Skip to main content

കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദ്

പൂക്കോട്ടൂര്‍ യുദ്ധത്തിലെ നേതാവും രക്ത സാക്ഷിയും. ഇതിനേക്കാള്‍ യോജിച്ചൊരു വിശേഷണം കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദിന് നല്‍കാനില്ല.  സദാ കര്‍മ നിരതന്‍, സര്‍വ സന്നദ്ധനായ പോരാളി, ബുദ്ധിയും ധൈര്യവും ഒത്തു ചേര്‍ന്ന നായകന്‍.  കുതന്ത്രങ്ങളെ തന്ത്രം കൊണ്ട് മറികടന്ന ബുദ്ധി വൈഭവം. ഒരു പാട് വിശേഷണങ്ങളുണ്ട് കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദ് എന്ന സ്വതന്ത്ര്യസമരസേനാനിക്ക്.

നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിന്റെ കാര്യസ്ഥനായിരുന്ന കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദ്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധതയും രാഷ്ട്രീയ പ്രബുദ്ധതയും ഏറെ ആകര്‍ഷിച്ചതോടെ കുടിയാന്മാരെ ഏകോപിപ്പിച്ച് കുടിയാന്‍ സംഘം ഉണ്ടാക്കാനും മുന്നില്‍ നിന്നു. ഖിലാഫത്ത് കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍  അതിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കുടിയാന്‍ സംഘത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തി ന്റെയും നേതാവായി മാറിയ മുഹമ്മദിനെ, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രീതി നില നിര്‍ത്തുന്നതിനായി കോവിലകത്തെ തമ്പുരാന്‍ പിരിച്ചു വിട്ടു.  ഇതോടു കൂടി കുടിയാന്‍ സംഘവും ഖിലാഫത്ത് പ്രസ്ഥാനവും തമ്പുരാന് എതിരായി.

മുഹമ്മദിനെ എങ്ങനെയെങ്കിലും ജയിലിലടക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്.  1921 ജൂലൈ 28ന് നിലമ്പൂര്‍ കോവിലകത്തിന്റെ പത്തായപ്പുര കള്ളത്താക്കോലിട്ട് തുറക്കുകയും ഒരു തോക്കും 130 രൂപയും കുറേ ആധാരങ്ങളും മോഷ്ടിച്ച കുറ്റം മുഹമ്മദിന്റെ പേരില്‍ ചാര്‍ത്താന്‍ ശ്രമം നടക്കുകയുമുണ്ടായി.  എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.  ഇത് പരാജയപ്പെട്ടതോടു കൂടി ചില അധികാരികളെയും പോലീസുദ്യോഗസ്ഥരെയും കൂട്ടി പല വിധേന മുഹമ്മദിനെ കുടുക്കാന്‍ ശ്രമിച്ചു.  എന്നാല്‍ അതിനെയെല്ലാം ബുദ്ധിമാനായ ആ പോരാളി തരണം ചെയ്തു.

കളത്തിങ്ങല്‍ മുഹമ്മദിനെതിരെയുള്ള കുതന്ത്രങ്ങള്‍ ശക്തിപ്പെട്ടതോടെ തിരിച്ചടിക്കാന്‍ ഖിലാഫത്ത് പ്രസ്ഥാനക്കാരും തീരുമാനിച്ചു.  മലപ്പുറത്ത് ഒറ്റപ്പെട്ടു കഴിയുകയായിരുന്ന മലപ്പുറം മജിസ്‌ട്രേറ്റ് ടി ഓസ്റ്റിനെയും ഒരു സംഘം ഉദ്യോഗസ്ഥരെ സഹായിക്കാനായി ഫാറൂഖില്‍ നിന്ന് വന്ന സ്‌പെഷ്യല്‍ പോലീസ് സൂപ്രണ്ട് ലെങ്കാസ്റ്ററിന്റെയും ക്യാപ്റ്റന്‍ മെക്കന്റോയുടെയും നേതൃത്വത്തില്‍ നീങ്ങിയ പട്ടാളത്തെ പൂക്കോട്ടൂരിനു സമീപം പതിയിരുന്ന് ഖിലാഫത്തുകാര്‍ ആക്രമിച്ചു.  എന്നാല്‍ പട്ടാളക്കാരുടെ തോക്കുകള്‍ നേരിടാന്‍ കഴിയാതെ വന്ന വിപ്ലവകാരികള്‍ യുദ്ധം നേരിട്ടാക്കി.  സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ലങ്കാസ്റ്ററെ ആരോ വെട്ടി വീഴ്ത്തുകയും വെടിവെക്കുകയും ചെയ്തു.

വെടിയുണ്ടകളെ വീര്യം കൊണ്ട് മറികടന്ന് മാപ്പിളമാര്‍ നടത്തിയ ഈ പോരാട്ടം പൂക്കോട്ടൂര്‍ യുദ്ധം എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.  ഈ പോരാട്ടത്തില്‍ ഒന്‍പത് ബ്രിട്ടീഷുകാരും എട്ട് പോരാളികളും മരിച്ചു.  ചെമ്പ്രശ്ശേരി തങ്ങള്‍, വടക്കെ വീട്ടില്‍ മുഹമ്മദ്, കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യുദ്ധം.  ഇതില്‍ പങ്കെടുത്ത 362 മാപ്പിളമാരില്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയ കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദും രക്തസാക്ഷിയായി.

Feedback