Skip to main content

റാഫി അഹ്മദ് ക്വിദ്‌വായ്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായിരുന്നു സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന റാഫി അഹ്മദ് ക്വിദ്‌വായ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ശരീരം കൊണ്ട് പ്രവര്‍ത്തിച്ചതു പോലെത്തന്നെ ബുദ്ധി കൊണ്ടും അറിവ് കൊണ്ടും പോരാടിയ മഹാവ്യക്തിത്വമാണ് റാഫിഅഹ്മദ് കിദ്‌വായ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഒന്നാം മന്ത്രിസഭയില്‍ ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താ-വിനിമയ മന്ത്രി എന്ന സ്ഥാനം. മൗലാനാ അബുല്‍കലാം ആസാദും ആ മന്ത്രിസഭയിലെ അംഗമായിരുന്നു.

ഉത്തര്‍പ്രദേശിലെ 'ബിരാബംകി' ജില്ലയിലെ 'മസോലി' എന്ന ഗ്രാമത്തില്‍ ഇംതിയാസ് അലിയുടെയും റാഷിദുന്നിസയുടെയും മൂത്തമകനായി 1894 ഫെബ്രുവരി 18 നാണ് റാഫി അഹ്മദ് ജനിക്കുന്നത്. പിതാവ് ഇംതിയാസ് അലി. നാട്ടിലെ വലിയ ഭൂവുടമയും ജനങ്ങള്‍ക്കിടയില്‍ ഉന്നത സ്ഥാനമുള്ള വ്യക്തിയുമായിരുന്നു. എന്നാല്‍ റാഫി അഹ്മദിന്റെ ചെറുപ്രായത്തില്‍ തന്നെ മാതാവ് അദ്ദേഹത്തെ വിട്ടു പിരിഞ്ഞു.

ക്വിദ്‌വായി പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് ഹോം ട്യൂഷനില്‍ നിന്നും അടുത്തുള്ള വിദ്യാലയത്തില്‍ നിന്നുമാണ്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം അലിഗഡില്‍ ചേരുകയും ബി. എ ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. ശേഷം L.L.Bക്കുചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആ സമയത്താണ് നിസ്സഹകരണ പ്രസ്ഥാനം അതിന്റെ കര്‍മപദ്ധതികളുമായി മുന്നോട്ടു വരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വിദ്‌വായിയെ അതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മോചിതനായതിനുശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ ഇന്ത്യന്‍ ജനതക്ക് വേണ്ടിയായിരുന്നു. അതിനായി വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ഒരു മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. 1937ല്‍ റാഫിഅഹ്മദ് ക്വിദ്‌വായ് ആഗ്ര, ഔധ് എന്നീ സ്വതന്ത്ര ഭരണ പ്രദേശങ്ങളിലൂടെ റവന്യൂ- ജയില്‍ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യു. പി യിലെ റവന്യൂ വിഭാഗത്തെ കൈകാര്യം ചെയ്ത റാഫി അഹ്മദ് 1946ല്‍ യു. പിയിലെ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം പ്രഥമ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ റാഫി അഹ്മദ്  1952ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കൃഷി-ഭക്ഷ്യകാര്യ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. 1954 ഒക്ടോബര്‍ 24ന് മന്ത്രിയായിരിക്കെത്തന്നെ ക്വിദ്‌വായ് മരണപ്പെട്ടു.  മരിക്കുമ്പോള്‍ 60 വയസ്സായിരുന്നു.

അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ ഒരു വലിയ തെരുവിന് ക്വിദ്‌വായിയുടെ പേര്‍ നല്‍കി. ലക്‌നോവിലെ ഇന്ദിരാ നഗറില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു. വിവിധ കോളേജുകളും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പേര്‍ അഭിമാനമായി സ്വീകരിക്കുകയും ചെയ്തു.

Feedback