Skip to main content

നടുക്കണ്ടി മുഹമ്മദ് കോയ

സ്വാതന്ത്ര്യ സമര സേനാനി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ജന സേവകന്‍. 1912 ല്‍ കുറ്റിച്ചിറയിലെ നടുക്കണ്ടി തറവാട്ടില്‍ ജനിച്ചു. കോഴിക്കോട് മാര്‍ക്കറ്റില്‍ വ്യാപാരിയായ മൊയ്തീന്‍കോയയാണ് പിതാവ്. നടുക്കണ്ടിയില്‍ ഫാത്തിമയാണ് മാതാവ്. 

കുറ്റിച്ചിറ യു.പി.സ്‌കൂളില്‍ ആറാംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും യുവാവാകുമ്പോഴേയ്ക്കും വിപുലമായ അറിവ് നേടി സംസ്‌കാര സമ്പന്നനായി. കുറ്റിച്ചിറയില്‍ സ്വന്തം സമുദായത്തിലെ ഹ്രസ്വവലയത്തിനു പുറത്തുനിന്നു പലതും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത നടുക്കണ്ടി പൊതുസേവകനായി മാറി. 

Nadukkandy

തീരദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നാദ്ധ്വാനം ചെയ്തു. ബാല്യത്തില്‍ തന്നെ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായിരുന്നു. സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളിലെല്ലാം നടുക്കണ്ടി സജീവ പങ്കാളിത്വം വഹിച്ചു. സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം ചെറുപ്പക്കാരെ അണിനിരത്തുന്നതില്‍ മുന്നിട്ട് പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. മര്‍ദ്ദനങ്ങളും ജയിലറയും ആ വിപ്ലവകാരിയെ തളര്‍ത്തിയില്ല. 

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 'സ്വാതന്ത്ര്യപതാക' എന്നൊരു നാടകം നടുക്കണ്ടിയുടെ നേതൃത്വ ത്തില്‍ ഷാജഹാന്‍ ഹാളില്‍ (കോണേഷന്‍ തിയേറ്റര്‍) അരങ്ങേറി. ആയിരത്തി അഞ്ഞൂറു രൂപ സമാഹരിച്ചു. നാടകം കണ്ട കേരളഗാന്ധി കേളപ്പന്‍ അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു. 

ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധിച്ച് നടത്തിയ വിദ്യാര്‍ത്ഥി പ്രകടനത്തില്‍ പങ്കെടുത്തു. അചഞ്ചലമായ ആത്മവിശ്വാസവും അതിരറ്റ വിപ്ലവബോധവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. കോണ്‍ഗ്രസ്സില്‍ അദ്ദേഹം ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചുവടുമാറി. കെ.വി. അഹമ്മദ് കോയ, നാലകത്ത് ഉമ്മര്‍കോയ, എ.ടി. അബു, നടുക്കണ്ടി മുഹമ്മദ് കോയ എന്നിവരായിരുന്നു കുറ്റിച്ചിറയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കുറ്റിച്ചിറയില്‍ അക്കാലത്ത് അതൊരു കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. 

തീരദേശത്ത് പാര്‍ട്ടിയുടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് നടുക്കണ്ടിക്കായിരുന്നു. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് അസാമാന്യ സാമര്‍ത്ഥ്യമുണ്ടായിരുന്നു. തൊഴിലാളിയുടെ കുടുംബ പ്രശ്‌നങ്ങള്‍ പഠിക്കുകയും അവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. 

കുടതൊഴിലാളി യൂണിയന്‍, സോമില്‍ തൊഴിലാളി യൂണിയന്‍, കൊമ്പ് തൊഴിലാളി യൂണിയന്‍, കോട്ടണ്‍മില്‍ തൊഴിലാളി യൂണിയന്‍, ബോട്ട് കാര്‍ഗോ തൊഴിലാളി യൂണിയന്‍, ബീഡി തൊഴിലാളി യൂണിയന്‍, കൈവണ്ടി തൊഴിലാളി യൂണിയന്‍, കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ തൊഴിലാളി സംഘടനകളുടെ രൂപീകരണത്തില്‍ മുഖ്യമായ പങ്ക് വഹിച്ചു. എ.ഐ.ടി.യു.സിയുടെ സിറ്റി, ജില്ലാകമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സി.പി.ഐ. ജില്ലാ-സ്‌റ്റേറ്റ് കൗണ്‍സില്‍ മെമ്പറുമായിരുന്നു. ദീര്‍ഘകാലം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളണ്ടിയറായും ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നുവെങ്കിലും കലാരസികന്‍ കൂടിയായിരുന്നു നടുക്കണ്ടി. നാടകത്തിലും സംഗീതത്തിലും തല്‍പരനായിരുന്ന അദ്ദേഹം ഗാനരചയിതാവ് കൂടിയായിരുന്നു. 

രാഷ്ട്രീയരംഗത്തെപ്പോലെ മുസ്‌ലിംകളുടെ സാമൂഹ്യരംഗത്തും നാല് പതിറ്റാണ്ട് കാലം നടുക്കണ്ടി നിസ്വാര്‍ത്ഥ സേവനമര്‍പ്പിച്ചു. കേരള മുസ്‌ലിം മജ്‌ലിസ,് യുവജനസംഘം, ഇസ്‌ലാമിക്ക് സര്‍വ്വീസ് സൊസൈറ്റി, സലാഹുല്‍ ഇസ്‌ലാം കമ്മിറ്റി, അബ്ദുല്‍ ബാരി സ്മാരക സംഘം, കോളറ ദുരിതാ ശ്വാസ കമ്മിറ്റി, റംസാന്‍ റിലീഫ് കമ്മറ്റി, ശ്മശാന ശുചീകരണ കമ്മിറ്റി, കുറ്റിച്ചിറ ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട്, സിയസ്‌കോ സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി എന്നീ വിവിധ സംഘടനകളിലും പ്രവര്‍ത്തിച്ചു.
 
1954 ല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പത്താം വാര്‍ഡില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1960 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനുരില്‍നിന്ന് സി.എച്ച് മുഹമ്മദ് കോയക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു. 

ആയിശബിയാണ് ഭാര്യ. സന്താനങ്ങളില്ല. രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കാരിക വേദികളില്‍ അരനൂറ്റാണ്ട് കാലം ആ വ്യക്തിത്വം നിറഞ്ഞുനിന്നു. 1987 മാര്‍ച്ച് 23 ന് നിര്യാതനായി.

Feedback