Skip to main content

മൗലാനാ ഹുസൈന്‍ അഹ്മദ് മദനി

മത-രാഷ്ട്രീയ മേഖലകളില്‍ അനന്യസാധാരണമായ പ്രതിഭാവിലാസം കൈവരിച്ച ഭാരതത്തിന്റെ എക്കാലത്തെയും ധീരനായ പോരാളിയായിരുന്നു മൗലാനാ ഹുസൈന്‍ അഹ്മദ് മദനി. മത-രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മൗലാന സ്വാതന്ത്ര്യ സമര പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. നിരവധി തവണ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ജംഇയ്യതുല്‍ ഉലമാ എ ഹിന്ദിന്റെയും നാഷനല്‍ കോണ്‍ഗ്രസ്സിന്റെയും പല യോഗങ്ങളിലും അധ്യക്ഷത വഹിച്ച മൗലാന 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി. മതരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 1953ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് പരമോന്നത ബഹുമതി നല്‍കി ആദരിക്കുവാന്‍ ശ്രമിച്ചെങ്കിലും അത് ഇസ്‌ലാമിക രീതിക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞുകൊണ്ട് നിരസിക്കുകയാണുണ്ടായത്.

1296 ശവ്വാല്‍ 19ന് /ക്രി. 1879 ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു. പിതാവ് ഹബീബുല്ല.

പ്രാഥമിക വിദ്യാഭ്യാസാനന്തരം 1892 (ഹി 1309)ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ ഹുസൈന്‍ അഹ്മദിനെ പിതാവ് ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേര്‍ത്തി. ഹി. 1316/1899 ദാറുല്‍ ഉലൂമിലെ പഠനം പൂര്‍ത്തിയാക്കി. മകന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ മദീന യാത്രയ്ക്ക് പിതാവ് ഒരുങ്ങി. അദ്ദേഹവും പിതാവിനെ അനുഗമിച്ചു. 

1899ല്‍ പിതാവൊന്നിച്ച് മദീനയില്‍ താമസമാക്കി. ഇക്കാലഘട്ടത്തില്‍ അവിടെ അധ്യാപനം സ്വീകരിച്ചുവെങ്കിലും ശമ്പളം സ്വീകരിച്ചുള്ള ജോലിയില്‍ തുടരുന്നത് ഇഷ്ടമില്ലാതിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സൗജന്യ വിദ്യാപ്രചാരണത്തിനു രംഗത്തിറങ്ങി. ശമ്പളം പറ്റാതെയുള്ള ഈ സേവന കാലത്ത് അദ്ദേഹവും കുടുംബവും വളരെയധികം ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. വീടുപകരണങ്ങള്‍ വിറ്റും അപൂര്‍വ ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതി വിറ്റും മറ്റുമായിരുന്നു അദ്ദേഹം ഉപജീവനത്തിന് വഴി കണ്ടെത്തിയത്. ദിനേന പന്ത്രണ്ട് മണിക്കൂറിലധികം സേവനനിരതനായിരുന്നു അദ്ദേഹം. സേവനകേന്ദ്രം മസ്ജിദുന്നബവിയിലേക്ക് മാറ്റി. ഹദീസ് ക്ലാസുകള്‍ ആരംഭിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഹദീസ് പഠിതാക്കളായിരുന്നു ശിഷ്യന്മാര്‍. ശൈഖുല്‍ഹറം എന്നായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. 

ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ പട്ടുറുമ്മാല്‍ പ്രസ്ഥാനമെന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചിരുന്ന മുഅ്മറുല്‍ അന്‍സ്വാര്‍ എന്ന സംഘടനയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്. മൗലാന മദനി രണ്ടുകൊല്ലം ഇന്ത്യയില്‍ താമസിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും മറ്റും സജീവ പങ്കാളിത്തം വഹിച്ചശേഷം വീണ്ടും മദീന ശരീഫിലേക്കു തിരിച്ചുപോയി തന്റെ കൃത്യനിര്‍വ്വഹത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

ഈ ഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതും തുര്‍ക്കിയുടേയും ജര്‍മ്മനിയുടേയും പരാജയം സംഭവിക്കുന്നതും. ബ്രിട്ടീഷ് സഹയാത്രികനായ ശരീഫ് ഹുസൈന്‍ ശൈഖുല്‍ ഹിന്ദിനേയും ഹുസൈന്‍ അഹ്മദ് മദനിയെയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റിനു കൈമാറി. ഇന്ത്യക്കെതിരായി തുര്‍ക്കി യുദ്ധമന്ത്രിയായ അന്‍വര്‍ പാഷയോടും ഹിജാസിലെ കമാന്ററായ ജമാല്‍പാഷയോടും സൈനിക സഹായം തേടിയെന്നതായിരുന്നു അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. തുടര്‍ന്നു ഈജിപ്തില്‍ വെച്ച് അവരെ വിചാരണ നടത്തുകയും നാലു വര്‍ഷത്തെ ജയില്‍ വാസത്തിനായി മാള്‍ട്ട തടവറയിലേക്കു അയക്കുകയും ചെയ്തു. മൂന്നു വര്‍ഷവും രണ്ടുമാസവും തടവറയില്‍ കഴിഞ്ഞു. ഇതിന്നിടയില്‍ കൂട്ടുകാരനായ ഹകീനസ്‌റത് ഹുസൈന്‍ മാള്‍ട്ട തടവറയില്‍ വെച്ച് മരിച്ചു. ത്യാഗപൂര്‍ണ്ണമായിരുന്നു ജയില്‍ ജീവിതം. ക്രൂരമായ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. ഗുരുവിനെ പരിചരിച്ചും വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയും സഹതടവുകാര്‍ക്ക് ഉദ്‌ബോധനം നടത്തിയും അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. 

