Skip to main content

ഖാദി ഹുസൈന്‍ അഹ്മദ്

പാകിസ്താനിലെ ഇസ്‌ലാമിക പണ്ഡിതന്‍, സ്വാതന്ത്ര്യ സമര സേനാനി, ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍, വലതുപക്ഷ ചിന്താഗതിയുള്ള പാകിസ്താനിലെ രാഷ്ട്രീയ നേതാവ്. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ഭീകരവിരുദ്ധ നയങ്ങളെ തുറന്നെതിര്‍ത്തു.

പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍വയിലെ നൗഷറെ ജില്ലയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ സിയാറത്ത് കാക്കാ സാഹിബ് എന്ന സ്ഥലത്ത് 1938ല്‍ മൗലാനാ ഖാസി മുഹമ്മദ് അബ്ദുര്‍റബ്ബ് തുടങ്ങിയവരുടെ പ്രഗത്ഭ പണ്ഡിത കുടുംബത്തില്‍ ജനനം. ഹസ്രത്ത് കാക്ക സാഹിബിന്റെ ഗുരുനാഥനായിരുന്ന സല്‍ജൂക്കി ശൈഖ് അഖുന്‍തിന്‍ ബാബയുടെ പിന്‍ഗാമിയാണിദ്ദേഹം. ഖുഷാല്‍ഖാന്‍ ഖട്ടക്കിന്റെ സമകാലികനാണ് അകുന്‍തിന്‍ ബാബ. ഖുഷാല്‍ഖാന്‍ ഖട്ടക്ക് ഖൈബര്‍ പക്തൂണ്‍വയിലെ ജമാഅത്തെ ഉലമാ ഹിന്ദില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ഖാദി അവിടത്തെ പ്രധാന ശിഷ്യനായിരുന്നു.

വീട്ടില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. പെഷവാറിലെ ഇസ്‌ലാമിയ കോളജില്‍ ഉന്നത വിദ്യാഭ്യാസം. പെഷവാര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ എം എസ്‌സി. സ്വാതിലെ സെയ്ദ് മെഡിക്കല്‍ കോളജില്‍ ലക്ചററായി മൂന്ന് വര്‍ഷം ജോലി നോക്കി. യൂണിവേഴ്‌സിറ്റിയിലെ അധ്യാപക വൃത്തി ഉപേക്ഷിച്ച ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചു. ഖൈബര്‍ പക്തൂണ്‍വയിലെ ജീവിതകാലത്താണ് അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയവുമായി ഖാദി ബന്ധം പുലര്‍ത്തിയിരുന്നത്.

പ്രാദേശിക ഭാഷയായ പാസ്‌തോകൂടാതെ ഉറുദു, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, അറബിക് തുടങ്ങിയ ഭാഷകളിലും ഖാസി പ്രാവീണ്യം നേടിയിരുന്നു. 

1978ല്‍ പാക് ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറി ജനറലായി. 1987ല്‍ ചീഫ് അമീറായി. 1986ല്‍ ഖാസി ഹുസൈന്‍ പാകിസ്താന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താനിലെ 'പസ്ബന്‍' സംഘടനയുടെ രക്ഷാധികാരിയും ശബാബ് ഇ മില്ലിയുടെ സ്ഥാപകനുമായിരുന്നു. 1992ല്‍ പാക് സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അഴിമതിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പദവി രാജിവെച്ചു. 2002ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍  മുത്തഹിദെ മജ്‌ലിസ് ഇ അമലിന്റെ പ്രതിപക്ഷനേതാവായിരുന്നു ഖാദി. 

കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു ഖാദി ഹുസൈന്‍ അഹ്മ്മദ്. പാക് സര്‍ക്കാറിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് 1996 ജൂലൈ 20ന് ആഹ്വാനം ചെയ്തത് രാജ്യത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു. ജൂലൈ 27ന് സെനറ്റില്‍ നിന്ന് രാജിവെക്കുകയും ബേനസീര്‍ ബൂട്ടോയുടെ ഭരണത്തിനെതിരെ ലോംഗ്  മാര്‍ച്ചിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Feedback