Skip to main content

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്

ഗവണ്‍മെന്റ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ ആവാനാഗ്രഹിക്കുകയും എന്നാല്‍ ഗവണ്‍മെന്റിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത ധീര ജേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. ഗാന്ധിജിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും മൗലാനാ മുഹമ്മദലി ജൗഹറിന്റെയും അടുത്ത സുഹൃത്ത്. പണത്തിന്റെ പത്രാസില്‍ ജനിക്കുകയും ദാരിദ്ര്യത്തിന്റെ മേലുടുപ്പുമായി മരണപ്പെടുകയും ചെയ്ത മഹാത്യാഗി. ധീരത കൊണ്ടും ഇഛാശക്തി കൊണ്ടും ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ച നേതാവ്. അറിവും ബുദ്ധിയും ധീരതയും എല്ലാം ഒത്തു ചേര്‍ന്ന മഹാമനുഷ്യന്‍, അതായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍.

കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് സമ്പന്ന കുടുംബാംഗമായ കറുകപ്പാടത്ത് പുന്നക്കച്ചാലില്‍ അബ്ദുറഹ്മാന്റെ മൂത്ത മകനായി 1898ലാണ് ജനനം. ഗ്രാമത്തിലെ അദ്ധ്യാപകന്റെ കീഴില്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ച അദ്ദേഹം, അഴീക്കോട് പ്രൈമറി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. സ്വന്തമായി പഠിച്ച് മെട്രിക്കുലേഷന്‍ പാസായ സാഹിബ്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ എഫ്.എ.(പ്രീഡിഗ്രി) കോഴ്‌സിന് ചേര്‍ന്നു. ശേഷം മദ്രാസിലെ മുഹമ്മദന്‍ കോളേജില്‍ നിന്ന് സീനിയര്‍ എഫ്.എ ഫസ്റ്റ് ക്ലാസോടെ പാസായി.

സ്വാതന്ത്ര്യ വീഥിയിലുള്ള പുതിയ പോരാട്ടങ്ങള്‍ ഓരോന്നായി തുടങ്ങിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആവേശം കയറിയ സാഹിബ്, ബി.എ. ഓണേഴ്‌സിന് പഠിച്ചുകൊണ്ടിരുന്ന കോളേജിലെ പ്രിന്‍സിപ്പലിന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കോളെജ് ബഹിഷ്‌കരിക്കുന്നുവെന്ന കത്ത് നല്‍കിയിരുന്നു. പിന്നീട് ജാമിഅ മില്ലിയ്യയില്‍ മൗലാന മുഹമ്മദലി ജൗഹറിന്റെ ശിഷ്യനായ അദ്ദേഹം, മൗലാനയുടെ നിര്‍ദ്ദേശ പ്രകാരം, കേരള രാഷ്ട്രീയത്തില്‍ സജീവമാകാനായി മലബാറിലേക്ക് തന്നെ തിരിച്ചു.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്ന അദ്ദേഹം, ദീര്‍ഘ വീക്ഷണþþþþമുള്ളയാളായിരുന്നു. സര്‍വസന്നാഹത്തോടെ സുശക്തമായി നില്‍ക്കുന്ന ബ്രിട്ടീഷ് സൈന്യത്തോട് മാപ്പിളമാര്‍ പോരിനിറങ്ങിയാല്‍, അത് ആത്മഹത്യാപരമായിരിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം പൂക്കോട്ടൂരിലെത്തി മാപ്പിള പേരാളികളെ പിന്തിരിപ്പിച്ചു. എങ്കിലും 1921ലെ മലബാര്‍ കലാപം ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലഹളയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകളും വൃദ്ധരും അക്രമങ്ങള്‍ക്കിരയായത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അവര്‍ക്ക് വേണ്ടി സാഹിബ് വടക്കെ ഇന്ത്യയില്‍ നിന്നു പോലും സഹായമെത്തിച്ചു. ഇതറിഞ്ഞ ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രതികാര ബുദ്ധിയോടെ സാഹിബിനെ അറസ്റ്റ് ചെയ്തു.

സമൂഹത്തിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച അദ്ദേഹം, 1924ല്‍ സ്വാതന്ത്ര്യ സമരത്തെ ജനങ്ങളിലേക്കെത്തിച്ച് ശക്തിപ്പെടുത്താനും മുസ്‌ലിം നവോത്ഥാനത്തെ സഹായിക്കാനും അല്‍ അമീന്‍ എന്ന പത്രം ആരംഭിച്ചു. മുസ്‌ലിംകള്‍ക്കിടയിലുള്ള അനാചാരങ്ങളെയും ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തെയും ശക്തിയായി എതിര്‍ത്ത പത്രം, മുസ്‌ലിം ജീവിതത്തിനും സ്വാതന്ത്ര്യ സമരത്തിനും പുതിയ വെളിച്ചം നല്‍കി.

പോരാട്ടത്തിന്റെ നാള്‍വഴികളില്‍ വലതുപക്ഷ നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് 1938-40 കാലത്ത് കെ.പി.സി.സി പ്രസിഡണ്ടായി. സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത സുഹൃത്തായ സാഹിബ് ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാപകരിലൊരാളും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായിരുന്നു.

1940 ജൂലൈ മുതല്‍ ജയിലിലടയ്ക്കപ്പെട്ട സാഹിബ് അഞ്ചു വര്‍ഷം ജയില്‍ വാസമനുഭവിച്ചു. 1945ല്‍ മോചിതനായെങ്കിലും പിന്നീട് എഴുപത്തിയേഴ് ദിവസം മാത്രമാണ് ആ വീരപുത്രന്‍ ജീവിച്ചിരുന്നത്.  ആ ദിവസം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് മുന്നൂറിലധികം പ്രസംഗങ്ങള്‍ സാഹിബ് നടത്തി. സമ്പദ് സമൃദ്ധിയുടെ മടിത്തട്ടില്‍ ജനിച്ച സാഹിബ് മരണമടയുമ്പോള്‍ കൈവശമുണ്ടായിരുന്നത് ഒരു വാച്ചും കണ്ണടയും പേനയും കുറച്ച് വസ്ത്രങ്ങളും മൂന്നു തുകല്‍ പെട്ടികളും മാത്രമാണ്. മരണം 47-ാം വയസില്‍ മുക്കം കൊടിയത്തൂരില്‍ വച്ച്.

Feedback