Skip to main content

ഇനായതുള്ളാഹ് ഖാന്‍ മശ്‌രിഖി

ഒരുപാട് വിശേഷണങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഉടമയാണ് ഇനായതുള്ളാഹ് ഖാന്‍ മശ്‌രിഖി. ഒരു വിവാദ നായകന്‍, വിപ്ലവകാരി, സജീവ മത പ്രവര്‍ത്തകന്‍, സ്വതന്ത്ര ചിന്തകന്‍. അതോടൊപ്പം തന്നെ പരിഷ്‌കര്‍ത്താവ്, ദീര്‍ഘദൃക്ക്, നേതാവ്, ശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, കാലത്തിന് മുമ്പേ നടന്നവന്‍... തുടങ്ങിയ നിരവധി വിശേഷണങ്ങളും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

1888ല്‍ പഞ്ചാബിലെ അമൃത്‌സറില്‍ ഖാന്‍ അത്താ മുഹമ്മദ് ഖാന്റെ മകനായിട്ടാണ് ഇനായതുള്ളാഹ് ഖാന്‍ മശ്‌രിഖി ജനിക്കുന്നത്. തന്റെ നാട്ടില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ലാഹോറില്‍ നിന്ന് ബിരുദവും പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കണക്കില്‍ പ്രത്യേക പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പഠന മേഖല മുഴുവന്‍ കണക്ക് വിഷയങ്ങളിലായിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് നേടുന്ന വിദ്യാര്‍ഥിയും അദ്ദേഹമായിരുന്നു. 1907ല്‍ കേംബ്രിഡ്ജില്‍ ചേര്‍ന്ന മശ്‌രിഖി 1908ല്‍ സ്‌കോളര്‍ഷിപ്പും നേടി. 1912 ആയപ്പോഴേക്കും നാലു വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹം ട്രിപ്പോസ് കരസ്ഥമാക്കി. ഏതൊരു രാജ്യത്ത് നിന്നാണെങ്കിലും നാല് വ്യത്യസ്ത വിഷയങ്ങളില്‍ ട്രിപ്പോസ് നേടുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയ  മശ്‌രിഖി രണ്ടു വര്‍ഷം കൊണ്ട് പെഷാവറിലെ ഇസ്‌ലാമിക കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിത്തീര്‍ന്നു.


    
1924ല്‍ തന്റെ 36-ആമത്തെ വയസ്സില്‍ മശ്‌രിഖി ഒരു പുസ്തകം രചിച്ചു, 'തദ്കിറ'. ഖുര്‍ആനിന്റെ ശാസ്ത്രീയതകളായിരുന്നു പ്രതിപാദ്യ വിഷയം. നോബല്‍ നോമിനേഷന്‍ ലഭിച്ച ആ പുസ്തകത്തിന്റെ യുറോപ്യന്‍ ഭാഷയിലേക്കുള്ള പരിഭാഷയ്ക്ക് വേണ്ടി ചിലര്‍ അദ്ദേഹത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നെങ്കിലും അവസാനം അദ്ദേഹം ജോലി രാജിവെക്കുകയും 'കഖ്‌സാര്‍തഹ്‌രീക്' എന്ന സംഘടന രൂപീകരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. 1943 ജൂലായ് 20 ന് മുഹമ്മദലി ജിന്നക്കെതിരെ നടന്ന ഒരു വധശ്രമത്തില്‍ കഖ്‌സാറിന്റെ പങ്ക് സംശയിക്കപ്പെട്ടു. എന്നാല്‍ ഇനായതുല്ലാഹ് ഖാന്‍ മശ്‌രിഖി അത് നിഷേധിച്ചു. 1943 നവംബറില്‍ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ജിന്നയുടെ എതിരാളിയായിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തരം ഇനായതുള്ളാഹ് ഖാന്‍ പാക്കിസ്താനിലേക്ക് മാറി. 

പാക്കിസ്താനില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും അദ്ദേഹം ജയിലിലടക്കപ്പെട്ടു. 1958 ല്‍ റിപബ്ലിക്കന്‍ നേതാവ് ഖാന്‍ അബുല്‍ ജബ്ബാര്‍ ഖാന്റെ കൊലപാതകത്തില്‍ ഇനായതുല്ലാഹ്ഖാനു പങ്കുണ്ടെന്ന സംശയം കോളിളക്കം സൃഷ്ടിച്ചു. 1962 ല്‍ ജനറല്‍ അയ്യൂബിന്റെ നേതൃത്വത്തിലുള്ള പാക്കിസ്താന്‍ ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരിലും ഇദ്ദേഹം സംശയിക്കപ്പെട്ടു. എന്നാല്‍ ഈ കേസുകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല, എന്നു മാത്രമല്ല എല്ലാത്തില്‍ നിന്നും അദ്ദേഹം മുക്തി നേടുകയും ചെയ്തു.

കാന്‍സര്‍ ബാധിതനായിരുന്നു ഇനായതുല്ലാഹ് ഖാന്‍ മശ്‌രിഖി.  1963 ഓഗസ്റ്റ് 27 ന് ലാഹോറിലെ മാവോ ഹോസ്പിറ്റലില്‍ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. തന്റെ താമസ സ്ഥലമായ ഇക്രയില്‍ അദ്ദേഹം മറവു ചെയ്യപ്പെട്ടു.


 

Feedback