Skip to main content

മലയം കുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍

വിപ്ലവ തല്പരമായ ബാല്യം, വിപ്ലവ പോരാളിയായ യൗവനം, വിപ്ലവ പ്രേരകമായ വാര്‍ധക്യം.  ഇങ്ങനെയായിരുന്നു മലയം കുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍ എന്ന പോരാളിയുടെ ജീവിതത്തിന്റെ ഒറ്റനോട്ടം.  മലയാള ഭാഷ പഠിക്കല്‍ മുസ്്‌ലിമിന് നിഷിദ്ധമാണെന്ന ചില പണ്ഡിതരുടെ  വാക്കുകളെ എതിര്‍ത്ത് മലയാളം പഠിച്ചു കൊണ്ടാണ് വിപ്ലവ രംഗത്തേക്ക് മരക്കാര്‍ മുസ്‌ലിയാര്‍ കടന്നു വരുന്നത്.  1920ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. മകന്‍ മൊയ്തു മൗലവിയെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നല്‍കി വിപ്ലവകാരിയുടെ പിതാവുമായി. സംഭവ ബഹുലമായ ജീവിതമായിരുന്നു മലയം കുളത്തേല്‍ മരക്കാര്‍ മുസ്്‌ലിയാരുടേത്.

പൊന്നാനി താലൂക്കിലെ മാറഞ്ചേരി ഗ്രാമത്തില്‍ 1830കളിലാണ് ജനനം.  പിതാവ് മൊയ്തു.  മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന ആ കാലത്ത് പഴയ അത്തോട് ഫര്‍ക്കയിലെ ഏറ്റവും പുരാതന ജൂമാ മസ്ജിദുകളിലൊന്നായ കോടഞ്ചേരി പള്ളി ദര്‍സില്‍ അദ്ദേഹം വിദ്യാര്‍ഥിയായി ചേര്‍ന്നു.  ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ക്ക് പുറമെ വേറെ പുസ്തകങ്ങളും പഠിച്ചു. അറബി, അറബി മലയാളം ഭാഷകള്‍ക്ക് പുറമെ വേറൊരു ഭാഷയും മുസ്‌ലിംകള്‍ക്ക് പഠിക്കാന്‍ പാടില്ല എന്ന നിയമമുണ്ടായിരുന്ന കാലത്ത് കൂടെയുള്ള പണ്ഡിതരുടെയും സഹപാഠികളെയും എതിര്‍ത്ത് അദ്ദേഹം മലയാളം ഭാഷ പഠിച്ചു.  ശേഷം പള്ളുരുത്തിയില്‍ പോയി ഉപരിപഠനം നടത്തുകയും നല്ലൊരു പ്രസംഗകനായി മാറുകയും ചെയ്തു.

തിരിച്ച് കോഴിക്കോട്ടെത്തിയ മരക്കാര്‍ മുസ്‌ലിയാര്‍ മോയിന്‍കുട്ടി വൈദ്യരുമായി ചങ്ങാത്തത്തിലാവുകയും സാഹിത്യ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.  അതോടൊപ്പം തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന അന്ധവിശ്വാസ അനാചാരങ്ങളെ അദ്ദേഹം ശക്തിയായി എതിര്‍ക്കുകയും ചെയ്തു.  1920ല്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം ആറ് മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു.  ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സജീവമായി രംഗത്തിറങ്ങാന്‍ കഴിയാതിരുന്ന മരക്കാര്‍, തന്റെ മകന്‍ മൊയ്തു മൗലവിയെ സമര ഭൂമിയിലേക്ക് ഇറക്കിവിട്ടു.  1930ല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിയമ ലംഘന സമരത്തില്‍ പങ്കെടുത്ത മകന്‍ മൊയ്തു മൗലവിയെ ആശീര്‍വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നമസ്‌കാരത്തിന് പള്ളിയിലെത്തുന്ന ജനങ്ങളെ സ്വാതന്ത്ര്യ സമരത്തെപ്പറ്റി ബോധവല്‍ക്കരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.  അതിനായി തന്റെ മകന്‍ മൊയ്തുമൗലവിയെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു.  നമസ്‌കാരം കഴിഞ്ഞ ഉടന്‍ ജനങ്ങളോട് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മൊയ്തു മൗലവി സംസാരിച്ചു.  എന്നാല്‍ പ്രസംഗത്തിനിടയില്‍ 'ഗാന്ധിജി' എന്ന പേരുച്ചരിച്ചപ്പോള്‍ ഖത്തീബ് പ്രസംഗം തടസപ്പെടുത്തി.  പള്ളിയുടെ ഉള്ളില്‍ വെച്ച് കാഫിറിന്റെ പേരുച്ചരിച്ചു എന്നതായിരുന്നു പ്രശ്‌നം.  മൊയ്തു മൗലവി തന്റെ ഉപ്പയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു.  ആ പിതാവ് ചില ഉപായങ്ങളും മകന് പകര്‍ന്ന് നല്‍കി.  അടുത്തൊരു ദിവസം ഖത്വീബ് നമസ്‌കാരത്തില്‍ 'തബ്ബത് യദാ' എന്ന സൂറത്തോതിയപ്പോള്‍ അമുസ്‌ലിമായ 'അബൂലഹബി'ന്റെ പേരുച്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി മൊയ്തു മൗലവി നമസ്‌കാരം നിര്‍ത്താനാവശ്യപ്പെട്ടു.  അങ്ങനെ വലിയൊരു പ്രശ്‌നം വളരെ നര്‍മമായി അദ്ദേഹം കൈകാര്യം ചെയ്തു.  അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പിതാവ് മരക്കാര്‍ മുസ്‌ലിയാരുടെ നര്‍മ ബുദ്ധിയായിരുന്നു.  പോരാളിയും പണ്ഡിതനുമായ ആ മഹാന്‍ 1932 ഏപ്രിലില്‍ അന്തരിച്ചു.


 

Feedback