോട്ടയില്‍ തടവുകാരനാക്കി പാര്‍പ്പിച്ചു. 

കൂടെയുള്ള പലരും കൊഴിഞ്ഞെങ്കിലും ഉണ്ണിമൂസ കൂടുതല്‍ സൈന്യത്തെ സംഘടിപ്പിച്ച് മുന്നോട്ടു നീങ്ങിയപ്പോള്‍ കമ്പനി ഒത്തുതീര്‍പ്പുമായി രംഗത്തെത്തി. ഉണ്ണിമൂസയും മേജര്‍ മുറേയും 1793 മേയ് നാലിന് ഒത്തുതീര്‍പ്പില്‍ ഒപ്പുവെച്ചുവെങ്കിലും അതും ഫലവത്തായില്ല. ടിപ്പുവിനോടുള്ള സ്‌നേഹത്തിന്‍െയത്ര വിരോധം കമ്പനിയോടുണ്ടായിരുന്ന ഉണ്ണിമൂസ വഴങ്ങാതായപ്പോള്‍ വീണ്ടും രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടു. പിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ക്യാപ്റ്റന്‍ മെഗ്‌ഗോണാള്‍ഡിന്റെ നേതൃത്വത്തിലുണ്ടായ പട്ടാളനീക്കത്തില്‍ പന്തല്ലൂര്‍ മലയിലുണ്ടായിരുന്ന വീടും കോട്ടകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വീണ്ടും തുടര്‍ന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയതോടെ അവര്‍ ഉണ്ണിമൂസക്കും മാപ്പിളമാര്‍ക്കും മാപ്പ് പ്രഖ്യാപിച്ചു. ഈ നയംമാറ്റത്തെ അറപ്പോടെ കണ്ട ഉണ്ണിമൂസയും ചെമ്പന്‍ പോക്കറും മലബാര്‍ ജനതയെ അഭിസംബോധന ചെയ്ത് ഒരു 'ഓല' പുറത്തിറക്കി. ഇംഗ്ലീഷ് ഭരണവുമായി യാതൊരു കാരണത്താലും യോജിക്കരുതെന്നും അവരോട് സന്ധിയില്ലാ സമരം നടത്തുന്ന തങ്ങളുമായി സര്‍വാത്മനാ യോജിക്കണമെന്നും ആഹ്വാനം ചെയ്തു. കമ്പനി പുതിയങ്ങാടി തങ്ങളുടെ ഒത്താശയോടെ നേതാക്കന്‍മാരെ പിടികൂടാന്‍ പദ്ധതിയിട്ടെങ്കിലും അതും വിഫലമായി. കലക്ടര്‍ ബേബറിന്റെ സേനാവിഭാഗത്തെ ഉണ്ണിമൂസയും കൂട്ടരും പരാജയപ്പെടുത്തിയത് ബ്രിട്ടീഷ് ക്യാമ്പുകളില്‍ കൂടുതല്‍ ഭീതി പരത്തി. 

ഇതേ സമയത്താണ് പഴശ്ശിരാജയും സംഘവും വയനാടന്‍ മലകളില്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നത്. ഇതറിഞ്ഞതോടെ ഉണ്ണിമൂസയും കൂട്ടരും പഴശ്ശിരാജക്ക് ശക്തിപകര്‍ന്നു. കാടുകളിലും മലകളിലും പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തിയിരുന്ന അവര്‍ക്ക് ആയുധവും ഭക്ഷണവും പുറമേനിന്ന് എത്തിച്ചുകൊടുക്കുന്നത് ഉണ്ണിമൂസയുടെ ശിക്ഷണം ലഭിച്ച, വിശ്വസ്ത സേവകരായിരുന്നു. ഇക്കാരണത്താല്‍ ഉണ്ണിമൂസയുടെ അനുയായികളെന്ന് സംശയിച്ചവരുടെയല്ലാം സ്വത്ത് കമ്പനി കണ്ടുകെട്ടുകയുണ്ടായി. എത്ര വലിയ ആനുകൂല്യങ്ങള്‍ വെച്ചുനീട്ടിയാലും ഉണ്ണിമൂസയെ ഒറ്റുകൊടുക്കാന്‍ മലനാട്ടില്‍ ആരെയും കിട്ടിയില്ലെന്നതാണ് അഭിമാനകരമായ ചരിത്രം. 

പഴശ്ശിരാജയോടൊപ്പം ചേര്‍ന്ന് അന്തിമസമരത്തിന് ഉണ്ണിമൂസ തയ്യാറെടുത്തു. പക്ഷേ, കമ്പനിയുടെ വമ്പന്‍ ശക്തിക്കുമുന്നില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ ആ പോരാളികള്‍ക്ക് കഴിഞ്ഞില്ല. 1802 ജൂണില്‍ ക്യാപ്റ്റന്‍ വാര്‍ട്ട്‌സന്റെ സൈന്യത്തെ നേരിട്ട ഉണ്ണിമൂസ പെരിന്തല്‍മണ്ണയിലെ സ്വന്തം കോട്ടയില്‍ വെച്ച് വെള്ളപ്പട്ടാളത്തിന്റെ നിറതോക്കിന് മുമ്പില്‍ 'ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബര്‍' എന്നുറക്കെ ഉരുവിട്ട് ധീരമരണം വരിച്ചു. 

കാര്യമായ സ്വത്തും കരുത്തുറ്റൊരു ജീവിതവും ജന്‍മരാജ്യത്തിനായി ത്യജിച്ച ധീരനായൊരു ദേശാഭിമാനിയെ അതേ ജന്‍മരാജ്യവും സ്വാതന്ത്യമാസ്വദിച്ച പിന്‍മുറയും ഒട്ടും മാനിച്ചില്ലെന്നതാണ് പില്ക്കാല ചരിത്രം. 1921ലെ ഖിലാഫത്ത് വിപ്ലവത്തില്‍ ആലി മുസ്‌ലിയാരോടൊപ്പം തൂക്കിലേറ്റപ്പെട്ട എളംപുളശേരി മൊയ്തീന്‍ കുട്ടി ഹാജി ഉണ്ണിമൂസ മൂപ്പന്റെ സന്താന പരമ്പരയില്‍ പെട്ടയാളാണ്. 

 

 

References

 
കാലവും കാല്‍പ്പാടുകളും (പി.എം.എ. ഗഫൂര്‍)

Feedback