Skip to main content

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കും പരിധിവിട്ട ആക്രമണങ്ങള്‍ക്കും അപ്പുറത്ത് നിയന്ത്രിതമായൊരു സമരമായി മലബാര്‍ സമരത്തെയും സമരഭടന്‍മാരെയും തിരിച്ചുവിട്ട വിപ്ലവനായകനാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ചെറുപ്പത്തിലേ തടങ്കല്‍ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നതിന്റെ ചൂടുള്ള അനുഭവങ്ങള്‍ ഉരുക്കിപ്പണിത ചുണയുള്ള നേതൃത്വം വന്നതോടെയാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ക്ക് വ്യവസ്ഥാപിത പോരാട്ടമുറകള്‍ രൂപീകരിക്കപ്പെട്ടത്. 

''

അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട് മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ സമരത്തില്‍ വര്‍ഗീയത കണ്ടവര്‍ പോലും വാരിയംകുന്നത്തിനെ വര്‍ഗീയവാദിയാക്കാന്‍ ധൈര്യപ്പെടാതിരുന്നത് സമരത്തിലും അദ്ദേഹം നിഷ്‌കര്‍ഷിച്ച മതമൈത്രി കൊണ്ടുതന്നെയാണ്. വാരിയംകുന്നത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടികുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. 1894ലെമണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തതിനാല്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരില്‍ ഹാജിയുടെ ഉപ്പയും ബന്ധുവായ പുന്നക്കാടന്‍ ചേക്കു ഹാജിയും ഉള്‍പ്പെട്ടിരുന്നു. വള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പഠനശേഷം ആലി മുസ്‌ലിയാരുടെ പിതൃസഹോദരന്‍ എരിക്കുന്നന്‍ മമ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് മതപഠനവും നടത്തി. 

മണ്ണാര്‍ക്കാട് ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വംനല്കണമെന്നാവശ്യപ്പെട്ട് അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത് വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതംഅദ്ദേഹത്തെ ഒരു പണ്ഡിതനാക്കി മാറ്റി. മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ മടങ്ങിയെത്തി മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്. കുറച്ചു കാലം മരക്കച്ചവടം നടത്തി. അക്കാലത്ത് അദ്ദേഹത്തിന് അനേകം പോത്തുവണ്ടികളുണ്ടായിരുന്നു. 

ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ കുഞ്ഞഹമ്മദ് ഹാജി സജീവ പ്രവര്‍ത്തകനായി. തുവ്വൂരിലെ ഖിലാഫത്ത് കമ്മിറ്റിയുമായിബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് കമ്മിറ്റിയില്‍ അംഗത്വം നല്കിയത് എം പി നാരായണ മേനോനായിരുന്നു. 1921 ആഗസ്തില്‍തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടര്‍ന്നാണ് ഹാജി കുടുതല്‍ കര്‍മശക്തിയാര്‍ജിച്ച് രംഗത്തുവന്നത്. ആനക്കയത്തു നിന്ന് ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത് പോരാളികളോടൊപ്പം അദ്ദേഹം ആഗസ്ത് 22ന് പുറപ്പെട്ടു. അക്കൂട്ടത്തില്‍ അഞ്ഞൂറിലധികം ഹിന്ദുക്കളുമുണ്ടായിരുന്നുവെന്ന് സര്‍ദാര്‍ ചന്ത്രോത്ത് തന്റെ അത്മകഥയില്‍ എഴുതുന്നു: ''കുറുതായി മെലിഞ്ഞ് കറുത്ത്, പല്ലുകള്‍ പലതും പോയികവിളൊട്ടി, താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി, തടിച്ച വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി, കരയുന്ന ചെരിപ്പും കൈയില്‍ വാളുമായി നില്‍ക്കുന്ന - ധീരത്വം സ്ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചു എന്നാണ് പറയുന്നത്. കണ്ടാല്‍ അല്പം വിരൂപനെങ്കിലും അയാളുടെ കണ്ണുകള്‍ക്ക് നല്ല കാന്തശക്തിയുണ്ടായിരുന്നു. അയാള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു.''(ദേശാഭിമാനി-1946 ആഗസ്ത് 25, ഉദ്ധരണം: കേരള മുസ്‌ലിം ഡയറക്ടറി).

