Skip to main content

ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍

അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ സമര സേനാനി. പൂര്‍ണനാമം ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിസംസ്ഥാന(പാകിസ്താന്‍)ത്തിലെ അഷ്ടനഗര്‍ ജില്ലയില്‍ ഉസ്മാന്‍സായ് ഗ്രാമത്തിലെ സമ്പന്ന കുടുംബത്തില്‍ ബഹ്‌റാംഖാന്റെ നാലാമത്തെ പുത്രനായി 1890ല്‍ ജനിച്ചു. പെഷവാറിലെ ഒരു മിഷന്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു മുമ്പു തന്നെ പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരുന്നു. അറബി ഭാഷയില്‍ പ്രാഥമിക ജ്ഞാനവും നേടി.

10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ പട്ടാളത്തില്‍ ജൂനിയര്‍ കമീഷന്‍ ഓഫിസറായി തെരഞ്ഞെടുത്തു. പിന്നീട് അവിടെ നിന്ന് ജോലി രാജിവെച്ചു. മെട്രിക്കുലേഷന്‍ പാസായ ശേഷം അലീഗഢില്‍ പോയി കോളേജിൽ ചേര്‍ന്നു പഠിച്ചു. പിന്നീട് ചില പണ്ഡിതന്‍മാരുമായി സഹകരിച്ച് തന്റെ ഗ്രാമത്തില്‍ ഖാന്‍ 'ദാറുല്‍ ഉലൂം' എന്നൊരു സ്ഥാപനമുണ്ടാക്കി. 1910ല്‍ ഗ്രാമത്തില്‍ ഒരു ദേശീയ ഇസ്‌ലാമിക വിദ്യാലയം സ്ഥാപിച്ചു. പ്രസിദ്ധ വിപ്ലവകാരിയും മതപണ്ഡിതനുമായ മൗലാനാ ഉബൈദുല്ലാഹിസ്സിന്ധിയാണ് അബ്ദുല്‍ ഗഫ്ഫാര്‍ ഖാന് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടാക്കിയത്. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് സായുധ സമരം നടത്താന്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിക്കപ്പുറത്ത് ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പ്രസ്തുത ശ്രമം വിജയിച്ചില്ല.

1919ല്‍ റൗലറ്റ് ആക്ട് എന്ന മര്‍ദനനിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരില്‍ ഖാന്‍ അബ്ദുര്‍ ഖഫ്ഫാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആറു മാസത്തിന് ശേഷം ജയില്‍ മോചിതനായി. 1920ല്‍ ദല്‍ഹിയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ ഖാന്‍ പങ്കെടുത്തു. പിന്നീട് അഫ്ഗാനിസ്താനിലേക്ക് പോവുകയും കുറച്ചുകാലത്തിന് ശേഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. 1921ല്‍ ഉസ്മാന്‍ സായില്‍ ആസാദ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു.

 

പക്തൂണും പുഷ്തു ഭാഷയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും

പുഷ്തു ഭാഷയില്‍ ആദ്യമായി പത്രം തുടങ്ങിയത് അബ്ദുല്‍ ഗഫ്ഫാര്‍ ഖാനാണ്. 1928 മേയില്‍ പ്രസിദ്ധീകരണമാരംഭിച്ച 'പക്തൂണ്‍' ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും പുഷ്തു ഭാഷക്കും മഹത്തായ സേവനമാണ് നല്‍കിയത്. ബ്രിട്ടീഷുകാര്‍ പലതവണ പ്രസിദ്ധീകരണം തടഞ്ഞ 'പക്തൂണ്‍' സ്ഥിരമായി നിരോധിച്ചത് പാകിസ്താന്‍ ഗവണ്‍മെന്റാണ്.

1929ല്‍ ഖുദായെ ഖിദ്മത് ഗാര്‍ (ദൈവ സേവാസംഘം) സ്ഥാപിക്കപ്പെട്ടു. ചെങ്കുപ്പായ സേന എന്നും പ്രസ്തുത സംഘടന അറിയപ്പെട്ടിരുന്നു. കറാച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം അദ്ദേഹത്തെ പാര്‍ട്ടിയുടെ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തു. 1931 ഡിസംബര്‍ 24ന് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗാന്ധിþþþ ഇര്‍വിന്‍ സന്ധിക്കുശേഷം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ അദ്ദേഹമായിരുന്നു. പഞ്ചാബിലും അതിര്‍ത്തി സംസ്ഥാനത്തിലും കടക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ മൂന്നുവര്‍ഷത്തിനു ശേഷം അദ്ദേഹം ജയില്‍ മോചിതനായി. പിന്നീട് കുറച്ചു കാലം ഗാന്ധിജിയോടൊപ്പം വാര്‍ധയില്‍ താമസിച്ചു. 1946ല്‍ വര്‍ഗീയ ലഹളകള്‍മൂലം ബീഹാറിലെ മുസ്‌ലിംകള്‍ കഷ്ടപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ അനാരോഗ്യം വകവെക്കാതെ അദ്ദേഹം അവിടെയെത്തി ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അക്കൊല്ലം തന്നെ കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
ഭരണാധികാരക്കൈമാറ്റത്തെപ്പറ്റി ബ്രിട്ടനില്‍ നിന്നുവന്ന ക്യാബിനറ്റ് മിഷനുമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നിയോഗിച്ച നാലു പേരില്‍ ഒരാള്‍ ഗഫ്ഫാര്‍ ഖാനായിരുന്നു. മുസ്‌ലിം ലീഗിന്റെ ഇന്ത്യാ വിഭജനമെന്ന ആശയത്തെ അദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നതിനാല്‍ യഥാര്‍ഥ മുസ്‌ലിമല്ലെന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നു. 1947ല്‍ ഇന്ത്യ വിഭജിച്ചതില്‍ ഖാന്‍ അതീവ ദുഃഖിതനായിരുന്നു. എങ്കിലും പാകിസ്താന്‍ ഒരു യാഥാര്‍ഥ്യമായപ്പോള്‍ ആ രാജ്യത്തോട് കൂറുപുലര്‍ത്തി. ഒരു സ്വതന്ത്ര പക്തൂണിസ്താനു വേണ്ടി വാദിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു. 1953ല്‍ ജയില്‍ മോചിതനായി. പലപ്പോഴായി ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍ 15 കൊല്ലം പാക് ജയിലുകളില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. വളരെ ക്രൂരമായ മര്‍ദനമുറകളാണ് അദ്ദേഹത്തിനെതിരെ പാക് സര്‍ക്കാര്‍ അഴിച്ചുവിട്ടത്. 

1964ല്‍ ജയില്‍ മോചിതനായ ശേഷം അദ്ദേഹം ചികിത്സാര്‍ഥം ലണ്ടനിലേക്ക് പോയി. 1964 മുതല്‍ അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്ഥിരതാമസമാക്കി. ഇന്ത്യയുമായി ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1969ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് നെഹ്‌റു അവാര്‍ഡ് നല്‍കി. ആ വര്‍ഷം ഗാന്ധി ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. ഹൃദ്യമായ സ്വീകരണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. 1987 ആഗസ്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കി ആദരിച്ചു. 1988 ജനുവരി 20ന് 98ാം വയസില്‍ പെഷവാറില്‍ മരിച്ചു. 1969ല്‍ പ്രസിദ്ധീകരിച്ച 'എന്റെ സമരവും ജീവിതവും' എന്ന ആത്മകഥ പ്രസിദ്ധമാണ്.

 

Feedback