Skip to main content

ഡോ: സാകിര്‍ ഹുസൈന്‍

സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാട്ടത്തിന്റെ കനല്‍ വീഥികളിലൂടെ നടന്നാണ് ഇന്ത്യക്ക് സ്വാത്രന്ത്യം നേടിയതെങ്കില്‍ ഇന്ത്യന്‍ ജനതയില്‍ ധിഷണാ വൈഭവം നല്‍കിയാണ് സാകിര്‍ ഹുസൈന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായത്.  ജാമിഅ മില്ലിയ്യയുടെ സഹ സ്ഥാപകനും വൈസ് ചാന്‍സിലറുമായിരുന്നു അദ്ദേഹം.  സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം നല്‍കിയ സംഭാവനകളും ഏറെയാണ്.  1962 മുതല്‍ 1967 വരെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന സാകിര്‍ ഹുസൈന്‍ ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിമും ആ സ്ഥാനത്തിരുന്നു മരണപ്പെടുന്ന ആദ്യ വ്യക്തിയുമാണ്.  രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് 1963ല്‍ ഭാരത രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1897ഫെബ്രുവരി എട്ടിന്, ഹൈദരാബാദില്‍ അഫ്രീദി ഗോത്രത്തില്‍ പെട്ട പസൂന്‍ കുടുംബത്തിലാണ് സാകിര്‍ ഹുസൈന്‍ ജനിക്കുന്നത്.  സാകിര്‍ ഹുസൈന്റെ ജനനത്തിനു ശേഷം അവരുടെ കുടുംബം ഹൈദരാബാദിലേക്ക് കുടിയേറി.  ഏഴ് മക്കളില്‍ രണ്ടാമത്തേയാളായിരുന്നു സാകിര്‍ ഹുസൈന്‍. കുടുംബം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഏറെ ഉയര്‍ന്നവരും സ്വാധീനമുള്ളവരുമായിരുന്നു. ഡോ: സാകിര്‍ ഹുസൈന്റെ പേരമകനാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വിദേശ കാര്യമന്ത്രിയുമായിരുന്ന 'സല്‍മാന്‍ ഖുര്‍ഷിദ്'.

സാക്കിറിന് പത്തു വയസുള്ളപ്പോള്‍ പിതാവിനെയും 14 വയസുള്ളപ്പോള്‍ മാതാവിനെയും നഷ്ടമായി.  ഹൈദരാബാദില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അലിഗഢില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്.  നിരന്തര പഠനം തുടര്‍ന്ന ഇദ്ദേഹം 1926ല്‍ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി.

സംഘടനാ പ്രവര്‍ത്തനവും നേതൃപാടവവും അദ്ദേഹം പുറത്തെടുക്കുന്നത് തന്റെ 23-ാം വയസിലാണ്.  ഒരു കൂട്ടം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുമിച്ചു കൂട്ടി സാക്കിര്‍ തുടക്കമിട്ടതാണ് നാഷണല്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി.  1920 ഒക്ടോബര്‍ 29 നായിരുന്നു ഇത്.  ഇതാണ് പിന്നീട് കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ആയി മാറിയത്.

ജര്‍മനിയിലെ ഗവേഷണ പഠനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഗാന്ധിജിയുടെയും ഹാകിം അജ്മല്‍ ഖാന്റെയും കൂടെ സജീവമായി നിലകൊണ്ടു.  സ്വാതന്ത്ര്യ സമര സേനാനിയായിരിക്കെ ത്തന്നെ തന്റെ ഇഷ്ടമേഖലയായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ശക്തമായി മുഴുകി. തന്റെ കാലത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന സാകിര്‍ ഹുസൈന്‍, വിദ്യാഭ്യാസ പുരോഗതി ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടിയും ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയുടെ ഉയര്‍ച്ചക്ക് വേണ്ടിയും സ്വാതന്ത്ര്യ പൂര്‍വകാലത്ത് ചെയ്ത ത്യാഗങ്ങള്‍ ഏറെ ശ്ലാഘനീയമായിരുന്നു.  തന്റെ രാഷ്ട്രീയ എതിരാളിയാരുന്ന മുഹമ്മദലി ജിന്ന പോലും ഇതിന്റെ പേരില്‍ അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തരം അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ആയി. 1957-1962 കാലഘട്ടത്തില്‍ ബീഹാര്‍ ഗവര്‍ണറും 1962 മുതല്‍ 1967 വരെ ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചു. 1967 മെയ് 13ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ: സാകിര്‍ ഹുസൈന്‍ 1969 മെയ് 3ന് മരണപ്പെടുന്നത് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.  തന്റെ ഇഷ്ടസ്ഥാപനമായ ജാമിഅഃ മില്ലിയ്യയുടെ അങ്കണത്തില്‍ തന്നെ അദ്ദേഹം മറവു ചെയ്യപ്പെട്ടു.

Feedback