Skip to main content

ഡോ. മഗ്ഫൂര്‍ അഹമ്മദ് അജാസി

കവി, പ്രസംഗകന്‍, എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, കായിക താരം എന്നിങ്ങനെ ഒരു പാട് കഴിവുകളുള്ള ദേശസ്‌നേഹിയും സ്വാതന്ത്ര്യസമര പോരാളിയും ആയിരുന്നു  ഡോ. മഗ്ഫുര്‍ അഹ്മദ് അജാസി.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും മുസ്‌ലിം  ലീഗിലും പ്രവര്‍ത്തിച്ച ഇദ്ദേഹം, ജിന്നയുടെ പാകിസ്താന്‍ വാദത്തിന് എതിരായിരുന്നു.  അതിനാല്‍ തന്നെ ജിന്നയുടെ മുസ്‌ലിം ലീഗിനോട് എതിരിടാന്‍ 'ആള്‍ ഇന്ത്യ ജുംഹൂര്‍ മുസ്‌ലിം ലീഗ്' എന്ന പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു.  രാജ്യത്തിന് വേണ്ടി ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു തന്റെ വിവാഹവേളയില്‍ അദ്ദേഹവും വധുവും കൈകൊണ്ട് നിര്‍മിച്ച ഖാദി വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയത്.

ബീഹാറിലെ മുസാഫര്‍ പൂര്‍ ജില്ലയില്‍ ദിനൂലി ഗ്രാമത്തില്‍ 1900 മാര്‍ച്ച് 3ന് മൗലവി ഹാഫിസുദ്ദീന്‍ ഹുസൈന്റെയും മഹ്ഫുളുന്നിസയുടെയും മകനായി ജനനം.  ചെറുപ്രായത്തില്‍ തന്നെ മാതാവും, സ്‌കൂള്‍ പഠനകാലത്ത് പിതാവും മരണപ്പെട്ടു.  ചെറുപ്പത്തില്‍ തന്നെ റൗലത് ആക്ടിനെതിരെ പ്രതികരിച്ചതിനാല്‍ പഠിച്ചിരുന്ന നോര്‍ത്ത് ബ്രൂക്കസിലെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു.  സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അജാസ് ഹുസൈന്‍ ബദായൂനിയുമായുള്ള ബന്ധമാണ് അജാസി എന്ന പേരില്‍ ഇദ്ദേഹം അറിയപ്പെടാനുണ്ടായ കാരണം.

മഹാത്മാ ഗാന്ധിയുടെ കൂടെ സ്വാതന്ത്ര്യ പോരാട്ടത്തിന് അണിനിരക്കാന്‍ B.N. കോളേജിലെ തന്റെ പഠനം അജാസി അവസാനിപ്പിച്ചു.  1921ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക, ബ്രിട്ടീഷ് വസ്ത്രങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ കത്തിക്കുക, ഉപ്പു കുറുക്കല്‍, സത്യാഗ്രഹം, സൈമണ്‍ കമ്മീഷനെതിരെ. തുടങ്ങി എല്ലാവിധ സമര പരിപാടികളിലും സജീവമായി പങ്കെടുത്തു.  'മുത്തിയ' എന്ന പദ്ധതിയിലുടെ സ്വാതന്ത്ര്യ സമരത്തിനുള്ള ഫണ്ട് ശേഖരണം അദ്ദേഹം ആരംഭിച്ചു.  എല്ലാ ആഹാരത്തിനു മുന്‍പും ഒരു പിടിധാന്യം രാജ്യത്തിനു വേണ്ടി നല്‍കുക എന്നതായിരുന്നു 'മുത്തിയ' പദ്ധതി. വളരെ വിജയകരമായി ഇദ്ദേഹം ഇത് നടപ്പിലാക്കി.

ഇംഗ്ലീഷ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും കത്തിക്കുകയും ചെയ്യുക എന്ന കാംപയിനിന് അദ്ദേഹം തുടക്കമിട്ടു.  സരോജിനി നായിഡു സ്ഥാപിച്ച സേവാദള്‍ അജാസി വീണ്ടും സംഘടിപ്പിക്കുകയും യുവാക്കള്‍ക്ക് സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പരിശീലനം നല്‍കുകയും ചെയ്തു.  AICC യുടെ യോഗത്തില്‍ പങ്കെടുത്ത അജാസി ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേരുകയും അലി സഹോദരങ്ങളുടെ അടുത്ത സഹായിയായി മാറുകയും ചെയ്തു.  മുഹമ്മദ് അലി ജൗഹറിന്റെ നിര്‍ദ്ദേശപ്രകാരം അജാസി, കല്‍ക്കത്തയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ചാര്‍ജ് ഏറ്റെടുത്തു.  അതേ സമയത്ത് തന്നെ കല്‍ക്കത്ത ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹം മെഡിക്കല്‍ ഡിഗ്രിയും കരസ്ഥമാക്കി.

ദിഹൂലി ചാരക്കേസില്‍ കുറ്റപത്രം ചുമത്തപ്പെട്ട അജാസിയെ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.  എന്നാല്‍ അണ്ടര്‍ ഗ്രൗണ്ടിലിരുന്ന് ഇദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.

സ്വാതന്ത്ര ഇന്ത്യ എന്ന സ്വപ്‌നത്തിനു വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ച മഗ്ഫൂര്‍ അഹ്മദ് അജാസി 1966 സെപ്തംബര്‍ 26ന് മുസാഫിര്‍പൂരിലെ സ്വവസതിയില്‍ അന്തരിച്ചു.  ഖാദ്വി മുഹമ്മദ്പൂര്‍ ഖബര്‍സ്ഥാനില്‍ മറയ്ക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് അന്നുവരെ മുസാഫിര്‍പൂര്‍ കാണാത്തയത്ര ജനങ്ങളാണ് ഒഴുകിയെത്തിയത്.
 

Feedback