'പൂര്‍ണ സ്വാതന്ത്ര്യം' (ആസാദി കാമില്‍) എന്ന് ആദ്യമായി ആവശ്യപ്പെട്ട പോരാളിയാണ് ഹസ്രത്ത് മൊഹാനി. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം നിരൂപകരുടെ നിത്യശ്രദ്ധ പിടിച്ചെടുത്ത പ്രതിഭയായിരുന്നു.
1875ല്‍ ബ്രിട്ടീഷ് ഭരണപ്രദേശമായ ഇന്നാവോ ജില്ലയിലെ 'മോഹന്‍' പ്രദേശത്താണ് ഹസ്രത്ത് മൊഹാനിയുടെ ജനനം. യഥാര്‍ഥ നാമം 'സയ്യിദ് ഫദ്വ്ല്‍ ഹസന്‍' എന്നായിരുന്നു. അദ്ദേഹം കവിതകള്‍ രചിച്ചിരുന്നത് ഹസ്രത്ത് എന്ന തൂലികാ നാമത്തിലായിരുന്നു. അതിനോടു കൂടെ തന്റെ ജന്മദേശവും ചേര്‍ന്നാണ് ഹസ്രത്ത് മൊഹാനി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന മൊഹാനി നാട്ടിലെ പഠനത്തിനു ശേഷം അലിഗഡ് യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ നിന്നാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് അടുക്കുന്നത്. അലിഗഡ് പഠനകാലത്ത് അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ ശൗക്കത്തലി എന്നിവര്‍. 1921 ല്‍ റാംപ്രസാദ് ബിസ്മില്‍ പങ്കെടുത്ത അഹമ്മദാബാദ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ ധാരാളം അനുയായികളും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രേംകൃഷ്ണ ഖന്നയും വിപ്ലവാകാരികളുടെ തലവന്‍ അശ്ഫാഖുല്ലാഹ് ഖാനും ആയിരുന്നു. ഈ സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനിയും റാം പ്രസാദ് ബിസ്മിലും ചേര്‍ന്ന് ഏറെ പ്രാധാന്യമേറിയ പൂര്‍ണ സ്വരാജ് എന്ന പദ്ധതിക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് ജനറല്‍ ബോഡി ഈ പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിലെ മിതവാദികള്‍ക്ക് മേല്‍ ഉഗ്രവാദികള്‍ നേടിയ വിജയമായിരുന്നു.
ഹസ്രത്ത് മൊഹാനിയും റാം പ്രസാദ് ബിസ്മിലും ഒരുമിച്ചതോടെ സ്വതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പുതുവേഗം ലഭിച്ചു. യു.പി.യിലെ ജനങ്ങള്‍ ഇവരുടെയും സംഘത്തിന്റെയും തീപ്പൊരി പ്രസംഗത്തിന്റെയും സ്വാധീനത്തില്‍ ലയിക്കുകയും ബ്രിട്ടീഷ് രാജിനെതിരെ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഹസ്രത്ത് മൊഹാനി സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നിരവധി തവണ ജയില്‍ വാസമനുഭവിക്കുകയും ചെയ്തു. അദ്ദേഹം 1921ല്‍ മുസ്‌ലിം ലീഗിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷപദം അലങ്കരിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാ മാര്‍ഗത്തിലൂടെയും പോരാടാനായി അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെയും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതിനു ശേഷവും അദ്ദേഹം ജയില്‍ വാസമനുഭവിച്ചു. പ്രധാന കുറ്റങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തന്ത്രം പ്രയോഗിക്കുക, ബ്രിട്ടീഷുകാര്‍ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, അവരെ വിമര്‍ശിക്കുക എന്നിവയൊക്കെയായിരുന്നു. പക്ഷേ അതിനൊന്നും അദ്ദേഹത്തിലെ പോരാളിയെ തളര്‍ത്താന്‍ കഴിഞ്ഞില്ല.
സ്വാതന്ത്ര്യാനന്തരം നിരവധി മുസ്‌ലിം നേതാക്കള്‍ പാകിസ്താനിലേക്ക് പോയപ്പോള്‍ ഈ രാജ്യസ്‌നേഹി ഇന്ത്യ തന്നെയാണ് തനിക്കായി തെരഞ്ഞെടുത്തത്. കവിയായും പോരാളിയായും തിളങ്ങിയ 'സയ്യിദ് ഫദ്‌ലുല്‍ ഹസന്‍' എന്ന ഹസ്രത്ത് മൊഹാനി 1951 മെയ് 13ന് ലഖ്‌നോവില്‍ അന്തരിച്ചു.