നിയന്ത്രണങ്ങളില്ലാതെ കൊള്ളയും കൊലയും നടത്തിയിരുന്ന മാപ്പിളമാരെ അച്ചടക്കമുള്ള വരാക്കിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. അദ്ദേഹം നേതൃരംഗത്തെത്തിയതോടെജനംകൂടുതല്‍ അച്ചടക്കമുള്ളവരായി. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മാത്രമല്ല, അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ കാവലാളുമായിരുന്നു കുഞ്ഞമ്മദ് ഹാജി. ആഗസ്ത് 25ന് മഞ്ചേരിയിലെ നമ്പുതിരി ബേങ്ക് കയ്യേറി അതിലുണ്ടായിരുന്ന പണ്ടങ്ങള്‍ അതിന്റെ ഉടമസ്ഥന്മാരെ വരുത്തി തിരിച്ചുകൊടുത്തത് കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യപ്രവര്‍ത്തനമായിരുന്നു.

1921 ആഗസ്ത് 29ന് കുഞ്ഞഹമ്മദ്ഹാജിയും സംഘവും റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തി. 1894ലും 1897ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത് ഇന്‍സ്‌പെക്ടറായിരുന്ന  ചേക്കുട്ടി വാരിയംകുന്നത്തിന്റെ കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ചിരുന്നു. വാരിയംകുന്നത്ത് സ്ഥാപിച്ച കോടതി മൂന്നു പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം. ഹാജി നിര്‍ദേശിച്ചതനുസരിച്ച് സമര ഭടന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി, അവരുടെ ദിനസരിക്കുറിപ്പുകള്‍ തയ്യാറാക്കി. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് കണ്ടെടുത്ത സിഗ്‌നല്‍ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ് രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്ടര്‍,ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാര്‍ത്താ വിനിമയ രീതിയും പകര്‍ത്തിയിരുന്നു.

വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തില്‍ബ്രിട്ടീഷുകാര്‍ ക്രൂരമര്‍ദ്ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്. 400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖാ ക്യാമ്പ് ഒരു രാത്രികൊണ്ട് ആക്രമിച്ച് 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാര്‍ മാപ്പിളവീടുകള്‍ കയ്യേറി ബയണറ്റുകൊണ്ട് പുരുഷന്മാരെ കുത്തിക്കൊന്നു. സ്ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്‌ല്യാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകള്‍ കൈബോംബെറിഞ്ഞ് ചുട്ടെരിച്ചു.

പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ് ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന് പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന് ഗൂഡല്ലൂര്‍ പോലീസ് ട്രെയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി. ഇതിനിടെ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന് കീഴടങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ രാമനാഥഅയ്യരും സുബൈദാര്‍ കൃഷ്ണപ്പണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാല മേനോനും അദ്ദേഹത്തിന് സുരക്ഷിതത്വം വാഗ്ദാനം ചെയ്തു. മക്കയിലേക്ക് നാടുകടത്താനാണ് തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്കില്ലെന്നും അവര്‍ മുഖേന ഉറപ്പും നല്കിയിരുന്നു. എന്നാല്‍, അതൊരു കൊടും ചതിയായിരുന്നു.

1922 ജനുവരി ആറിന് ഹാജിയും 20 അനുയായികളും മുന്‍ നിശ്ചിയപ്രകാരം ബ്രിട്ടീഷ് താവളത്തിലെത്തി. ആയുധം വെച്ച് ഹസ്തദാനത്തിനായി കൈ നീട്ടിയതോടെ അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിലങ്ങുവെച്ചു. കല്ലാമൂലയില്‍ വെച്ചായിരുന്നു ഈ സംഭവം. ഹാജിക്ക് മാര്‍ഷല്‍ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20ന് രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്തമിച്ചു.

ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വെള്ളപ്പട്ടാളത്തിന്റെ ഔദാര്യങ്ങള്‍പറ്റി അവര്‍ക്ക് പുറംചൊറിഞ്ഞവര്‍ ആരായിരുന്നോ, അവരായിരുന്നു വാരിയംകുന്നത്തിന്റെ ശത്രുക്കള്‍. കോന്തുനായരും കൊണ്ടോട്ടി തങ്ങളും വാരിയംകുന്നത്തിന് സമമായിരുന്നു. 

കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യഭാര്യ കടലൂരന്‍ ഉണ്ണിമമ്മദ് സിപായിയുടെ മകള്‍ ഉമ്മാക്കിയായിരുന്നു. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും ഇവരില്‍ ജനിച്ചു. അദ്ദേഹം മക്കയില്‍ താമസിക്കുമ്പോള്‍ അവിടെ താമസിച്ച മലയാളി കുടുംബത്തില്‍ നിന്ന് സൈനബ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു പുത്രനുണ്ട്. 1920ല്‍ അദ്ദേഹം മാതുലനായ പാവറട്ടി കോയാമു ഹാജിയുടെ പുത്രി മാളു ഹജ്ജുമ്മയെയും വിവാഹം ചെയ്തു. 

Feedback