Skip to main content

വൈക്കം സെയ്ത് മുഹമ്മദ്

സ്വാതന്ത്ര സമര പോരാട്ട രംഗത്ത് ശരീരം കൊണ്ടും മൂര്‍ച്ചയേറിയ തൂലികയാലും സേവനമര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പി എ സെയ്ത് മുഹമ്മദ്. പ്ലാവുങ്കല്‍ സയ്യിദ് മുഹമ്മദ്, ബീവി ഉമ്മാ ദമ്പതികളുടെ പുത്രനായി 1900 ല്‍ വൈക്കത്ത് തലയോല പറമ്പില്‍ ജനിച്ചു. വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച വിദ്യാഭ്യാസം തുടര്‍ന്നു തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമ ബിരുദമെടുത്തു പൂര്‍ത്തിയാക്കി. വൈക്കം മുന്‍സീഫ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. 

vaikkam


വൈക്കത്ത് 'നുസ്‌റത്തുല്‍ ഇഖ്‌വാന്‍' എന്ന സംഘം സ്ഥാപിച്ച് അതിന്റെ കീഴില്‍ ആത്മീയ വിദ്യാഭ്യാസത്തിനായി ഒരു മദ്രസ സ്ഥാപിച്ചു. പിന്നീട് ഇത് യു.പി.സ്‌കൂള്‍ ആയി മാറി. 
1929 ല്‍ ആലുവയില്‍ ചേര്‍ന്ന മുസ്‌ലിം ഐക്യ സംഘത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു. മൊയ്തു മൗലവിയുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് കോഴിക്കോട്ടേക്ക് താമസം മാറ്റി. അബ്ദുറഹിമാന്‍ സാഹിബിന്റെ ശിഷ്യത്വം സ്വീകരിച്ചു. മുഴുവന്‍ സമയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. അല്‍ അമീന്‍ ലോഡ്ജിലായിരുന്നു സ്ഥിരതാമസം. 

പ്രാസംഗികനും എഴുത്തുകാരനുമായ അദ്ദേഹം 'അല്‍ അമീന്‍' പത്രത്തിന്റെ ജോയിന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്ന മുഖപ്രസംഗങ്ങളായിരുന്നു സെയ്തു മുഹമ്മദ് എഴുതിയിരുന്നത്. 'ഉള്ളതു പറഞ്ഞാല്‍ കഞ്ഞിയില്ല' '12 x 12' എന്നീ ശ്രദ്ധേയങ്ങളായ മുഖപ്രസംഗങ്ങള്‍ സര്‍ക്കാറിനെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളായിരുന്നു. 1941 ല്‍ അദ്ദേഹം കെ.പി.സി.സി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്തു. 1930 ല്‍ ഉപ്പുസത്യാഗ്രഹത്തിലൂടെ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പാലക്കാട്ടുവെച്ച് കെ.എ. ദാമോദര മേനോന്‍, പൊന്മാടത്തു മൊയ്തീന്‍ കോയ എന്നിവരോടൊപ്പം സെയ്തു മുഹമ്മദിനെയും അറസ്റ്റ് ചെയ്തു ബല്ലാരി ജയിലിലടച്ചു. 

പാലക്കാട് ഉപ്പുസത്യഗ്രഹത്തില്‍ പൊന്മാടത്ത് മൊയ്തീന്‍ കോയയുടെ കൂടെ അറസ്റ്റ് വരിക്കാന്‍ പോയ സെയ്ത് മുഹമ്മദിനെ പോലീസ് പിടികൂടി. ഒരു വീടിന്റെ മേല്‍ തട്ടില്‍ ഒളിച്ചിരുന്ന സെയ്ത് മുഹമ്മദിനെ ലാത്തികൊണ്ട് കുത്തിനോവിച്ചു. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടിട്ടും ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി.

ജയില്‍ ശിക്ഷയ്ക്ക് ശേഷം കല്‍ക്കത്തയിലേക്ക് പോയി. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരിപഠനത്തിന് ശ്രമിച്ചെങ്കിലും മുഴുമിപ്പിക്കാനായില്ല. കല്‍ക്കത്തയിലെ താമസ കാലത്ത് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലൊന്നായ 'സ്റ്റാര്‍ ഓഫ് ഇന്ത്യ' പ്രത്രത്തിന്റെ സബ് എഡിറ്ററായി. അധികം കഴിയുന്നതിനു മുമ്പ് പത്രപ്രവര്‍ത്തനം മതിയാക്കി കോഴിക്കോട്ടേക്ക് തിരിച്ചുപോന്നു. ബേപ്പൂരില്‍ ഒരു വന്‍കിട കയര്‍ ഫാക്ടറിയില്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആ ജോലി രാജിവെച്ചു. കെ.സി. കോമുകുട്ടി മൗലവിയോടൊപ്പം 'യുവലോകം' പത്രം കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചു. 
ആദ്യ ഭാര്യയില്‍ മക്കളുണ്ടായിരുന്നില്ല. അവരുടെ മരണശേഷം മാഹിക്കടുത്തു കാരക്കാട്ട് പുനത്തില്‍ തറവാട്ടില്‍ മറിയത്തിനെ വിവാഹം ചെയ്തു. അതില്‍ അഞ്ച് ആണും രണ്ട് പെണ്ണുമാണ് സന്താനങ്ങള്‍. പുത്രന്‍മാരില്‍ അജ്മല്‍ സര്‍സയ്യിദ് കോളജ് ഹിസ്റ്ററി ലക്ച്ചററായിരുന്നു. പരീത്കുഞ്ഞ്, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സഹോദരന്മാരാണ്. 1961 ഏപ്രില്‍ 13 ന് തൃശൂരില്‍ വെച്ച് കാറപകടത്തില്‍ നിര്യാതനായി 
 

Feedback