1920ല്‍ അവര്‍ ജയില്‍ മോചിതരായി ഇന്ത്യയിലേക്ക് മടങ്ങി. ഖിലാഫത് പ്രസ്ഥാനം ജനഹൃദയങ്ങളില്‍ വേരുറക്കാനും നവചൈതന്യം സൃഷ്ടിക്കുവാനും മഹാന്മാരായ ഇരുപണ്ഡിതന്മാരുടേയും സാന്നിധ്യം വളരെ സഹായകരമായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞതോട് കൂടി ശൈഖുല്‍ഹിന്ദ് മൗലാന മഹ്മൂദുല്‍ ഹസന്‍ നിര്യാതനായി.

1932ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗം വഹിക്കുന്നതും സൈനിക സേവനം നടത്തുന്നതും ഹറാമാണെന്ന് പറഞ്ഞ് അദ്ദേഹം ഫത്‌വ ഇറക്കി. മൗലാന മുഹമ്മദലിയും ഇതിനെ ശക്തമായി പിന്താങ്ങി. ഇതിനെ തുടര്‍ന്ന് മൗലാന അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയുമുണ്ടായി. ചരിത്രത്തില്‍ 'കറാച്ചി വിചാരണ' എന്നറിയപ്പെടുന്നത് ഇതാണ്. 1942 ജൂണ്‍ 25നു വീണ്ടും മൗലാന ജയിലിലടക്കപ്പെട്ടു. മൂന്ന് കൊല്ലത്തോളം മുറാദാബാദ് ജയിലില്‍ കഴിയേണ്ടിവന്ന മൗലാനായെ വിട്ടയക്കാന്‍ ഭരണകൂടം തയ്യാറായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 26-ാം വകുപ്പ് പ്രകാരം മദനി സാഹിബിനെ നൈനി ജയിലും കരുതല്‍ തടങ്കല്‍ നിയമപ്രകാരം പാര്‍പ്പിക്കുകയുണ്ടായി. 

ഇന്ത്യയില്‍ തിരിച്ചെത്തിയ മൗലാന അധ്യാപന വൃത്തിയിലേക്ക് തന്നെ തിരിച്ചുപോയി. അംറോഹയില്‍ ഒരു പാഠശാലയില്‍ അധ്യാപകവൃത്തി ആരംഭിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം തന്റെ ഗുരു മഹ്ദിദുല്‍ ഹസന്റെ നിര്‍ദേശാനുസരണം മൗലാന അബുല്‍ കലാം ആസാദ് കല്‍ക്കത്തയില്‍ സ്ഥാപിച്ച ഒരു മദ്‌റസയില്‍ ഹദീസ് വിഭാഗം മേധാവിയായി ചാര്‍ജെടുത്തു. അല്‍പകാലത്തിന് ശേഷം അസമിന്റെ തലസ്ഥാനത്ത് സ്ഥാപിതമായ ഒരു സര്‍വകലാശാലയിലേക്ക് മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പ്രബോധനവും വടക്കന്‍ മേഖലയായ അസം, ബംഗാള്‍ പ്രദേശങ്ങളില്‍ നവചൈതന്യം സൃഷ്ടിച്ചു.

പിന്നീട് ദാറുല്‍ ഉലൂമില്‍ തന്നെ തിരിച്ചെത്തി ഹദീസ് പഠന വകുപ്പിന്റെ മേധാവിസ്ഥാനം ഏറ്റെടുത്തു. 1957ല്‍ മരണമടയുന്നതുവരെ മൗലാന ഈ പദവിയില്‍ തുടര്‍ന്നു. 

ലോക  പ്രശസ്തരായ മൗലാന അബുല്‍ ഹസന്‍ അലി നദ്‌വി, മുഫ്തി അതീഖുര്‍റഹ്മാന്‍, മൗലാന മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, മൗലാന സിബ്ഗതുല്ലാഹിന്‍ ബഖ്തിയാരി, മൗലാന ഖാരിത്വയ്യിബ് സാഹിബ്, കേരളീയ മുഹദ്ദിസ് മൗലാന ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയവര്‍ മൗലാനയുടെ ശിഷ്യന്മാരില്‍ ചിലരാണ്.

1377 ജുമാദല്‍ ഊലാ 13 ഹുസൈന്‍ അഹ്മദ് മദനി നിര്യാതനായി.

അദ്ദേഹത്തിന്റെ സഫര്‍നാമെ മാള്‍ട്ട, 'മാള്‍ട്ട തടവറയില്‍' എന്ന പേരില്‍ ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മൊഴിമാറ്റം നടത്തി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Feedback